കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കേണ്ട ഒന്നാണ് കുട്ടികളിലെ വിരശല്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ നാലിലൊന്നിനും വിരശല്യം ബാധിക്കുന്നു. ഇതില്‍തന്നെ കുട്ടികളിലാണ് പ്രശ്നം കൂടുതൽ.

സാധാരണ രണ്ടു മുതല്‍ 19 വയസ്സു വരെയുള്ളവരെയാണ് ഏറെയും വിരശല്യം ബാധിക്കുന്നത്. കുട്ടികളുടെ വളര്‍ച്ച, ആരോഗ്യം, പഠനനിലവാരം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ എത്രയുംവേഗം ചികിത്സിച്ചു ഭേദമാക്കേണ്ടത് അനിവാര്യമാണ്.

വൃത്തി പ്രധാനം

ഉരുളന്‍ വിര, നാടന്‍ വിര, കൃമി തുടങ്ങി പല വിഭാഗങ്ങളായാണ് വിര കാണപ്പെടുന്നത്. പ്രധാനമായും വൃത്തിയില്ലാത്ത സാഹചര്യങ്ങളുമായി ഇടപഴകുന്നതിലൂടെയാണ് വിര രൂപപ്പെടുന്നത്. അശ്രദ്ധമായി പാകംചെയ്ത ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നതിലൂടെ, പ്രത്യേകിച്ച് മാംസാഹാരങ്ങള്‍ നന്നായി വേവിച്ചുകഴിച്ചില്ലെങ്കില്‍ ശരീരത്തില്‍ വിര രൂപപ്പെടും.

നാടന്‍ വിര പ്രധാനമായും ബാധിക്കുന്നത് തെറ്റായ ആഹാര രീതിയിലൂടെയാണ്. കുട്ടികള്‍ ചെരിപ്പിടാതെ മണ്ണില്‍ കളിക്കുന്നതിനിടെ കാലുകളിലൂടെയും പലതരം വിരകള്‍ ശരീരത്തിലെത്താം. പ്രായഭേദമന്യേ കുട്ടികളിലും മുതിര്‍ന്നവരിലും ശരീരത്തില്‍ വിര ബാധിക്കുന്നത് ഈ രണ്ടു മാര്‍ഗങ്ങളിലൂടെയാണ്.

ബാധിക്കുന്നത്​ വൻകുടലിൽ

സാധാരണ വന്‍കുടലിലാണ് വിരകള്‍ ബാധിക്കുന്നത്. ചില വിരകള്‍ ശ്വാസകോശം, കരള്‍, ത്വക്കിന് തൊട്ടുതാഴെയുള്ള ഭാഗം എന്നിവിടങ്ങളിലും ബാധിക്കാം. രാത്രിസമയങ്ങളിൽ വിര മുട്ടയിട്ട് ഇരട്ടിക്കും. രാത്രിയില്‍ കുടലില്‍നിന്ന് വിര മലദ്വാരത്തിനു സമീപമെത്തുകയും മുട്ടയിടുകയും ചെയ്യും.

ഈ സമയത്ത് മലദ്വാരത്തിനു ചുറ്റും വലിയ അസ്വസ്ഥതകള്‍ അനുഭവപ്പെടും. പെണ്‍കുട്ടികളില്‍ യോനീഭാഗത്തേക്കും ഇവ വളരെപ്പെട്ടെന്ന് ബാധിക്കുകയും മൂത്രനാളി അണുബാധക്ക് കാരണമാകുകയും ചെയ്യും.

ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കണം

ചില കുട്ടികളില്‍ വിരശല്യം ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാകും. എന്നാല്‍, ചിലരില്‍ ലക്ഷണങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാകും. നേരിയ വിശപ്പില്ലായ്മ, ചെറിയ വയറുവേദന, വയറില്‍ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം.

