കണ്ണൂർ സിറ്റിയിലെ പുതിയപീടികയിൽ തറവാട്ടിൽ ഉമ്മ സൈനബിക്കൊപ്പം കുടുംബാംഗങ്ങൾ. ചി​​​ത്ര​​​ങ്ങൾ: അൻഷാദ് ഗുരുവായൂർ

‘എട്ടു മക്കളും മരുമക്കളും പേരമക്കളും അവരുടെ മക്കളുമായി അഞ്ചു തലമുറയുടെ ഉമ്മ സൈനബി. ചെറുതൊന്നും അല്ല, ‘ഇമ്മിണി ബല്യ’ പെരുന്നാൾ ഒരുക്കത്തിന്‍റെ പകിട്ടുണ്ട്​ ഈ തറവാട്ടിൽ’

ചെറുതൊന്നും അല്ല, ‘ഇമ്മിണി ബല്യ’ പെരുന്നാൾ ഒരുക്കത്തിന്‍റെ പകിട്ടുണ്ട്​ കണ്ണൂർ സിറ്റിയിലെ പുതിയപീടികയിൽ തറവാട്ടിൽ ഇപ്പോൾ. വീടകമാകെ മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി പെരുത്ത്​ സന്തോഷത്തിന്‍റെ ഓട്ടപ്പാച്ചിൽ.

എല്ലാവരുടെയും വിശേഷങ്ങൾ കേട്ട് ചിരിയും നിർദേശങ്ങളുമായി വല്യുമ്മ സൈനബി. അതിനിടയിൽ തന്നെ പെരുന്നാൾ വിശേഷങ്ങൾ പറയാൻ ഉമ്മക്കൊപ്പം ചുറ്റും കൂടി മക്കൾ. ഒരുപാടുണ്ട്​ പോയകാലത്തെ പെരുന്നാൾ ഓർമകൾ.

നോമ്പിനും പെരുന്നാളിനും അപ്പുറം കുടുംബ കൂട്ടായ്മകളായിരുന്നു ഇവിടെ ഓരോ ആഘോഷവും. മക്കളും പേരമക്കളും അവരുടെ മക്കളുമെല്ലാം ചുറ്റുമിരുന്നപ്പോൾ 78കാരി സൈനബി വീണ്ടും പഴ​യ കഥാവരമ്പുകളിലൂടെ മനസ്സ്​ ഓടിച്ചു. പ്രയാസങ്ങളും സന്തോഷങ്ങളും നിറഞ്ഞ യാത്ര.

ഒരു കൂട്ടുകുടുംബത്തിന്‍റെ കഥകൂടി നിവരും അതിലൂടെ...സൈനബിക്ക്​ എട്ടാണ്​ മക്കൾ. നാല്​ ആണും നാലു​ പെണ്ണും. എട്ടു മക്കളും മരുമക്കളും പേരമക്കളും അവരുടെ മക്കളുമായി അഞ്ചു തലമുറയുടെ ഉമ്മ.

സൈബുന്നിസ, സറീന, മഹബൂബ, നസീമ, മൻസൂർ, അജ്മൽ, നവാസ്, ജംഷീദ് എന്നിവർ മക്കൾ. അഞ്ചാമത്തെ മകൾ നസീമയുടെ മകൾ ഷിറയുടെ മകൻ അംറ് ഇബിൻ വഹീദാണ്​ കുടുംബത്തിലെ ഏറ്റവും ഇളയതരി. അഞ്ചു മാസമാണ്​ പ്രായം.


മൂത്തമകൾ സൈബുന്നിസ തന്നെ പെരുന്നാൾ കിസ്സകളുടെ കെട്ടഴിച്ചു...

സൈബുന്നിസ: പണ്ട്​ പെരുന്നാൾ തലേന്നത്തെ ആ ഒരുക്കമുണ്ടല്ലോ. അതൊരു വലിയ സംഭവമാണ്. ആളുകളെക്കൊണ്ട് നിറഞ്ഞ പലചരക്കുകടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുകയെന്നത് തന്നെ വലിയ പണിയാണ്.

