അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Ameobic Meningo encephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തുകയാണ്. രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് നാല് കേസാണ് റിപ്പോർട്ട് ചെയ്തത്. എട്ടുവര്‍ഷത്തിനിടെ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്.
രാജ്യത്ത് അമീബിക് മസ്തിഷ്ക ജ്വരം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പരിശോധിച്ചാൽ രോഗം ബാധിച്ചവരിൽ നൂറുശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത്, നാലോ അഞ്ചോ കുട്ടികൾ മാത്രമായിരിക്കും രോഗത്തെ അതിജീവിച്ചിട്ടുണ്ടാവുക.
വിരളമായി പതിനായിരത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന രോഗമായ അമീബിക് മസ്തിഷ്ക ജ്വരം എന്താണെന്നും അവ മരണകാരിയാകുന്നത് എങ്ങനെയാണെന്നും അറിയാം.
എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?
പലതരം അമീബകൾ രോഗകാരികളാവാമെങ്കിലും നേഗ്ലെറിയ ഫൗലേറി (Naegleria fowleri) എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
യു.എസ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പറയുന്നതനുസരിച്ച് അമീബ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു മുതൽ 18 വരെ ദിവസത്തിനുള്ളിൽ രോഗി മരിക്കും. അഞ്ചുദിവസം കൊണ്ട് രോഗലക്ഷണങ്ങൾ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ബാധിക്കുകയുമാണ് ചെയ്യുന്നത്.
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും പിന്നാലെ നീർക്കെട്ട് വരുകയും ചെയ്യും. ഇത് ഗുരുതരമാവുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.
ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബയെ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. കുളിക്കുമ്പോൾ വെള്ളം കുടിച്ചതുകൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല.
സാധാരണ ഇത്തരം അമീബകൾ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്. അമീബയുള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം. ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.
അമീബകളെല്ലാം രോഗകാരിയോ?
സാധാരണയായി അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങൾ വയറിളക്കമോ കരളിന് പഴുപ്പോ ഒക്കെയാണ്. അണുബാധയുള്ള ഭക്ഷണം ശരീരത്തിൽ എത്തുക വഴിയാണ് ഈ രോഗങ്ങൾ ബാധിക്കുക. എന്നാൽ, ഇവിടെ തലച്ചോറിലെ നീർക്കെട്ടിനു കാരണമാകുന്ന അമീബ ശരീരത്തിലെത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതിനാൽ കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.
ലക്ഷണങ്ങളും രോഗനിർണയവും
തീവ്ര തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും.
ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോഗനിർണയം നടത്തുകയും ചെയ്യുക.
മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ അമീബയുടെ സാന്നിധ്യം തിരിച്ചറിയാനാവും. അണുബാധ സംശയമുണ്ടായാൽ നട്ടെല്ലില്‍നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. അത് പലപ്പോഴും വൈകുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്താനിടയാകുന്നത്.
ചികിത്സയും വെല്ലുവിളികളും
അണുബാധയേറ്റാൽ മരണസാധ്യത കൂടുതലാണ്. രോഗം സ്ഥിരീകരിച്ചാൽതന്നെ അതിനുതകുന്ന മരുന്ന് നല്‍കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്.
എന്നാൽ, പലപ്പോഴും രോഗനിർണയം വൈകുന്നതും സാധാരണമല്ലാത്ത രോഗമായതിനാൽ കൊടുക്കേണ്ട മരുന്നുകളെക്കുറിച്ച ആശയക്കുഴപ്പവും മരുന്നുകളുടെ ലഭ്യതയില്ലായ്മയുമൊക്കെ അപകടസാധ്യത വർധിപ്പിക്കും. നേഗ്ലെറിയക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരുകൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്.
രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സയും മരുന്നും ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്.
ജാഗ്രത പാലിക്കാം, പ്രതിരോധിക്കാം
● കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, ഇവിടെനിന്ന് മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക
● തല വെള്ളത്തിൽ മുക്കിവെച്ചുകൊണ്ടുള്ള മുഖം കഴുകൽ ഒഴിവാക്കുക
● കുടിക്കുന്ന വെള്ളം തിളപ്പിച്ച ശുദ്ധജലമെന്ന് ഉറപ്പുവരുത്തുക
● പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ഇതുമൂലം അമീബയെ നശിപ്പിക്കാം
● നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാതിരിക്കുക
● മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിങ് എന്നിവക്ക് മുതിരുക
● നസ്യം പോലുള്ള ചികിത്സരീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
● കുട്ടികൾ നീന്തൽക്കുളത്തിൽ ഇറങ്ങുന്നതും വെള്ളത്തിൽ കളിക്കുന്നതും വ്യാപകമായതിനാൽ പ്രത്യേക ശ്രദ്ധ അവരിലുണ്ടാകണം
● രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയുംപെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടുക
● രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.