സമീപകാലത്തായി കൗമാരപ്രായക്കാരായ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. മാതാവിനെ തലക്കടിച്ചു കൊന്നശേഷം ഇതു തന്നെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് എന്ന് പറയുന്ന കൗമാരപ്രായക്കാരൻ.
മൊബൈൽ ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ ‘പുറത്തിറങ്ങിയാൽ തട്ടിക്കളയും’ എന്ന് പ്രഥമാധ്യാപകനെ ഭീഷണിപ്പെടുത്തുന്ന പ്ലസ് വൺ വിദ്യാർഥി.
ലഹരിവസ്തുക്കളുടെ സ്വാധീനത്തിൽ വീട്ടുകാരെ മർദിക്കുന്ന യുവാക്കൾ. ഇത്തരം വാർത്തകൾ വായിക്കുമ്പോൾ പുതുതലമുറ പൂർണമായും വഴിതെറ്റിപ്പോവുകയാണോ എന്ന ആശങ്കയിലാണ് മലയാളികളിൽ പലരും. എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ‍്യമെന്ന് പരിശോധിക്കാം.
ജെൻ സീയുടെ മനസ്സ്
1997നും 2012നും ഇടക്ക് ജനിച്ചവരെയാണ് ജെന്‍ സീ (Gen Z) എന്നു വിളിക്കുന്നത്. ഡിജിറ്റൽ ലോകത്തേക്ക് ജനിച്ചുവീണ ആദ്യ തലമുറ കുട്ടികളാണിവർ. അതുകൊണ്ടുതന്നെ ആധുനിക ഡിജിറ്റൽ വിപ്ലവം വികസിപ്പിച്ചെടുത്ത ധാരണകളും വ്യക്തിബന്ധ വികസന സവിശേഷതകളും എല്ലാം ഇവരുടെ സ്വഭാവത്തിൽ പ്രകടമാകാൻ സാധ്യതയുണ്ട്.
തൊഴിലാണ് ജീവിതത്തിലെ എല്ലാം എന്ന് അവർ കരുതുന്നില്ല. അതുകൊണ്ടുതന്നെ മുൻ തലമുറയുടെ പ്രധാന സവിശേഷതയായിരുന്ന സ്ഥാപന വിശ്വാസ്യത (institutional fidelity) ഈ തലമുറയിൽനിന്ന് പ്രതീക്ഷിക്കുക വയ്യ. അടുത്ത നാലുതലമുറക്കുവേണ്ടി സമ്പാദിച്ചുകൂട്ടാനൊന്നും ഇവർക്ക് താൽപര്യമില്ല.
ഭക്ഷണവും വ്യായാമവും എല്ലാം ആരോഗ്യത്തിലേക്കുള്ള പാതകളായിതന്നെയാണ് ഇവർ കരുതുന്നത്. ഭക്ഷണത്തിൽ കൂടുതൽ മാംസ്യം (protein) ഉൾപ്പെടുത്താൻ പൊതുവേ ശ്രദ്ധിക്കുന്ന ഇവർ ജിമ്മിൽ പോയി വ്യായാമം ചെയ്തു പേശികൾ ബലപ്പെടുത്താനും താൽപര്യമുള്ളവരാണ്.
മുൻതലമുറയെ അപേക്ഷിച്ചു കൂടുതൽ സ്വതന്ത്രമായ ധാർമിക ധാരണകൾ പുലർത്തുന്നവരാണിവർ. ലൈംഗിക ന്യൂനപക്ഷങ്ങൾ എന്ന് വിളിക്കപ്പെടുന്ന സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡറുകളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ നിലനിർത്തണമെന്ന് ഇവർ കരുതുന്നു.
ആശയവിനിമയത്തിനുള്ള പ്രധാന മാർഗമായി സമൂഹ മാധ്യമങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. വിജ്ഞാനം ഏതെങ്കിലും പണ്ഡിതന്റെ മസ്തിഷ്കത്തിലാണ് നിലനിൽക്കുന്നതെന്ന വിശ്വാസം ഇവർക്കില്ല.
ആധുനിക ജീവിത സാഹചര്യങ്ങൾ ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി ഈ തലമുറയിൽ കണ്ടുവരുമ്പോൾതന്നെ അതിനെ ഗൗരവമായി എടുക്കാനും വേണ്ട സഹായം നേടിയെടുക്കാനുമുള്ള താൽപര്യം ഇവർക്ക് കൂടുതലാണ്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രാകൃത സംസ്കാരം ഇവർക്ക് തെല്ലുമില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ മാനസികാരോഗ്യ സാക്ഷരത കൂടുതലുള്ള തലമുറയായി ഇവരെ വിശേഷിപ്പിക്കാം.