ഏറെനേരം കാത്തിരിക്കണം സാധനങ്ങൾ എല്ലാം കിട്ടുവാൻ. വീട്ടിലെ മൂത്തവരായ ഞങ്ങൾ പെണ്ണുങ്ങളായിരുന്നു വലിയ സഞ്ചിയുമായി കടയിൽ പോകുക. ഇരുകൈയിലും തോളിലുമായി മാറ്റിപ്പിടിച്ച് വലിയ ആ സഞ്ചികളുമായി ഓടിക്കിതച്ച് വീട്ടിലെത്തിയാൽ ഇരിക്കാനൊന്നും സമയമുണ്ടാവില്ല. അടുത്ത പണി തുടങ്ങണം. എത്രയൊക്കെ പണിയാണെങ്കിലും ആ കാലം ഓർക്കു​മ്പോഴുള്ള ഹരം ഒന്ന് വേറെതന്നെ.

ഇതിനിടെ അനിയത്തി മഹബൂബയുടെ ഇടപെടൽ

മഹബൂബ: സാധനങ്ങൾ കിട്ടിയിട്ട് എന്താ... അത് പാചകം ചെയ്യാൻ ഗ്യാസ് ഒന്നും ഇല്ലാത്ത കാലമല്ലേ. വിറക് ഒരുക്കുന്നത് അതിലും വലിയ പണിയാണ്. പെരുന്നാളിനു മുമ്പ് തന്നെ വിറക് ശേഖരിച്ചുതുടങ്ങും. തലച്ചുമടാക്കി എത്ര വിറകുകെട്ടുകളാണ്​ കൊണ്ടുവന്നിട്ടുള്ളത്​.


ഇത്തമാരുടെ വർത്തമാനം കേട്ടിരുന്ന സറീനക്കുമുണ്ട്​ ഓർമച്ചെപ്പ്​ തുറക്കാൻ

സറീന: ആകെയുള്ള സമാധാനം അന്ന് പാൽ വാങ്ങേണ്ടിയിരുന്നില്ല എന്നതാണ്. ആടിനെയും പശുവിനെയും വീട്ടിൽ വളർത്തിയതിനാൽ അതിനു മാത്രം ഓടേണ്ടിവന്നില്ല.

അതുകേട്ട്​ കൂടിനിന്നവരെല്ലാം കൂട്ടച്ചിരി...

വട്ടം കൂടിയിരുന്ന് നോമ്പുകാലവും പെരുന്നാൾ കഥകളും ഓർത്തെടുക്കുമ്പോൾ ഇവരുടെയെല്ലാം ഉമ്മ സൈനബിയുടെ ഓർമകൾ പോയത് പതിറ്റാണ്ടുകൾക്കും പിന്നിലേക്കാണ്​. ചെറിയ പ്രായത്തിൽ മംഗല്യം കഴിഞ്ഞു. സിംഗപ്പൂരിൽനിന്ന് ഭർത്താവ് മുഹമ്മദ് കുഞ്ഞി കടൽ കടന്ന് വലിയ പെട്ടികളുമായി വരും. അത് തുറക്കു​ന്നതും കാത്ത് ശ്വാസമടക്കി കുട്ടികൾ ചുറ്റുമിരിക്കും.

സൈനബി: നോക്കൂ, ഇക്കാണുന്നത് അരനൂറ്റാണ്ട് പഴക്കമുള്ള തുന്നൽ യന്ത്രമാണ്. ഇന്നും വലിയ കുഴപ്പമൊന്നുമില്ല മെഷീന്. നാല് ആൺകുട്ടികളുടെയും നാലു പെൺകുട്ടികളുടെയും എന്‍റെയും ഭർത്താവിന്റെയുമെല്ലാം കുപ്പായവും പാവാടയും എല്ലാം തയ്ച്ചു.

പുറത്തുനിന്നുള്ളവരുടെ കുറച്ച് പേരുടേതും തയ്ച്ചുനൽകി. വലിയ കൂലിയൊന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലും കിട്ടുന്നതുതന്നെ അന്ന് വലിയ കാര്യമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടുന്നതിനാൽ ഇന്ന് പിന്നെ തയ്ച്ച് ഇടുന്നത് എല്ലാവരും ഒഴിവാക്കി.


നസീമയുടെ മനസ്സിലും അക്കാലമുണ്ട്​...

നസീമ: ഉമ്മ ഡ്രസ് തയ്ക്കുന്നത് വലിയ ഉപകാരമാണ്​ അക്കാലത്ത്. ഡ്രസ് തയ്ക്കാനായി ആളുകൾ ടെയ്ലർമാരുടെ മുന്നിൽ ക്യൂ നിൽക്കലാണ്. പെരുന്നാളിന് ദിവസങ്ങൾക്കു മുമ്പേ ടെയ്ലർമാർ ഓർഡറുകൾ എടുക്കുന്നത് നിർത്തും. അതിനാൽ, ഉമ്മ വീട്ടിൽ തയ്ക്കുന്നതു കാരണം എവിടെയും പോയി കാത്തിരിക്കേണ്ടിവന്നില്ലല്ലോ.