എന്നാല്‍, വിരശല്യം രൂക്ഷമായി ബാധിച്ച കുട്ടികളില്‍ കുടലില്‍ നേരിയ സുഷിരങ്ങള്‍ രൂപപ്പെടുകയും ഇതുവഴി രക്തം നഷ്ടമാകുകയും ചെയ്യും. ശരീരത്തിലെത്തുന്ന പോഷകാംശങ്ങള്‍ ക്രമേണ നഷ്ടമാകാനും ശരീരം ശോഷിക്കാനും ഇത് കാരണമാകും.

മാത്രമല്ല, ശരീരത്തില്‍ രക്തം കുറഞ്ഞ് വിളര്‍ച്ച ബാധിക്കുന്നതിനും രോഗപ്രതിരോധശേഷി നഷ്ടമാകുന്നതിനും ഇത് വഴിവെക്കും. ആവശ്യമായ വിറ്റമിനുകള്‍ കുറയുന്ന അവസ്ഥയും വിരകള്‍ പെരുകുന്നതിനാല്‍ അനുഭവപ്പെടാം.

രക്തം നഷ്ടപ്പെടുത്തും

ശരീരത്തിലെ ഒരു വിര ഏകദേശം .03 മില്ലി രക്തം നഷ്ടമാകുന്നതിന് വഴിവെക്കുമെന്നാണ് കണക്ക്​. ഇത്തരത്തില്‍ ഒരു കുട്ടിയുടെ ശരീരത്തിലുള്ള എണ്ണമറ്റ വിരകള്‍ നഷ്ടപ്പെടുത്തുക വലിയ അളവിലെ രക്തമാണ്.

കുട്ടികളുടെ പൊക്കിളിനു ചുറ്റുമുള്ള വയറുവേദന വിരശല്യത്തിന്റെ ലക്ഷണമാണ്. ചില സമയങ്ങളില്‍ ഭക്ഷണം കഴിച്ചുതുടങ്ങുന്ന സമയത്തോ ഭക്ഷണ ശേഷമോ വയറുവേദന അനുഭവപ്പെടാം. മലവിസർജന സമയത്ത് രക്തം കാണുക, മലദ്വാരം പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ തുടങ്ങിയവയും കണ്ടേക്കാം.

ഇത്തരം കുട്ടികളില്‍ അലസത, ക്ഷീണം, പഠനത്തിനോ കളികള്‍ക്കോ താല്പര്യമില്ലാത്ത അവസ്ഥ എന്നിവയും കണ്ടേക്കാം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന കുട്ടികളില്‍ വിരശല്യത്തിനുള്ള ചികിത്സയാണ് സ്വീകരിക്കേണ്ടത്.

ചർമത്തിലും കാണാം ലക്ഷണം

ചിലതരം വിരകള്‍ ചര്‍മത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ ചില കുട്ടികളില്‍ ചര്‍മത്തില്‍ പലയിടത്തായി ചൊറിച്ചില്‍ അനുഭവപ്പെട്ട് ചുവന്നുതിണര്‍ക്കുന്ന അവസ്ഥയുമുണ്ടാകാം. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ നീരുവെക്കുകയും ചെയ്യും. നാടന്‍വിര വിഭാഗത്തിലെ ചിലത് വളരെ വിരളമായി ചിലരുടെ മസ്തിഷ്കത്തെ ബാധിക്കും. ചിലരില്‍ കാഴ്ച കുറയാനും ഇത് വഴിവെക്കും.


ശ്വാസതടസ്സം, പനി

വിരകള്‍ ശ്വാസകോശത്തെ ബാധിക്കുന്നത് കുട്ടികളില്‍ ചുമ, ശ്വാസതടസ്സം, പനി തുടങ്ങിയവ തുടര്‍ച്ചയായി വരുന്നതിന് കാരണമാകും. അമിതമായി വിരശല്യം ഉണ്ടെങ്കില്‍ അത് ഇസിനോഫീലിയ പോലുള്ള അലര്‍ജി പ്രശ്നങ്ങള്‍ക്കും കരള്‍വീക്കം പോലുള്ളവക്കും വഴിവെക്കും.