കൗമാര മസ്തിഷ്കത്തിന്റെ സവിശേഷതകൾ
കൗമാരപ്രായത്തിലുള്ള ഒരു വ്യക്തിയുടെ മസ്തിഷ്കം ചുറ്റുപാടിൽനിന്ന് ഒരുപാട് കാര്യങ്ങൾ സ്വാംശീകരിക്കുന്നുണ്ട്. മൂന്നു വയസ്സിനു ശേഷമാണ് ജീവിതാനുഭവങ്ങൾ തലച്ചോറിൽ ശേഖരിച്ചുവെക്കാനുള്ള ദൃശ്യസ്മൃതി എന്ന കഴിവ് തലച്ചോർ വികസിപ്പിക്കുന്നത്. ഈ പ്രായം മുതൽ ഗുണദോഷ യുക്തി വിചാരം വികസിക്കുന്ന 12 വയസ്സു വരെയുള്ള കാലഘട്ടമാണ് ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനം.
കൺമുന്നിൽ കാണുന്ന കാര്യങ്ങളൊക്കെ, അത് നേരിട്ട് കാണുന്നതാണെങ്കിലും ദൃശ്യമാധ്യമങ്ങളിലൂടെ കാണുന്നതാണെങ്കിലും, ശരിയാണെന്ന് വിശ്വസിക്കുകയും അവ സ്വാംശീകരിച്ച് അനുകരിച്ച് അതുമായി തന്മയീഭാവം പ്രാപിക്കാനുമുള്ള സാഹചര്യം കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു.
ഇക്കാരണംകൊണ്ടു തന്നെ ഈ പ്രായത്തിലുള്ള കുട്ടികളുടെ മുന്നിലാണ് മാതാപിതാക്കൾ കൂടുതൽ ജാഗ്രതയോടെ പെരുമാറേണ്ടത്. ഈ പ്രായത്തിലുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളും മാതാപിതാക്കൾ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
ഡിജിറ്റൽ ലോകത്തിലേക്ക് ഇവരെ തളച്ചിടാതെ പുറത്തുപോകാനും ആളുകളുമായി നേരിട്ട് കണ്ട് ആശയവിനിമയം നടത്താനും ജീവിതാനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കാനുമുള്ള സാഹചര്യം ഇവർക്ക് ഒരുക്കിക്കൊടുക്കണം.
അധ്യാപകരോടുള്ള സമീപനത്തിലെ മാറ്റം
കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ വിപുലമായി പ്രചരിച്ച ഒരു സന്ദേശമുണ്ട്, ‘‘അധ്യാപകർ മറ്റേത് തൊഴിൽ ചെയ്ത് ഉപജീവനം കഴിക്കുന്ന വ്യക്തികളെപ്പോലെ സാധാരണ ഒരു ജോലി ചെയ്യുന്നവർ മാത്രമാണ്. അവർ പറയുന്ന കാര്യങ്ങൾക്ക് വലിയൊരു മഹത്ത്വം കൽപ്പിക്കേണ്ടതില്ല’’.
ഇന്നത്തെ കാലത്ത് ഏതു വിഷയത്തെക്കുറിച്ചുള്ള അറിവും ഇന്‍റർനെറ്റിൽ സുലഭമായതോടെ വിജ്ഞാന സ്രോതസ്സ് എന്ന നിലയിലുള്ള അധ്യാപകന്റെ പ്രസക്തി കുറഞ്ഞു. വിദ്യാർഥികൾക്ക് അധ്യാപകരോടുള്ള സമീപനത്തിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്.
കഴിഞ്ഞ തലമുറ വായിച്ചോ പറഞ്ഞുകേട്ടോ മാത്രം അറിഞ്ഞിരുന്ന പല കാര്യങ്ങളും ഇന്ന് കൗമാരപ്രായക്കാർ അനായാസം വിഡിയോ രൂപത്തിൽ കണ്ടു മനസ്സിലാക്കുന്നു. കുറ്റകൃത്യങ്ങളും അക്രമങ്ങളും ലൈംഗിക വൈകൃതങ്ങളുമൊക്കെ ഇത്തരത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പോലും പ്രാപ്യമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
ഗുണദോഷ യുക്തിവിചാരം (critical thinking)
കൺമുന്നിൽ കാണുന്ന കാര്യങ്ങളുടെ ശരിതെറ്റുകൾ വിവേചിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്ന ജീവിത നിപുണതയാണ് ഗുണദോഷ യുക്തിവിചാരം (critical thinking). 12 വയസ്സോടെയാണ് ഈ കഴിവ് മനുഷ്യരിൽ വികസിച്ചു തുടങ്ങുന്നത്.
