ഞാനവനെ പിടിച്ചതായിരുന്നു, രക്ഷപ്പെട്ടുകളഞ്ഞു’ ഭാര്യയുടെ കാമുകനാണെന്ന് കരുതി ഇരുട്ടിൽ വാഴയെ കെട്ടിപ്പിടിച്ച തളത്തിൽ ദിനേശനെ പിന്നിൽനിന്ന്​ ഭാര്യ ശോഭ വിളിച്ചപ്പോൾ പറയുന്ന ഡയലോഗ്​ ഓർമയില്ലേ? വടക്കുനോക്കിയന്ത്രം എന്ന, ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനംചെയ്ത സിനിമയിൽ ശ്രീനിവാസൻതന്നെ അവതരിപ്പിക്കുന്ന കഥാപാത്രമാണല്ലോ ദിനേശന്‍റേത്​. സ്വന്തത്തെക്കുറിച്ച്​ ആത്മവിശ്വാസക്കുറവുള്ള ദിനേശന്​ ഭാര്യയിലുണ്ടാകുന്ന സംശയങ്ങളാണ്​ സിനിമയുടെ ഹേതു.

എന്താണ്​ സംശയരോഗം?

ഒഥല്ലോ സിൻഡ്രോം, അഥവാ ഡെല്യൂഷനൽ ഡിസോഡർ, സംശയരോഗം എന്നിങ്ങനെ അറിയപ്പെടുന്ന ഒരു മാനസിക രോഗാവസ്ഥയാണിത്​​. തെളിവുകളുടെ പിൻബലമില്ലെങ്കിലും സ്വന്തം പങ്കാളിയെയോ കൂടപ്പിറപ്പിനെയോ അടുത്തിടപഴകുന്നവരെയോ കടുത്ത വിശ്വാസമില്ലായ്മയോ സംശയമോ കാണിക്കുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. വില്യം ഷേക്സ്പിയർ എഴുതിയ ‘ഒഥല്ലോ’ എന്ന ദുരന്തനാടകത്തിൽനിന്നാണ് ‘ഒഥല്ലോ സിൻഡ്രോം’ എന്ന ഈ പേര് ഉണ്ടാകുന്നത്.

പങ്കാളിയുടെ അവിഹിതം കണ്ടെത്തുമ്പോഴുള്ള വേദനയേക്കാൾ വലുതാകും അവരുടെ സംശയത്തിന്​ തെളിവുകളൊന്നും ലഭിക്കാത്തപ്പോൾ.

● സംശയം കാരണം ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത പ്രവാസിയായ ഭർത്താവ്. ഓട്ടോയിൽ കയറി തനിയെ ആശുപത്രിയിലെത്തിയെങ്കിലും ഒടുവിൽ ദാരുണമരണത്തിനു കീഴടങ്ങേണ്ടിവന്ന ഭാര്യയുടെ വാർത്ത നാമെല്ലാവരും വായിച്ചറിഞ്ഞതാണ്.

● ഒരു ഭർത്താവ് ഭാര്യയുടെ ഫോൺ പരിശോധിച്ചിട്ട് അവളുടെ ജാരനെക്കുറിച്ച് തെളിവൊന്നും ലഭിക്കാതിരുന്നപ്പോൾ അയൽപക്കത്തെയും കുടുംബത്തിലെയും സകല ആണുങ്ങളുടെയും ഫോണുകൾ വാങ്ങി ഇവരിൽ ആരാണ്​ അവളുടെ ജാരനെന്ന് കണ്ടുപിടിക്കാൻ പരിശോധന നടത്തുന്നു.

● പുറത്തിറങ്ങിയാൽ അവളെ ആരെങ്കിലുമൊന്ന്​ നോക്കിയാൽ അന്ന് വീടെത്തുംവരെ തെറിയഭിഷേകമാണ്. കാറിൽനിന്നിറങ്ങിയ അവളെ ഒരു ബൈക്കുകാരൻ നോക്കി, കണ്ണിൽ കണ്ടവൻമാരെ കാണാനിറങ്ങിയതാണ് അല്ലേടീ എന്നും പറഞ്ഞ് അവളുടെ മുഖത്തേക്ക് ഒരൊറ്റത്തുപ്പായിരുന്നു.

● വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് ആരെയും അറിയിക്കാതെ വീട്ടിലെത്തുകയും തന്റെ ഭാര്യയുടെ ഫോൺ വാങ്ങി കൈയിൽ സൂക്ഷിക്കുകയും അവളുടെ രഹസ്യം കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത മറ്റൊരു സംഭവകഥ.

● ഭാര്യക്ക്​ എപ്പോഴും ഭർത്താവിനെ സംശയമാണ്. പരസ്ത്രീബന്ധത്തിന്റെ തെളിവിനുവേണ്ടി പരതും. ശരീരത്തിൽ മറ്റു സ്ത്രീകളുടെ നീണ്ടമുടിയോ മറ്റു പെർഫ്യൂമുകളുടെ മണമോ ഉണ്ടോ എന്നും മണത്തുനോക്കും. ഇത്​ മറ്റൊരു കഥ


രോഗം ബാധിച്ചാൽ

സംശയരോഗം കണ്ടുവരുന്ന വ്യക്തികളിൽ പലപ്പോഴും ശക്തമായ അസൂയ കാണപ്പെടുന്നു. ഇത് അവരുടെ പങ്കാളിയുടെ ജീവിതരീതികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംശയിക്കാനും അവരുടെ വിശ്വസ്തതയെയും വ്യക്തിത്വത്തെയും ചോദ്യംചെയ്യാനും ഇടയാക്കുന്നു. ഇത്തരം സംശയങ്ങൾക്ക് യാഥാർഥ കാരണമില്ലെങ്കിൽപോലും ഇക്കൂട്ടർ ചികഞ്ഞന്വേഷിച്ചുകൊണ്ടേയിരിക്കും. സ്ഥിരമായ ആരോപണങ്ങൾ ഉന്നയിക്കുക, തെളിവുകൾ തിരയുക, തുടങ്ങിയ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

ഇത് ഒരു രോഗാവസ്ഥയാണ്. ഇത് ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ കൊലപാതകങ്ങളിൽവരെ ചെന്നെത്താറുണ്ട്. കൂട്ട ആത്മഹത്യകളായി നാം കാണുന്ന മരണങ്ങളിൽ പലതും സംശയരോഗിയായ ഗൃഹനാഥനോ ഗൃഹനാഥയോ കുട്ടികളെയും പാർട്ണറെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയാണ്​ ചെയ്യുന്നത്​. പങ്കാളിയെ സംശയിച്ച് കൊലപ്പെടുത്തിയ പല വാർത്തകളും പണ്ടുമുതലേ നാം കേൾക്കുന്നതാണ്.

ഇത്തരക്കാരിൽ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങൾ കൈമാറുന്ന ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ കൂടുതലായ പ്രവർത്തനമാണ്​ ഈ രീതിയിലുള്ള വൈകല്യങ്ങൾക്ക്​ കാരണമെന്നാണ്​ പഠനങ്ങൾ പറയുന്നത്.

ഒരിക്കൽ സംശയരോഗം പിടിപെട്ടാൽ പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം ആ കണ്ണിലൂടെ മാത്രമാകുമെന്നതാണ്​ സത്യം. ഒരാളെ സംശയിക്കാൻ തുടങ്ങിയാൽ അതോടെ എല്ലാം തലകീഴായി മറിയും. സംശയരോഗം പിടിപെട്ടാൽ ജീവിതത്തിന്റെ എല്ലാ സുഖങ്ങളും നഷ്ടമാവും. രോഗിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പങ്കാളിയുടെ ജീവിതം ‘കട്ടപ്പൊക’ എന്ന് മനോരോഗ വിദഗ്ധർ പറയുന്ന മാരക അസുഖങ്ങളിലൊന്നാണ് സംശയരോഗം. കാരണം രോഗികൾക്ക് ഒരിക്കലും insight ഉണ്ടാകുന്നില്ല, അവർ അസുഖം തിരിച്ചറിയാതെ പോകുന്നു. അല്ലെങ്കിൽ തങ്ങൾ രോഗികളാണെന്ന് അംഗീകരിക്കുന്നില്ല എന്നുള്ളതാണ് ഇതിന്റെ പ്രധാന വെല്ലുവിളികൾ.