നീളന്‍ വിരകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് കുടലില്‍ തടസ്സമുണ്ടാക്കും. വിരകള്‍ പരസ്പരം ചുറ്റിപ്പിണഞ്ഞ് ഉരുണ്ട രൂപത്തിലേക്ക് മാറുന്നതിലൂടെയാണ് കുടലില്‍ തടസ്സം സൃഷ്ടിക്കുന്നത്. ഇവ കുടലിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനാല്‍ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ സൃഷ്ടിക്കും. മരുന്നുകള്‍കൊണ്ട് സുഖപ്പെടുത്താന്‍ കഴിയാത്തവിധം ഈ പ്രശ്നം രൂക്ഷമായാല്‍ ശസ്ത്രക്രിയ വഴി ബ്ലോക്ക് നീക്കേണ്ടതായി വരും.

വിര നീക്കൽ പ്രധാനം

വിരശല്യം കണ്ടെത്തിയാല്‍ ശരീരത്തില്‍നിന്ന് വിരകളെ നീക്കാനുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. പുറമെയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിച്ചാണ് ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കുന്നത്. എന്നാല്‍, സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ കൃത്യമായ പരിശോധന രീതികളിലൂടെ വിര എത്രത്തോളം ബാധിച്ചുവെന്ന് കണ്ടെത്തിയ ശേഷമാണ് ചികിത്സിക്കുന്നത്.

രണ്ടു വയസ്സു മുതലുള്ള എല്ലാ കുട്ടികള്‍ക്കും മരുന്ന് ഉപയോഗിക്കാം. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് മരുന്നിന്‍റെ ഡോസ് നിശ്ചയിക്കുന്നത്. ദേശീയ വിരനിവാരണ ദിനത്തിന്‍റെ ഭാഗമായി 19 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വിരനശീകരണ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്​. വിര ശരീരത്തെ ബാധിക്കാതിരിക്കുന്നതിനുള്ള പ്രതിരോധമാണ് ഏറ്റവും പ്രധാനം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • ഒരുപാടുപേര്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം
  • ടോയ്ലറ്റ് സീറ്റ് കവര്‍ എപ്പോഴും കഴുകി വൃത്തിയായി ഉപയോഗിക്കണം
  • നഖങ്ങള്‍ വെട്ടിയൊതുക്കി വൃത്തിയാക്കണം
  • അടിവസ്ത്രങ്ങള്‍ വൃത്തിയായി കഴുകി വെയിലത്ത് ഉണക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
  • ഓരോ ആറുമാസത്തിലും അടിവസ്ത്രങ്ങള്‍ മാറ്റി പുതിയത് ഉപയോഗിക്കണം
  • കുട്ടികള്‍ ഒരുമിച്ച് ഉറങ്ങുന്ന സാഹചര്യമുണ്ടെങ്കില്‍ ബെഡ് ഷീറ്റ് ചെറിയ ഇടവേളകളില്‍ വൃത്തിയാക്കണം
  • നന്നായി പാകംചെയ്യാത്ത ഭക്ഷണ പദാർഥങ്ങള്‍ ഒഴിവാക്കണം
  • ഫാസ്റ്റ് ഫുഡിന്​ ഒപ്പം ലഭിക്കുന്ന വേവിക്കാത്ത പച്ചക്കറികള്‍ സുരക്ഷിതമായി തയാറാക്കിയതല്ലെങ്കില്‍ വിര രൂപപ്പെടാന്‍ കാരണമാകും.
  • കുട്ടികൾക്കൊപ്പം വീട്ടിലെ മറ്റുള്ളവരും വിരചികിത്സക്ക് മരുന്ന് കഴിക്കുന്നതും ഗുണം ചെയ്യും

Tags:    
News Summary - Worms in kids: signs and symptoms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.