12 വയസ്സിനുശേഷം മേൽസൂചിപ്പിച്ച തരത്തിലുള്ള ദൃശ്യങ്ങൾ ആദ്യമായി കാണുന്ന കുട്ടികൾ ഒരുപക്ഷേ, അതിന്‍റെ ഗുണദോഷങ്ങൾ ഒക്കെ വിലയിരുത്തി മനസ്സിൽ അത് ആസ്വദിച്ചേക്കുമെങ്കിലും അവയുടെ പുറത്ത് പ്രവർത്തിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്.
എന്നാൽ, 12 വയസ്സിനു മുമ്പുതന്നെ ഇത്തരം ദൃശ്യങ്ങൾ കാണാനും അറിയാനും അവസരം കിട്ടുന്ന കുട്ടികൾ അതു മനസ്സിലേക്കെടുക്കാനും അതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനുമുള്ള സാധ്യത കൂടുതലാണ്. ലഹരി ഉപയോഗവും അക്രമസ്വഭാവവും അപകടകരമായ ലൈംഗിക പരീക്ഷണങ്ങളുമൊക്കെ ഇന്നത്തെ തലമുറയിൽ കണ്ടുവരാനുള്ള പ്രധാന കാരണം ഈ സാമൂഹിക സ്വാധീനംതന്നെയാണ്.
കുട്ടികളെ ഭയപ്പെടണോ?
പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ വർഷങ്ങളിൽ ജനീവയിൽ നടന്ന യൂനിസെഫിന്റെ യോഗത്തിൽ ലോകമെമ്പാടുമുള്ള ബാലാവകാശ പ്രവർത്തകർ കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.
എല്ലാ രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികളും ഒരു കാര്യത്തിൽ യോജിച്ചു. കൗമാരപ്രായക്കാർക്ക് പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണുള്ളത്. യൂനിസെഫ് ഇതിനെ ‘കൗമാരത്തിന്റെ അനാരോഗ്യകരമായ ത്രികോണം’ (unhealthy triad of adolescence) എന്ന് വിശേഷിപ്പിച്ചു.
ലഹരി വസ്തുക്കളുടെ ദുരുപയോഗം, അപകടകരവും സുരക്ഷിതമല്ലാത്തതുമായ ലൈംഗിക പരീക്ഷണങ്ങൾ, അവനവന്‍റെ നേർക്കോ മറ്റുള്ളവരുടെ നേർക്കോ ഉള്ള അക്രമ സ്വഭാവം എന്നിവയാണ് ആ പ്രശ്നങ്ങൾ. ഇതിനുള്ള പരിഹാരമാർഗം എന്താണ് എന്ന ചിന്തയിൽനിന്നാണ് ‘ജീവിതനിപുണത വിദ്യാഭ്യാസം’ (life skills education) എന്നൊരു ആശയം ഉരുത്തിരിഞ്ഞത്.
തുടർന്ന് ലോകാരോഗ്യ സംഘടനയും അംഗീകരിച്ച ഈ ആശയം കൗമാരപ്രായക്കാർക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായിതന്നെ സ്കൂളുകളിൽ നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് നയിച്ചു. ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമേറിയതുമായ അനുഭവങ്ങൾ തരണം ചെയ്യാൻ കൗമാരപ്രായക്കാർ ആർജിക്കേണ്ട 10 കഴിവുകളാണ് ജീവിത നിപുണതകൾ.
ആത്മാവബോധം, അനുതാപം, ആശയവിനിമയശേഷി, വ്യക്തിബന്ധ വികസന ശേഷി, തീരുമാനമെടുക്കൽ ശേഷി, പ്രശ്നപരിഹാര ശേഷി, ഗുണദോഷ യുക്തിവിചാരം, സർഗാത്മക ചിന്ത, സമ്മർദങ്ങളുമായി പൊരുത്തപ്പെടുക, വൈകാരിക ക്രമീകരണം എന്നിവയാണവ.
