ചിത്രം: പി.​​​ബി. ബി​​​ജു


പണ്ട് മുതൽതന്നെ മലയാളികളുടെ ജീവിതചര്യകൾ ചിട്ട​പ്പെടുത്തുന്നതിൽ ആയുർവേദത്തിന് വലിയ പങ്കുണ്ട്. വീട്ടുവൈദ്യം, നാട്ടുവൈദ്യം തുടങ്ങി മുൻതലമുറകൾ ശീലിച്ചുവന്ന പ്രാഥമിക ചികിത്സ സമ്പ്രദായങ്ങൾ പലതും ആയുർവേദ തത്ത്വങ്ങളെയും ഔഷധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഋതുക്കളോടനുബന്ധിച്ച് പൂർവികർ പിന്തുടർന്നുവന്ന ഭക്ഷണരീതികൾ പലതും ആരോഗ്യപരിപാലനം ലക്ഷ്യമിട്ടായിരുന്നു എന്നതാണ് സത്യം.

ഇത്തരം ചരിത്ര പശ്ചാത്തലത്തിന്‍റെ കൂടി തുടർച്ചയെന്നോണമാണ് നമ്മൾ മഴക്കാലങ്ങളിൽ ‘കർക്കടക ചകിത്സ’ നടത്തിവരുന്നത്. മലയാള മാസമായ കർക്കടകത്തിൽ നടത്തിവരുന്ന ഈ ചികിത്സാക്രമങ്ങൾക്ക് ആയുർവേദം വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കടുത്ത വേനൽ സമ്മാനിച്ച അത്യുഷ്ണം ഏറ്റുവാങ്ങിയ ശരീരത്തിൽ മ​ഴക്കാലത്ത് ​ചില മാറ്റങ്ങളുണ്ടാവുന്നുണ്ട്. പ്രകൃതിയിലും ഈ മാറ്റം കാണാം.

പൊതുവെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്ന കാലമായാണ് മഴക്കാലത്തെ ആയുർവേദം കാണുന്നത്. അടിസ്ഥാന തത്ത്വങ്ങളായ ത്രിദോഷങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഈ കാലത്താണ്. വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ പ്രകടമാവുന്നതും ഈ കാലത്താണ്.

ഇതിൽതന്നെ വാതദോഷമാണ് മഴക്കാലത്ത് കൂടുതൽ വർധിക്കുന്നത്. ഇതുമൂലം വാതരോഗങ്ങളായ അസ്ഥി സന്ധികളിലെ വേദന, തരിപ്പ്, കഴപ്പ് തുടങ്ങിയ അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നു.

അടുത്ത കാലത്തായി ഡെങ്കിപ്പനി, ചികുൻ ഗുനിയ, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളും മഴക്കാലം തുടങ്ങുന്നതോടെ കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ പകർച്ചവ്യാധികളുടെ കാലം കൂടിയാണിത്. ഇവയെ അതിജീവിക്കാനാണ് തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്‍റെ ദഹനശക്തി വർധിക്കുന്ന തരത്തിലുള്ള ലഘുവായ ഭക്ഷണങ്ങൾ കഴിക്കാനും അതോടൊപ്പം അനുയോജ്യ ഔഷധങ്ങൾ ഉപയോഗിക്കാനും ആയുർവേദം നിർദേശിച്ചുവരുന്നത്.

കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുകയും വേണം. ഇതിന്‍റെ ഭാഗമായാണ് കർക്കടകത്തിൽ വിവിധതരം കഞ്ഞികൾ ഉപയോഗിക്കാൻ പഴയകാലം മുതലേ വൈദ്യന്മാർ ആവശ്യപ്പെട്ടിരുന്നത്.

എന്തുകൊണ്ട് കർക്കടകം

കേരളത്തെ സംബന്ധിച്ചിടത്തോളം തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് മഴക്കാലമായ കർക്കടകത്തിൽ കണ്ടുവരുന്നത്. ഈ കാലാവസ്ഥ ആയുർവേദ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമെന്നാണ് കരുതപ്പെടുന്നത്.

