നിത്യഹരിത നായകൻ പ്രേംനസീർ. മലയാളിക്കൊരിക്കലും മറക്കാനാകാത്ത നാമം. കുട്ടിക്കാലത്തുതന്നെ മാതാവിനെ നഷ്ടപ്പെട്ട നസീർ തനിക്ക് എട്ടാം വയസ്സിൽ പിടിപെട്ട മാരകരോഗത്തിൽനിന്ന് മുക്തി ലഭിച്ചത് നിരവധി അമ്മമാരുടെ മുലപ്പാലിൽ വാറ്റിയെടുത്ത മരുന്നു മൂലമാണെന്ന് പല അഭിമുഖങ്ങളിലും അനുസ്മരിച്ചിട്ടുണ്ട്. അമ്മയില്ലാത്ത കുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ ചിറയിൻകീഴിലെ പാലൂട്ടുന്ന നൂറുകണക്കിന് അമ്മമാർ തയാറായതിനാലാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന ബോധ്യവും നന്ദിയും അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ഓർത്തുപോയത് നസീറിെൻറ കുട്ടിക്കാലത്തെ ആ അനുഭവങ്ങളാണ്. എറണാകുളത്തിന് പുറമെ തൃശൂർ ജൂബിലി മിഷൻ കോളജിലും സമീപഭാവിയിൽ പാൽ ബാങ്ക് പ്രവർത്തനമാരംഭിക്കും. നെക്ടർ ഓഫ് െെലഫ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും റോട്ടറി ക്ലബും സംയുക്തമായാണ് ഇവ സ്ഥാപിക്കുന്നത്.
പിറന്നുവീഴുന്ന മനുഷ്യശിശുവിെൻറ ജീവാമൃതം മുലപ്പാലല്ലാതെ മറ്റൊന്നുമല്ല. സ്വർണദ്രാവകം എന്നറിയപ്പെടുന്ന മുലപ്പാൽ പകരംവെക്കാനാവാത്ത പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പോഷണത്തിന് പുറമെ വളർച്ചയിലും രോഗപ്രതിരോധശേഷി കൈവരിക്കുന്നതിലും ഇതിെൻറ പങ്ക് നിസ്തുലമാണ്. നവജാതശിശുവിന് അമ്മയുടെ പാലാണ് ഉത്തമം. അത് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദാതാവിെൻറ പാൽ സ്വീകരിക്കാനാണ് അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യസംഘടനകൾ നിർദേശിക്കുന്നത്. പൊടിപ്പാൽ മാത്രം കഴിക്കുന്ന, തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് മാരകമായ പല രോഗങ്ങളെയും ചെറുക്കാനാകാതെ മരണം വരെ സംഭവിക്കുന്ന സ്ഥിതിയുണ്ടാകാറുണ്ട്. പല നവജാതശിശുക്കൾക്കും ജനിച്ചയുടൻ അമ്മയുടെ സാമീപ്യം ലഭിക്കാതെ േപാകാറുണ്ട്. മാതാവിെൻറ അസുഖം, മരണം, മരുന്നുകളുടെ ഉപയോഗം, പാലുൽപാദനത്തിലുണ്ടാകുന്ന അപര്യാപ്തത എന്നിവയെല്ലാം കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട ആദ്യഭക്ഷണത്തിൽ വെല്ലുവിളിയുയർത്തുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്തമായ പാൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുലപ്പാൽ ബാങ്കുകൾ ആരംഭിച്ചത്.
വർഷത്തിൽ ഏകദേശം 3600 കുഞ്ഞുങ്ങൾ പിറന്നുവീഴുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുന്നത്. ഇവിടെത്തന്നെയുള്ള അമ്മമാരുടെ പാലാണ് ഇതിനായി ശേഖരിക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനും ആശുപത്രികളുടെ ശൃംഖലയുണ്ടാക്കും. ശേഖരിക്കുന്ന പാൽ ആറുമാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാം. പാസ്ചറൈസേഷൻ യൂനിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പിറ്റൽ േഗ്രഡ് ബ്രെസ്റ്റ് പമ്പ്, റിവേഴ്സ് ഓസ്മോസിസ് പ്ലാൻറ്, അണുമുക്തമാക്കാനുള്ള ഉപകരണങ്ങൾ, കമ്പ്യൂട്ടർ സംവിധാനം എന്നിവയടങ്ങുന്ന മുലപ്പാൽ ബാങ്ക് 47.5 ലക്ഷം രൂപ ചെലവിലാണ് എറണാകുളത്തും തൃശൂരിലുമായി സ്ഥാപിച്ചിരിക്കുന്നത്.