അതുപോലെയാണ് കോഴിയിറച്ചിയും. വീട്ടിൽ അത്യാവശ്യം കോഴി വളർത്തുന്നതിനാൽ അതിനും പുറത്ത് വല്ലാതെ പോവേണ്ടിവന്നില്ല. കോഴിയെ പിടിച്ച് അറുക്കാൻ പള്ളിയിലേക്ക് പോവും. അന്ന് ചില ഉസ്താദുമാർ മാത്രമാണ് കോഴിയെ അറുത്തുനൽകിയിരുന്നത്. പെരുന്നാളിന് ബീഫ് കിട്ടാനാണ് കടയിൽ വലിയ കാത്തിരിപ്പ് വേണ്ടിവന്നത്.

സറീന: പെരുന്നാൾ തലേന്ന് സാധനങ്ങൾ എല്ലാം വീട്ടിലെത്തിയാലുള്ള ഒരുക്കം പറയാതിരിക്കുന്നതാണ് നല്ലത്. ഗ്യാസ്, മിക്സി, ഗ്രൈൻഡർ ഒന്നും എവിടെയുമില്ലാത്ത കാലമാണ്. രാവിലെ വേണ്ട പത്തിരിക്ക് തലേന്നുതന്നെ അരി വെള്ളത്തിലിട്ടുവെക്കും. ഉരലിൽ ഇടിക്കും. മുളക്, മല്ലി, മഞ്ഞൾ എല്ലാം അമ്മിയിൽ അരച്ചരച്ച് ഒരുവഴിക്കാകും.

നസീമ: ഒരാളല്ല മൊത്തം അരക്കുന്നതും ഇടിക്കുന്നതുമൊക്കെ. ഞങ്ങൾ മാറിമാറി ഇത്തരം പണികൾ ചെയ്യും.

സൈബുന്നിസ: ഒരു കൂട്ടർ വെള്ളം കോരുകയാവും. വെള്ളം കോരുന്നു, ഉരലിൽ ഇടിക്കുന്നു, അമ്മിയിൽ അരക്കുന്നു തുടങ്ങി എണ്ണിയാൽ തീരാത്ത പണികൾ. ഇതിനിടയിലാണ് ഞങ്ങളുടെ വിശപ്പു മാറ്റാൻ വല്ലതും കഴിക്കുന്നതും. എല്ലാ പണിയും കഴിയു​മ്പോഴേക്ക് നേരം പുലരാൻ ആയിക്കാണും. പിന്നെ ആരും ഉറക്കമൊന്നും ചിന്തിക്കാറില്ല. ഉറക്കച്ചടവുമുണ്ടാവാറില്ല.


കഥകൾ കേട്ടിരിക്കെ കൂട്ടത്തിൽ ഇളയതായ മൻസൂറും കൂടി...

മൻസൂർ: ഞങ്ങൾ കൂട്ടത്തിൽ ചെറിയവരായതിനാൽ അടുക്കളയിലേക്കുള്ള വിഭവങ്ങൾ ഒരുക്കുന്നതും വാങ്ങുന്നതുമെല്ലാം മൂത്തവരായ പെങ്ങന്മാരാണ്.

സൈനബി: മൈലാഞ്ചി അരക്കലും ഇടുന്നതും അവസാനമാണ്. പണിക്കിടെ മൈലാഞ്ചിയിട്ടത് പോകുമല്ലോ. പുതിയ വസ്ത്രങ്ങളെല്ലാം ഇസ്തിരിയിടുന്നത് മണിക്കൂറുകൾ നീണ്ട മറ്റൊരു പണിയാണ്​. ചിരട്ട ചുട്ടാണ് ഇസ്തിരിയിടൽ. ചിരട്ടപ്പെട്ടിയിലേക്കുള്ള ചിരട്ടകളുടെ എണ്ണം കൂടുന്നത് പെരുന്നാൾ തലേന്നാണ്. നേരം പുലർന്ന് പള്ളിയിൽ പോകുമ്പോഴേക്കും എല്ലാ പണിയും തീർക്കണം. പള്ളിയിൽ പോയി തിരിച്ചുവന്നാൽ ഭക്ഷണം. പിന്നെ ബന്ധുക്കളുടെ കയറിയിറക്കം. അങ്ങനെ നീളും.