രോഗം തിരിച്ചറിയാൻ

തങ്ങളുടെ പങ്കാളിയുടെ അവിശ്വസ്തതയെക്കുറിച്ചുള്ള അമിതമായ ശ്രദ്ധയാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. അവർ തങ്ങളുടെ പങ്കാളിയുടെ പ്രവർത്തനങ്ങൾ സദാ നിരീക്ഷിക്കുകയും മറ്റുള്ളവരുമായുള്ള ഇടപെടലുകൾ സൂക്ഷ്മമായി പരിശോധിക്കുകയും വിശ്വാസവഞ്ചനയുടെ തെളിവുകൾ തേടുകയും ചെയ്യുന്നു. ഈ ഭ്രാന്തമായ ചിന്തകൾ പലപ്പോഴും ഉത്കണ്ഠ, നിരാശ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

മാത്രമല്ല, ഒഥല്ലോ സിൻഡ്രോം ഉള്ള വ്യക്തികൾ പെരുമാറ്റ വൈകല്യങ്ങൾ പ്രകടമാക്കിയേക്കാം. അമിതമായി നിയന്ത്രിക്കുകയോ സ്ഥിരമായ ഉറപ്പ് ആവശ്യപ്പെടുകയോ അവരുടെ സംശയങ്ങൾ സ്ഥിരീകരിക്കുന്നതിന്​ നിരീക്ഷണപ്രവർത്തനങ്ങൾ നടത്തുകയോ പിന്തുടരുകയോ ചെയ്യും.

ഒരാളുടെ വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും ഇത്തരക്കാർ അനാവശ്യമായ ഇടപെടലുകൾ നടത്തിയേക്കാം. ഈ സ്വഭാവം ബന്ധങ്ങളെ വഷളാക്കുകയും വിശ്വാസത്തെ ഇല്ലാതാക്കുകയും ബാധിക്കപ്പെട്ട വ്യക്തിയെ അവരുടെ പ്രിയപ്പെട്ടവരിൽനിന്നും സോഷ്യൽ സപ്പോർട്ട് നെറ്റ്​ വർക്കുകളിൽനിന്ന്​ ഒറ്റപ്പെടുത്തുകയും ചെയ്യും. വളരെ വിചിത്രമായ വിശ്വാസങ്ങളായിരിക്കും ഇവരിൽ ഉണ്ടാക്കുക.

സംഭവിക്കാൻ ഒരു സാധ്യതയുമില്ലാത്ത പല കാര്യങ്ങളും ഉണ്ടെന്നുപറഞ്ഞ് പ്രശ്നം ഉണ്ടാക്കും. എല്ലാറ്റിനെയും സംശയിക്കുന്ന ഇത്തരമാളുകൾ മാനസികരോഗികളാണ്. സംശയരോഗം മൂലം എത്രയെത്ര ദാമ്പത്യബന്ധങ്ങളാണ് ചുരുങ്ങിയ നാളുകൾക്കുള്ളില്‍ കൂമ്പടയുന്നത്.

പൊസസീവ്നസും സംശയരോഗവും

സംശയരോഗം ഓവർ പൊസസീവായിട്ടുള്ള സ്നേഹം ആണെന്ന് തോന്നാനും തെറ്റിദ്ധരിക്കപ്പെടാനും സാധ്യതകൾ ഏറെയാണ്. സ്നേഹത്തിന്റെയും പൊസസീവ്നെസിന്റെയും പേരിലുള്ള മെന്റൽ ടോർചറുകളും ഹരാസ്മെന്റും പങ്കാളിയിൽ വെറുപ്പും വിരക്തിയും ഉണ്ടാക്കുക മാത്രമല്ല, ഇത് അവർ തമ്മിലുള്ള ലൈംഗികബന്ധങ്ങളും ഇല്ലാതാക്കുന്നു. ഇത് പങ്കാളിയുടെ സംശയം ബലപ്പെടുത്തുകയും ഇത് മറ്റൊരു വ്യക്തിയുമായി ലൈംഗികബന്ധം ഉള്ളതിനാലാണെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യും.