അസുഖബാധിതരായ നവജാതശിശുക്കൾ, മാസം തികയാതെ പിറന്ന തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ, ശസ്ത്രക്രിയക്ക് വിധേയരായവർ, അമ്മമാരുടെ രോഗബാധ, മരണം എന്നിവ മൂലം പാൽ ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങൾ, ഉപേക്ഷിക്കപ്പെട്ടവർ, വാടകഗർഭപാത്രത്തിൽ പിറന്നവർ, ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങൾ, ഒരു പ്രസവത്തിൽ പിറന്ന രണ്ടിലധികം കുട്ടികൾ എന്നിവർക്കാണ് മുലപ്പാൽ ബാങ്കിെൻറ പ്രയോജനം പ്രധാനമായും ലഭ്യമാക്കേണ്ടത്.
പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതി നിലവിലുണ്ടായിരുന്നതിനാലും ജനന നിയന്ത്രണസംവിധാനങ്ങൾ സുലഭമല്ലാതിരുന്നതിനാലും അമ്മയുടെ പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് പാൽക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. േപാറ്റമ്മ പാൽ നൽകി വളർത്തിയ കുട്ടികൾ അക്കാലത്ത് പുതുമയല്ലായിരുന്നു. പാശ്ചാത്യസമൂഹങ്ങളിൽ പരിഷ്കാരങ്ങളാലും വികലമായ സൗന്ദര്യസംരക്ഷണ ചിന്തകൾമൂലവും കുഞ്ഞുങ്ങളെ പാലൂട്ടാൻ തയാറാകാത്ത സമ്പന്നരായ അമ്മമാർ, പാലൂട്ടാൻ മറ്റു യുവതികളെ നിയമിക്കുന്ന (wet nursing) പതിവുണ്ടായിരുന്നു. എന്നാൽ, മോശം ജീവിതസാഹചര്യങ്ങളും വൃത്തിഹീന ചുറ്റുപാടുകളും മുലപ്പാലിെൻറ ഗുണത്തെ ബാധിക്കുകയും കുഞ്ഞുങ്ങൾക്ക് സാംക്രമിക രോഗങ്ങൾ പതിവാകുകയും ചെയ്തു.
ഇത്തരം പ്രതിസന്ധികൾ മറികടക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 1909ൽ ഓസ്ട്രിയയിലെ വിയനയിൽ ആദ്യ മുലപ്പാൽ ബാങ്ക് സ്ഥാപിതമായത്. തുടർന്ന് അമേരിക്കയിലെ ബോസ്റ്റണിൽ പാൽ ബാങ്ക് ആരംഭിക്കുകയും ലോകമെമ്പാടും ഇത്തരം സംവിധാനം വ്യാപകമാകുകയും ചെയ്തു. പാൽ ദാനംചെയ്യാൻ തയാറാകുന്ന അമ്മമാർ രക്തപരിശോധനക്ക് വിധേയരായി എച്ച്.ഐ.വി, ലുക്കീമിയ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പൈറ്ററ്റിസ് സി, സിഫിലിസ് എന്നീ രോഗബാധിതരല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടർന്ന് പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവ കൃത്യമായ നിലവാരത്തിലുള്ള മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് നടത്തുക.