ജീവിതശൈലിമൂലം ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശം ഇല്ലാതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ആയുർവേദ ചികിത്സക്ക് വിധേയമാവുന്നത് വളരെയധികം ഗുണംചെയ്യും. വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്താനും ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഈ ചികിത്സകൊണ്ട് കഴിയും. ഈ കാലത്ത് ഔഷധസസ്യങ്ങളുടെ വീര്യം വർധിക്കുമെന്നും കരുതപ്പെടുന്നു.


കർക്കടക കഞ്ഞികൾ

ചുക്ക്, ജീരകം, ഇഞ്ചി തുടങ്ങിയ ദഹനശക്തി വർധിപ്പിക്കുന്ന ഔഷധങ്ങൾ ​ചേർത്തുവെച്ച കഞ്ഞിയും പഞ്ചകോലം, ദശമൂലം തുടങ്ങിയ ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞിയും ഒരുനേരത്തെ ആഹാരത്തിൽ ഉൾപ്പെടുത്താനാണ് സാധാരണയായി നിർദേശിക്കാറുള്ളത്.

ഞവരയരിയോ ചെന്നെല്ലരിയോ ഉപയോഗിച്ച് ജീരകം, ചുക്ക്, കുരുമുളക്, അയമോദകം, അരിയാറ് (കാർകോകിലരി,​ ചെറുപുന്നയരി, വിഴാലരി, ഏലത്തരി, കൊത്തമ്പാലയരി, കുടകപ്പാലയരി) എന്നിവ ചേർത്തുണ്ടാക്കുന്ന ‘മരുന്നുകഞ്ഞി’ പല വീടുകളിലും കർക്കടക മാസത്തിൽ പതിവായി ഉപയോഗിച്ചുവരുന്നു.

ഇലക്കറികളും ഉപയോഗിക്കാം

വിവിധതരം ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും കർക്കടക മാസത്തിൽ വീടുകളിൽ പിന്തുടർന്നുവന്ന ശീലമായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ‘പത്തിലകൾ’ എന്ന സങ്കൽപം തന്നെ ഉയർന്നുവന്നത്.

തഴുതാമയില, പയറില, ചീര, മുത്തിൾ, മത്തയില, കുമ്പളയില, മണിത്തക്കാളിയില, ചേനയില, വേലിച്ചീര, തകരയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പത്ത് ഇലകളാണ്. പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഈ ഇലകളുടെ കാര്യത്തിൽ കാണുന്നുമുണ്ട്.

കർക്കടകത്തിൽ മാത്രമല്ല, എല്ലാകാലത്തും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിളർച്ച, ശരീരത്തിലെ ധാതുലവണങ്ങളുടെ കുറവ് എന്നിവ പരിഹരിക്കാൻ സഹായകമാവും.

പുളിയാറില, മുത്തങ്ങ, ഇഞ്ചി, മുത്തിൾ എന്നിവ അരച്ച് മോരിൽ ചേർത്തുണ്ടാക്കുന്ന ‘മുക്കുടി’ പ്രയോഗവും ദഹനശക്തിയെ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.


ചികിത്സാ രീതികൾ

ആയുർവേദ സങ്കൽപമനുസരിച്ച് വേനൽക്കാലം ശരീരബലം കുറക്കുന്ന സമയമാണ്. തുടർന്നു വരുന്ന മഴക്കാലം ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുകയും അതോടൊപ്പം അപഥ്യമായ ആഹാരവിഹാരങ്ങളിലൂടെ ശരീരത്തിൽ മാലിന്യം അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

കാലാവസ്ഥയിൽ സംഭവിക്കുന്ന ഈ മാറ്റം ആമാശയത്തിലെ അമ്ലാംശത്തെ (acidity) വർധിപ്പിക്കുന്നതിനാൽ പുളിച്ചുതികട്ടൽ പോലുള്ള ബുദ്ധിമുട്ടുകൾ വർധിക്കുകയും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ സാന്നിധ്യം, തണുത്ത കാലാവസ്ഥ എന്നിവ കഫദോഷം വർധിപ്പിക്കുകയും ചെയ്യുന്നു.