സാവധാനമാണ്​ ഈ രോഗലക്ഷണമുള്ള ആളുകളെ നമുക്കും തിരിച്ചറിയാൻ സാധിക്കുക. ആദ്യഘട്ടങ്ങളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയൽ വളരെ ബുദ്ധിമുട്ടാണ്. ഭർത്താവിന്റെ സംശയം രോഗമാണെന്ന് അറിയാതെ ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കുന്ന ഭാര്യയും ചിലയിടത്ത് ഭാര്യയുടെ സംശയം മൂലം സമൂഹത്തിൽ വരെ അവഹേളനം ഏറ്റുവാങ്ങേണ്ടിവരുന്ന ഭർത്താവും സംശയരോഗത്തിന്റെ ഇരകളാണ്.

പലപ്പോഴും സംശയങ്ങൾ ആദ്യഘട്ടങ്ങളിൽ നിയന്ത്രണവും കൽപിക്കലും ആജ്ഞയിലുമാണ് ആരംഭിക്കുന്നത്. അവസാനം പറയുന്നത് അതേപടി അനുസരിക്കാത്തപക്ഷം വൈരാഗ്യബുദ്ധിയിലേക്ക് എത്തുകയും അതോടെ ആ ബന്ധം ടോക്സിക് ആകുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ബന്ധങ്ങൾ അവിടെവെച്ച് നിർത്തുന്നതാണ് ഏറ്റവും ഉത്തമം. രക്ഷിതാക്കൾ മക്കളെ അല്പം നിരീക്ഷണബുദ്ധിവെച്ച് നോക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണെങ്കിൽ, അവരെ കേൾക്കുന്നവരാണെങ്കിൽ മക്കളെ ഒരുപരിധിവരെ ഇത്തരം ബന്ധങ്ങളിൽനിന്നും സംരക്ഷിക്കാം.


ജീവിതത്തിൽ സംശയത്തിന്‍റെ കരിനിഴൽ വീഴാതിരിക്കാൻ

● ചെറിയ ചെറിയ സംശയങ്ങൾക്കു പിറകെ പോകാതിരിക്കുക

● വിവാഹിതരും കമിതാക്കളും പരസ്പരം പൂർവകാല ബന്ധങ്ങളുടെ ചരിത്രം തിരക്കാതിരിക്കുകയും ചൂഴ്ന്ന്​ അന്വേഷിക്കാതിരിക്കുകയും അവ പങ്കുവെക്കാതിരിക്കുകയും ചെയ്യുക.

● തന്റെ പങ്കാളിയെ ആരുമായും താരതമ്യപ്പെടുത്തി സംസാരിക്കാതിരിക്കുക, ഒരുപരിധിയിൽ കവിഞ്ഞു കുറ്റപ്പെടുത്താതിരിക്കുക.

● നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങൾ മാറിക്കൊണ്ടേയിരിക്കും. നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന മനുഷ്യരെ ഒരുപരിധിയിൽ കൂടുതൽ അവഗണിക്കാതിരിക്കാനും അവഹേളിക്കാതിരിക്കാനും ശ്രദ്ധിക്കുക.

● തന്റെ പങ്കാളിയുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറാതിരിക്കുക. അവരുടെ മൊബൈൽ, ഇ-മെയിൽ എന്നിവയടക്കമുള്ളവയുടെ പാസ്​വേഡുകൾ അന്വേഷിക്കാതിരിക്കുക, അവ പങ്കുവെക്കാതിരിക്കുക.

