കുഞ്ഞുങ്ങൾ സ്വയം സാന്ത്വനപ്പെടുത്തി പതുക്കെപ്പതുക്കെ ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നത് കണ്ടിട്ടുണ്ടോ. അതല്ലെങ്കിൽ തനിക്ക് അലോസരമായ കാര്യങ്ങളിൽനിന്ന് സ്വയം ശാന്തമായി കൂളായി മാറുന്നത്.
നമ്മളെല്ലാം അറിഞ്ഞും അറിയാതെയും ഇത്തരം സ്വയം സാന്ത്വന വഴികൾ കണ്ടെത്തി സമ്മർദങ്ങളിൽനിന്ന് രക്ഷപ്പെടുന്നവരാണ്. സെൽഫ് സൂതിങ് എന്ന ഇക്കാര്യത്തിന് ഒട്ടേറെയുണ്ട് പ്രാധാന്യം. കുഞ്ഞിനെ ഉറക്കാൻ കഴിയാതെ അസ്വസ്ഥമാകുന്ന രാത്രികളിൽ നിങ്ങളെ രക്ഷിക്കും ഇത്.
സെൽഫ് സൂതിങ് വരുത്തുന്ന മാറ്റങ്ങൾ
പരിശീലനം വേണം സ്വയം സാന്ത്വനത്തിന്
പിറന്ന് ആദ്യ നാളുകളിൽ കുഞ്ഞിന് സ്വയം സാന്ത്വനത്തിന് കൈകാലുകൾ ചലിപ്പിക്കാൻ കഴിയില്ല. അതിനാൽ ഉറങ്ങാനായി കുഞ്ഞ് അമ്മയെ വല്ലാതെ ആശ്രയിക്കും. മുലയൂട്ടുമ്പോഴോ ആട്ടുമ്പോഴോ മെല്ലെ തട്ടുമ്പോഴോ ഒക്കെ കുഞ്ഞ് സാന്ത്വനപ്പെട്ട് ഉറങ്ങും.
കുഞ്ഞിന് നാലുമാസമാകുമ്പോൾ സ്വയം സാന്ത്വനത്തിനുള്ള ശേഷി കൈവരിക്കുന്നത് കാണാം. സ്വയം ചെയ്യുന്ന അത്തരം പ്രവൃത്തികൾ തടയരുത്. കൈ വായിലിടുന്നത് കാണുമ്പോൾ എടുത്തുമാറ്റാൻ ശ്രമിക്കരുത്. വിശക്കുന്നത് കൊണ്ടാകില്ല ആ ശീലം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാവിയിൽ കൈചപ്പുന്നവരായി അവർ മാറുകയുമില്ല. കുഞ്ഞ് സ്വയം സാന്ത്വനം കണ്ടെത്തുകയാണ് ഇതിലൂടെ.
കിടക്കുന്നതിനിടെ കുഞ്ഞ് ചിണുങ്ങുന്നത് കേൾക്കുമ്പോൾ തന്നെ എടുക്കാനാണ് അമ്മമാർ ശ്രദ്ധിക്കുക. കുഞ്ഞിന് നാലോ അഞ്ചോ മാസമായെങ്കിൽ ചിണുങ്ങുമ്പോൾ ഓടിച്ചെന്ന് എടുക്കാതെ കുറച്ച് നേരം സ്വയം ശാന്തമാകുമോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞ് കരയുമ്പോൾ എടുക്കരുതെന്നല്ല ഇതിനർഥം. പകരം കുഞ്ഞിന്‍റെ ആശയവിനിമയം ശ്രദ്ധിക്കുക എന്നതാണ്. കരയുകയാണ് എങ്കിൽ എടുക്കുക തന്നെ വേണം.
സ്വയം സാന്ത്വനം എങ്ങനെ പരിശീലിപ്പിക്കാം
DAY 1-4
സ്വയം ശാന്തമാകാൻ എന്താണ് കുഞ്ഞ് എടുക്കുന്നതെന്ന് ശ്രദ്ധിക്കാം. ഇഷ്ടപ്പെട്ട പുതപ്പ്, കളിപ്പാട്ടം എന്നിവ നോക്കി വെക്കണം. പകൽ നേരം ചിണുങ്ങുമ്പോൾ അതേ കളിപ്പാട്ടം നൽകണം. കരഞ്ഞാൽ അതേ കളിപ്പാട്ടം ഒന്നെടുത്തുമാറ്റി വീണ്ടും നൽകാം.
DAY 4-8
അടുത്ത ദിനങ്ങളിൽ രാത്രി അതേ കളിപ്പാട്ടം കളിക്കാൻ നൽകുക. തൊട്ടിലിനടുത്തോ കിടക്കുന്നതിനോ ട് ചേർത്തോ അത് വെക്കണം. കുഞ്ഞ് കരഞ്ഞാൽ കളിപ്പാട്ടം എടുത്ത് നൽകണം. പതുക്കെപ്പതുക്കെ കളിപ്പാട്ടത്തിൽ മുഴുകി കുഞ്ഞ് കരച്ചിൽ മറന്ന് ഉറക്കത്തിലേക്ക് വീഴും.
DAY 8
കുഞ്ഞ് സ്വയം സാന്ത്വനം പരിശീലിച്ചാൽ ഇനി രാത്രിയിൽ ഉറക്കത്തിൽനിന്ന് എഴുന്നേറ്റാൽ തന്നെ കാണും വിധം കളിപ്പാട്ടം വെക്കുക. കരച്ചിൽ കേട്ടാൽ അൽപനേരം ശ്രദ്ധിച്ച് കുഞ്ഞ് കളിപ്പാട്ടം എടുത്ത് കരച്ചിൽ മാറുന്നുണ്ടോയെന്ന് നോക്കണം. വീണ്ടും ഉറക്കത്തിലേക്ക് കുഞ്ഞ് പോകുന്നുണ്ടെങ്കിൽ ഉറക്കമില്ലാത്ത രാത്രികളിൽനിന്ന് നിങ്ങൾക്ക് മോചനം ലഭിച്ചെന്ന് ഉറപ്പിക്കാം.
ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കാം
1. കുഞ്ഞിനെ ഉറങ്ങാനായി മുലയൂട്ടുന്നത് അല്ലെങ്കിൽ കരയുമ്പോഴൊക്കെ മുലയൂട്ടുന്നത്
2. ആട്ടിയാട്ടി ഉറക്കുന്നത്
3. ഉറങ്ങാനായി കുഞ്ഞിനെയും കൊണ്ട് വണ്ടിയിലോ മറ്റോ യാത്ര പോകുന്നത്
4. എപ്പോഴും കളിവണ്ടിയിൽ ഇരുത്തുന്നത്
5. ഉറങ്ങുംവരെ കൂടെ കിടക്കുന്നത്
6. കുഞ്ഞ് ഉണരുമ്പോഴെല്ലാം വായിൽ ഡമ്മി നിപ്പിൾ നൽകുന്നത്
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.