കാലങ്ങൾ പലതും പോയി. മക്കൾക്ക് മക്കളും പേരമക്കളുമായതോടെ ആഘോഷരാവുകളിലും മാറ്റമായി. ഇക്കഥ സൈനബി തന്നെ പറയുന്നു...

സൈനബി: നൂറുകൊല്ലത്തോളം പഴക്കമുള്ള വീടാണിത്. ഞങ്ങളിത് വാങ്ങിയിട്ടുതന്നെ 50 വർഷം കഴിഞ്ഞു. ചെറിയ മാറ്റങ്ങളെല്ലാം വീടിന്റെ രൂപത്തിൽ വരുത്തി. എങ്കിലും പെരുന്നാൾ പോലുള്ള ദിവസങ്ങൾ ഞങ്ങൾക്ക് വലിയ ഒത്തുചേരലാണ്. രാവിലെ ചായയും ഉച്ചഭക്ഷണവും കഴിഞ്ഞ് ഏകദേശം രണ്ടരയോടെയാണ് ഇവിടെ എല്ലാവരും എത്തുക. മക്കളും മരുമക്കളും പേരമക്കളും അവരുടെ മക്കളുമായി എല്ലാവരുമെത്തിയാൽ പിന്നെ വീട് സ്വർഗമാണ്.


അതെ, കുടുംബമാണ്​ സ്വർഗം

കൈനിറയെ പലഹാരങ്ങളും മിഠായികളുമായാണ് ഇപ്പോൾ മക്കൾ ഉമ്മയെ കാണാൻ എത്തുക. ചെറിയ മക്കൾക്ക് പെരുന്നാൾ പണം നൽകണം. ഇതിനുള്ള പണം ആദ്യം മക്കൾ നൽകിയിട്ടുണ്ടാവും. അവരുടെ പാട്ടും കളിചിരികളാലും വീട് നിറയും. കണ്ണൂരിലെ ചുറ്റുവട്ടത്ത്​ എല്ലാ വീടുകളിലും ഇതുതന്നെ സ്ഥിതി. ഈ ഒത്തുചേരലുകളിലൂടെ കിട്ടുന്ന അനുഭൂതിയാണ് പുതിയപീടികയിൽ തറവാട്ടിലെ മക്കൾ എല്ലാവർക്കും ഒരേസ്വരത്തിൽ പറയാനുള്ളത്.

ഇന്ന്​ മൊബൈലാണ് വില്ലൻ

കാലം മാറിയപ്പോൾ വീടുകളിലെ ഏറ്റവും വലിയ വില്ലൻ മൊബൈലാണ്. പുതിയ തലമുറക്ക് അധികമൊന്നും സംസാരിക്കാനില്ല. എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ മൊബൈലിൽ നോക്കിനിൽക്കുമെന്നാണ് സൈനബിയുടെ അടക്കംപറച്ചിൽ.

പെരുന്നാൾ ദിനത്തിൽ പലഹാരങ്ങളാൽ നിറഞ്ഞുകാണും ​അടുക്കള. അതു കഴിച്ച് മണിക്കൂറുകളോളം സംസാരിച്ച് ഇരിക്കുകയാണ് പെരുന്നാൾ വൈകുന്നേരങ്ങളിലെ ഏറ്റവും രസകരമായ കാര്യം. പഴയ കൂട്ടുകാർ വീടുകളിലെത്തും. എല്ലാവരും കൂടിയുള്ള സൊറപറച്ചിൽ കഴിയുമ്പോഴേക്കും രാത്രി 11 മണിയെങ്കിലും കഴിഞ്ഞിരിക്കും.

രണ്ടു പെരുന്നാളിനും പുറമെ വിശേഷദിവസം നോക്കി എല്ലാവരും ഒരുമിക്കും. ബന്ധങ്ങളുടെ ആഴം പുതിയ തലമുറക്ക് അറിയാൻ കൂടിച്ചേരുന്ന ദിവസം മുമ്പേകൂട്ടി കുറിക്കുമെന്ന് സൈനബിയുടെ നാലാമത്തെ മകൻ മൻസൂർ പറയുന്നു. കുടുംബത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ.

Tags:    
News Summary - puthenpeedikayil tharavadu kannur city, eid special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.