● പങ്കാളിക്ക് തന്റെ സ്നേഹവും വിശ്വാസവും അടുപ്പവും ഉണ്ടെന്നും മനസ്സിലാക്കിക്കൊടുക്കുക. അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, അവരോടൊപ്പം യാത്രകൾ പോകുക, പങ്കാളിയുടെ ഇഷ്ടത്തിനും ആഗ്രഹങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുക, നിശ്ചിത ഇടവേളകളിൽ നല്ല ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുക, സംശയിക്കാനിടയുള്ള സാഹചര്യങ്ങൾ പരമാവധി മനപ്പൂർവം ഒഴിവാക്കുകയും ചെയ്യുക.

ചികിത്സയും പിന്തുണയും

ഒഥല്ലോ സിൻഡ്രോം പലപ്പോഴും ന്യൂറോളജിക്കൽ ഡിസോർഡേഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉത്കണ്ഠയോ വിഷാദമോപോലുള്ള അനുബന്ധ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ആന്റിസൈക്കോട്ടിക്സ് അല്ലെങ്കിൽ ആന്റീഡിപ്രസന്റുകൾ പോലുള്ള മരുന്നുകളും നിർദേശിക്കപ്പെടാം.

രോഗം കുറ്റമല്ല. ചികിത്സയാണ് വേണ്ടത്. സ്വയം തിരുത്താൻ ശ്രമിക്കുകയോ മറ്റുള്ളവരുടെ ഉപദേശം കൊണ്ട് സ്വഭാവം മാറ്റിയെടുക്കാനോ പറ്റിയില്ലെങ്കിൽ തീർച്ചയായും ഇവരെ ചികിത്സക്ക് വിധേയരാക്കണം. അതിനായി കഠിനപ്രയത്നം തന്നെ വേണം. തങ്ങൾക്ക് രോഗം ഉണ്ടെന്ന് അവർ സമ്മതിക്കില്ല. എന്നാൽ കാലപ്പഴക്കം രോഗം മൂർച്ഛിക്കാൻ ഇടയാക്കും. ചികിത്സയും സങ്കീർണമാക്കും.

സംശയരോഗമുള്ള വ്യക്തികളെ സഹായിക്കുന്നതിനായി കുടുംബം, സുഹൃത്തുക്കൾ, എന്നിവയിൽനിന്നുള്ള പിന്തുണ വിലമതിക്കാനാകാത്തതാണ്. വിവേചനരഹിതമായ അന്തരീക്ഷത്തോടൊപ്പം തുറന്നതും സന്തോഷകരവുമായിട്ടുള്ള ആശയവിനിമയം പരസ്പരവിശ്വാസം വളർത്തുകയും രോഗിയെ രോഗാവസ്ഥയിൽനിന്ന്​ പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചികിത്സയിൽ സാധാരണയായി സൈക്കോതെറപ്പി, മരുന്നുകൾ, രോഗം ബാധിച്ച വ്യക്തിക്കും അവരുടെ പങ്കാളിക്കും വേണ്ടിയുള്ള മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്നു. കോഗ്നിറ്റീവ്-ബിഹേവിയറൽ തെറപ്പി (CBT) യുക്തിരഹിതമായ വിശ്വാസങ്ങളെ വെല്ലുവിളിക്കാനും പരിഷ്കരിക്കാനും സഹായിക്കും.


സമൂഹ മാധ്യമങ്ങളുടെ പങ്ക്​

സാങ്കേതികവിദ്യയിലെ പുരോഗതിയും സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗവും അസൂയയും സംശയവും പ്രകടിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ സൃഷ്ടിക്കുന്നു. മാത്രമല്ല, ഒരാളുടെ സൗഹൃദ വലയങ്ങളിൽ അയാൾ കാണുന്ന വിവാഹേതര ബന്ധങ്ങളും മറ്റും സ്വന്തം പങ്കാളിയിൽ കാണപ്പെടുമോ എന്നുള്ള ആശങ്കയും പിന്നീട് സംശയത്തിലേക്ക് നയിക്കുന്നതിന്​ കാരണമാകുന്നു. ഇത് ഒഥല്ലോ സിൻഡ്രോമിന്റെ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

പ്രണയിക്കുന്ന ആളുടെ ഫോൺ അവരറിയാതെ എടുത്തുനോക്കുക, ഓൺലൈനിൽ വരുന്ന/ പോകുന്ന സമയം നോട്ട് ചെയ്യുക, അവൾ പോകുന്ന സ്ഥലം, മീറ്റ് ചെയ്യുന്ന ആളുകൾ ഇതൊക്കെ പിന്തുടരുക.