മുലപ്പാലിലെ പോഷകഘടകങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള പൊടിപ്പാൽ (ഇൻഫൻറ് ഫോർമുല) 1960കളിൽ വിപണിയിൽ ലഭ്യമായതോടെ പാൽ ബാങ്കുകളുടെ പ്രവർത്തനം പലയിടത്തും മന്ദഗതിയിലായി. മാത്രമല്ല, മുലപ്പാലിലൂടെ എച്ച്.ഐ.വി പകരുമെന്നു വന്നതോടെ 1980കളിൽ പാൽ സംഭരണശാലകൾ അടച്ചുപൂട്ടലിെൻറ വക്കിലെത്തി. എന്നാൽ, രണ്ടായിരമാണ്ടോടെ നിലവിൽവന്ന കൃത്യതയാർന്ന രോഗനിർണയ മാർഗങ്ങൾ ആരോഗ്യപ്രശ്നങ്ങളില്ലാത്ത പാൽദാതാക്കളെ തിരെഞ്ഞടുക്കാൻ സഹായിച്ചത് ബാങ്കുകളുടെ പ്രവർത്തനം ലോകമെമ്പാടും വിപുലമാകാൻ സഹായിച്ചു. സാമ്പത്തികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കി ലോകത്ത് പലരീതിയിലുള്ള പ്രവർത്തനങ്ങളാണ് സംഭരണശാലകളിൽ നടക്കുന്നത്.
സ്വന്തം കുഞ്ഞിന് വേണ്ടുവോളം നൽകിയശേഷം അധികം വരുന്നത് മറ്റു കുഞ്ഞുങ്ങൾക്ക് നൽകാൻ സന്നദ്ധതയുള്ള ആരോഗ്യമുള്ള അമ്മമാരാണ് പാൽ ദാതാക്കളാകേണ്ടത്. മികച്ച ജീവിതശൈലി പുലർത്തേണ്ട ഇവർ മദ്യം, മറ്റ് ലഹരിവസ്തുക്കൾ, പുകയില ഉൽപന്നങ്ങൾ, കഫീൻ പാനീയങ്ങളുടെ അമിതോപയോഗം എന്നിവ ഒഴിവാക്കണം. രക്തപരിശോധനക്ക് വിധേയരാകുകയും പാലിലൂടെ പകരുന്ന സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രക്തം, രക്തകോശങ്ങൾ, അവയവങ്ങൾ എന്നിവ സ്വീകരിച്ചവർ പാൽ നൽകാൻ പാടില്ല.
റേഡിയോ ആക്ടിവ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ഹാനികരമായ രാസവസ്തുക്കൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ എന്നിവരും നൽകാൻ അർഹരല്ല. പ്രസവശേഷമുണ്ടാകാറുള്ള അമിതവണ്ണം കുറക്കാനും പ്രമേഹം, സ്തനാർബുദം, ഗർഭാശയ -അണ്ഡാശയ അർബുദം, ആർത്തവവിരാമത്തിന് ശേഷമുള്ള എല്ലുകളുടെ ബലക്ഷയം എന്നിവക്കുള്ള സാധ്യതകൾ ലഘൂകരിക്കാനുമുള്ള അവസരം കൂടിയാണ് മുലയൂട്ടൽ.
അണുമുക്തമാക്കിയ കുപ്പികളിൽ ശേഖരിക്കുന്ന പാൽ ഒരു ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കും. പാസ്ചറൈസേഷൻ നടത്തുന്ന ദിവസം 3-5 വരെയുള്ള ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്തുന്നു. പോഷകഘടകങ്ങളും കൊഴുപ്പ് തന്മാത്രകളും അന്യവസ്തുക്കളും തുല്യമായി കലരാനായാണ് ഇപ്രകാരം ചെയ്യുന്നത്. ഓരോ അമ്മമാരുടെ പാലിലും മേൽപറഞ്ഞ പദാർഥങ്ങളുടെ ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്. തുടർന്ന് 100 മില്ലി ലിറ്റർ വരുന്ന കുപ്പികളിൽ നിറച്ച് പാസ്ചറൈസേഷനു വേണ്ടി 62.5 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് സമയം വാട്ടർ ബാത്തിൽ വെക്കുന്നു. പിന്നീട് പെട്ടെന്ന് തണുപ്പിച്ചെടുത്തശേഷം പാൽക്കുപ്പികൾ മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്നു. ഉപയോഗത്തിനുമുമ്പ് ചൂടാക്കാതെ തന്നെ അന്തരീക്ഷ താപനിലയിലെത്തിച്ച ശേഷമാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്.
വലിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ബാങ്കുകൾ പ്രവർത്തിക്കുമ്പോൾ ഗ്രാമങ്ങളിലും ഗോത്രമേഖലകളിലും പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വലയുമെന്ന ആശങ്കക്ക് അടിസ്ഥാനമുണ്ട്. എന്നാൽ, വലിയ ചെലവും ഉത്തരവാദിത്തവും ഇത്തരം ബാങ്കുകളുടെ വ്യാപനത്തിന് തടസ്സമാണ്. പ്രസവശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകുന്നതു വരെയുള്ള ഏതാനും ദിവസങ്ങൾ മാത്രമേ അമ്മമാർക്ക് അവിടെയുള്ള മിൽക്ക് ബാങ്കിലേക്ക് പാൽ ദാനംചെയ്യാൻ കഴിയൂ. വിശ്വാസപരമായ തടസ്സങ്ങളും അവബോധമില്ലായ്മയും പാൽദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്.
കനത്ത സാമ്പത്തിക ചെലവും പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ സേവനവും ആവശ്യമുള്ളതിനാൽ സർക്കാർ - സർക്കാറിതര സംഘടനകളുടെ സഹായത്തോടെ മാത്രമേ സംസ്ഥാനത്ത് കൂടുതൽ പാൽബാങ്കുകൾ തുറക്കാനാകൂ. പ്രധാന ആശുപത്രികളുടെ ശൃംഖല വഴി എല്ലാ ജില്ലകളിലും പാൽ ലഭ്യത ഉറപ്പുവരുത്തണം.
ഗർഭിണികൾക്കും പ്രസവം കഴിഞ്ഞ സ്ത്രീകൾക്കും മുലപ്പാലിെൻറ പ്രാധാന്യം വിശദീകരിക്കുന്ന ക്ലാസുകൾ നൽകണം. പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ഇടങ്ങളിലും പാൽ ശേഖരിക്കാൻ കഴിയേണ്ടതുണ്ട്. പ്രസവം കഴിഞ്ഞു പോകുന്ന സ്ത്രീകളുടെ കൂട്ടായ്മ നവമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുകയും ഇവരിൽനിന്ന് പാൽ ശേഖരിക്കാൻ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും വേണം. ഇതിനായി മൊബൈൽ കലക്ഷൻ യൂനിറ്റുകൾ ആരംഭിക്കണം. രക്തദാനം പോലെ മഹത്തരമാണ് മുലപ്പാൽ ദാനവുമെന്ന് സമൂഹം അംഗീകരിക്കുന്ന നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.
മുംൈബയിലെ സയോൺ ആശുപത്രിയിലാണ് (ലോകമാന്യ തിലക്) 1989 നവംബറിൽ ഏഷ്യയിലെ ആദ്യ മുലപ്പാൽ ബാങ്ക് സ്ഥാപിതമായത്. ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇവിടെ വർഷം തോറും ഏകദേശം 6000 ലിറ്റർ മുലപ്പാൽ സംഭരിക്കാറുണ്ട്. നിലവിൽ നാൽപതോളം മുലപ്പാൽ ബാങ്കുകൾ ഇന്ത്യയിലുണ്ട്. ഇതിൽ ഏഴെണ്ണം റോട്ടറി ഫൗണ്ടേഷെൻറ സഹായത്തോടെ പ്രവർത്തിക്കുന്നതാണ്.
ഭക്ഷണത്തിനോടുള്ള കഠിനമായ അലർജി, വളർച്ച മുരടിക്കൽ, കൃത്രിമ പാൽ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരൽ, റോട്ടാവൈറസ് ബാധ, കീമോ തെറപ്പിക്ക് വിധേയമാകൽ എന്നീ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കുറെക്കൂടി മുതിർന്ന കുഞ്ഞുങ്ങൾക്കും മുലപ്പാൽ ദിവ്യഔഷധം തന്നെയാണ്. മുതിർന്നവർക്കും പ്രത്യേക ശാരീരിക അവസ്ഥകളിൽ മുലപ്പാൽ നൽകാറുണ്ട്. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരിൽ പ്രതിരോധ ഘടകത്തിെൻറ (IgA) കുറവ് പരിഹരിക്കാനും അർബുദ ചികിത്സക്ക് വിധേയമായവർക്കും മുലപ്പാൽ നൽകുന്ന പതിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.