ഇവിടെ ശരീരശുദ്ധി വരുത്താനും ശരീരബലം വീണ്ടെടുക്കാനും പഞ്ചകർമ ചികിത്സകളായ വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധന ചികിത്സകളിലൂടെ സാധ്യമാവുന്നു. ഇ​​തോടൊപ്പം അഭ്യംഗം (ദേഹത്ത് എണ്ണയിടൽ), ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര തുടങ്ങിയ ചികിത്സകളും ചെയ്തുവരുന്നു. ഈ കാലയളവിൽ പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞിയുമാണ് കഴിക്കേണ്ടത്.

ജീവിതശൈലിയിലെ വ്യതിയാനങ്ങൾമൂലം ശരീരത്തിൽ സംഭവിച്ച അസന്തുലിതാവസ്ഥ പരിഹരിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ശരീരത്തിന്‍റെയും മനസ്സിന്‍റെയും പ്രതിരോധശേഷി വർധിപ്പിക്കുകയുമാണ് കർക്കടക ചികിത്സയുടെ ലക്ഷ്യം. ഇതിനായി വിദഗ്ധരും പരിചയസമ്പന്നരുമായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വേണം ചികിത്സകൾ നടത്താൻ.

കൂടാതെ ശാസ്ത്രീയമായി തയാറാക്കുന്ന മരുന്നുകൾ, പഥ്യം, ശാന്തമായ അന്തരീക്ഷം, മാനസിക അനുകൂലാവസ്ഥ എന്നിവയും ആവശ്യമാണ്.


സ്ത്രീരോഗങ്ങൾക്ക് ആയുർവേദ പരിഹാരം

പൊതുവിൽ സ്ത്രീകളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളെ ആയുർവേദം ഗൗരവമായാണ് പരിഗണിക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ആർത്തവ ക്രമക്കേടുകളും ആർത്തവ വിരാമത്തോടനുബന്ധിച്ച ബുദ്ധിമുട്ടുകളും. ഇവ ഇല്ലാതാക്കാൻ ഫലപ്രദമായ ഔഷധങ്ങൾ ലഭ്യമാണ്. അശ്വഗന്ധ, ശതാവരി തുടങ്ങിയ ഔഷധസസ്യങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥമൂലമുള്ള രോഗങ്ങൾക്ക് മികച്ച ചികിത്സയാണ്.

അയമോദകം, ഉലുവ, മുതിര എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവകാലത്തെ​ വേദന കുറക്കാൻ സഹായിക്കും. എള്ളിട്ട് തിളപ്പിച്ച വെള്ളത്തിൽ ശർക്കര ചേർത്ത് കഴിക്കുന്നതും ഗുണംചെയ്യും.

അമ്മമാർക്ക് മുലപ്പാൽ വർധിക്കാൻ ആയുർവേദത്തിൽ ഔഷധങ്ങളുണ്ട്. ഉലുവ, പെരുംജീരകം, വെളുത്തുള്ളി, ജീരകം, എള്ള് എന്നിവ ചേർത്ത ഔഷധങ്ങളും ആഹാരങ്ങളും മുലപ്പാൽ വർധനക്ക് നല്ലതാണ്.

ഗര്‍ഭകാലത്തെ ഛർദിയാണ് സ്ത്രീകളെ അലട്ടുന്ന മറ്റൊരു പ്രശ്നം. ഏതു ഭക്ഷണം കഴിച്ചാലും അത് ഛർദിച്ചുപോവുകയും ശരീരത്തിലെ ജലാംശം കുറഞ്ഞ് ഗര്‍ഭിണി അവശയാവുകയും ചെയ്യുന്ന അവസ്ഥ വന്നാല്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. എന്നാൽ, സാധാരണ അവസ്ഥയിൽ വില്വാദിലേഹ്യം നാവില്‍ പുരട്ടുക, പുതിന നീരും തേനും ചെറുനാരങ്ങ നീരും സമം ചേര്‍ത്ത് കഴിക്കുക. മലരോ പൊരിയോ പഞ്ചാസാര ചേര്‍ത്ത് ചവച്ചരച്ചു കഴിക്കുക തുടങ്ങിയ വീട്ടുവൈദ്യം ഫലപ്രദമാണ്.

ഡോ. മാളവിക





Tags:    
News Summary - Know the benefits of karkkadaka treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.