ഉറങ്ങാൻ പോയ പങ്കാളിയുടെ ഫോൺ അവളുടെ ഫോൺ എൻഗേജ് ആകുന്നോ എന്ന്​ ഇടക്കിടെ പരിശോധിക്കുക. ഓൺലൈനിലുണ്ടായിട്ടും മെസേജിന്‍റെ മറുപടിക്ക് താമസം എടുക്കുന്നുണ്ടോ എന്ന് നിരന്തരം നോക്കുക. പങ്കാളി കുറച്ച് മിനിറ്റുകളോളം കാൾ വെയ്റ്റിങ്ങിലായാൽ അസ്വസ്ഥനാകുക. ഇതൊക്കെ ഇത്തരം രോഗബാധിതർ കാണിക്കുന്ന ലക്ഷണങ്ങളിൽ ചിലതാണ്.

ഡെല്യൂഷനൽ ഡിസോർഡർ പലവിധം

● തന്നേക്കാൾ ഉയർന്ന സാമൂഹിക നിലയിലുള്ള ഒരു വ്യക്തി പങ്കാളിയെ പ്രണയിക്കുന്നുവെന്ന്​ ഉറച്ചു വിശ്വസിക്കുന്നു.

● തനിക്ക്​ പ്രത്യേകമായ കഴിവോ ശക്തിയോ ദൈവവുമായ ബന്ധമോ ഉണ്ടെന്ന്​ വിശ്വസിക്കുക.

● പങ്കാളി അവിശ്വസ്തനാണെന്ന് തെറ്റിദ്ധരിക്കുന്നു. വേറെ ബന്ധങ്ങൾ അവർക്കുണ്ടെന്ന് തെളിവുണ്ടാക്കി കാണിക്കാൻ ശ്രമിക്കുന്നു.

● മറ്റുള്ളവർ തന്നെ ചതിക്കുകയോ ചാരപ്പണി നടത്തുകയോ പിന്തുടരുകയോ അപവാദം നടത്തുകയോ ഏതെങ്കിലും വിധത്തിൽ മോശമായി പെരുമാറുകയോ ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു.

● തനിക്ക്​ എന്തൊക്കെയോ ശാരീരിക പ്രശ്നം ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്നു. അതായത് ദുർഗന്ധം അല്ലെങ്കിൽ പ്രാണികൾ ചർമത്തിലോ താഴെയോ ഇഴയുന്നു, അല്ലെങ്കിൽ ഒരു മെഡിക്കൽ അവസ്ഥയോ വൈകല്യമോ അനുഭവിക്കുന്നു എന്ന് വിശ്വസിക്കുന്നു.

ഇത്തരം സംശയരോഗം സ്ത്രീകളിലും പുരുഷന്മാരിലും കാണുന്നുണ്ടെങ്കിലും ഒരുപക്ഷേ ആണുങ്ങൾക്ക് അവരിൽനിന്ന്​ രക്ഷപ്പെടാൻ എളുപ്പമാണ്; സമൂഹം കണ്ണടച്ചുതരും. പക്ഷേ, ഈ മനോരോഗമുള്ള ഭർത്താക്കന്മാരിൽനിന്ന്​ സ്ത്രീകൾക്ക്​ പുറത്തുകടക്കുക പ്രയാസമേറിയ കാര്യമാണ്. കുടുംബത്തിൽനിന്നുള്ള പിന്തുണപോലും ഇവർക്ക് പലപ്പോഴും ലഭിച്ചെന്നുവരില്ല.

Tags:    
News Summary - signs and symptoms of delusional disorder?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.