ഇക്കാര്യങ്ങൾ അനുഭവാത്മക പരിശീലനമായി വിദ്യാർഥികൾക്ക് നൽകേണ്ടതുണ്ട് എന്ന നിർദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത്. ഇതിന്‍റെ ചുവടുപിടിച്ച് നമ്മുടെ നാട്ടിലും ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്. കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ‘ഉല്ലാസപ്പറവകൾ’ എന്ന പേരിൽ ഒരു ജീവിതനിപുണത പരിശീലന മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്. ഈ ലേഖകൻ അടക്കമുള്ളവർ അതിന്‍റെ രചനയിൽ പങ്കാളികളാണ്.
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസിലും പ്രതിവർഷം 20 മണിക്കൂർ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായുള്ള ജീവിതനിപുണത വിദ്യാഭ്യാസമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. സിലബസുകൾക്ക് അതീതമായി എല്ലാ വിദ്യാലയങ്ങളിലും പാഠ‍്യപദ്ധതിയുടെ ഭാഗമായി ഈ പരിശീലനം നടപ്പാക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്താൽ കൗമാരപ്രായക്കാർ അഭിമുഖീകരിക്കുന്ന ഒട്ടേറെ ബുദ്ധിമുട്ടുകൾ വലിയൊരളവ് പരിഹരിക്കാൻ സഹായകമാകും.
കോവിഡിന് മുമ്പ് 100 വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പരിശീലനം നടപ്പാക്കിയപ്പോൾ ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും പെരുമാറ്റ പ്രശ്നങ്ങളും ലഹരി ഉപയോഗവും നിയന്ത്രിക്കാനും അധ്യാപക-വിദ്യാർഥി ബന്ധം മെച്ചപ്പെടുത്താനും ഇതു സഹായകരമാകുന്നു എന്ന നിരീക്ഷണമാണ് അന്ന് ഗുണഭോക്താക്കളിൽനിന്ന് ഉയർന്നുവന്നത്.
നിയമസാക്ഷരത
തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധമുള്ള കുട്ടികൾ ആ അവകാശങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് മുതിർന്ന തലമുറയുമായുള്ള സംഘർഷം വലിയതോതിൽ പ്രശ്നമായത്. എന്നാൽ, ബാലാവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള കുട്ടികൾ പോലും ആവശ്യമുള്ള പല നിയമങ്ങളെക്കുറിച്ചും കൃത്യമായ സാക്ഷരത പുലർത്തുന്നില്ല എന്ന യാഥാർഥ‍്യവും നിലനിൽക്കുന്നു.
പോക്സോ നിയമം, ഇൻഫർമേഷൻ ടെക്നോളജി നിയമം, ലഹരിവസ്തുക്കളുടെ വിപണനത്തെ സംബന്ധിച്ച എൻ.ഡി.പി.എസ് ആക്ട് എന്നിവയെ കുറിച്ചുള്ള വിപുലമായ ബോധവത്കരണം വിദ്യാർഥികളുടെ ഇടയിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്.
മൊബൈൽ ഫോണിന്റെ അമിതോപയോഗം
മൊബൈൽ ഫോൺ കുട്ടികളുടെ മസ്തിഷ്കത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കപ്പെട്ട ഇക്കണോമിക് സർവേ വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ അമിതമായ മൊബൈൽ ഉപയോഗം സാമൂഹിക വിച്ഛേദന ലക്ഷണ ഐക്യത്തിലേക്ക് (social disconnection syndrome) അവരെ നയിക്കുന്നുണ്ട്.
ആരോഗ്യകരമായ സൈബർ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണം കൗമാരപ്രായക്കാർക്ക് പാഠ്യപദ്ധതിയിലൂടെ തന്നെ ലഭിക്കണം. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് പൂർണമായി ഒഴിവാക്കണം.
● മൂന്ന് മുതൽ എട്ടുവയസ്സുവരെയുള്ളവർക്ക് പരമാവധി ഒരു മണിക്കൂർ ആയിരിക്കണം ദിവസേനയുള്ള ദൃശ്യമാധ്യമ സമയം.
● എട്ടു മുതൽ 19 വയസ്സ് വരെയുള്ളവർ പരമാവധി രണ്ടു മണിക്കൂറിൽ താഴെ.
എട്ടു മണിക്കൂർ ഉറക്കത്തിനും രണ്ടു മണിക്കൂർ പഠനത്തിനും ഒരു മണിക്കൂർ വ്യായാമത്തിനും ഒരു മണിക്കൂർ കുടുംബാംഗങ്ങളോടൊപ്പം ചെലവിടാനുമുള്ള സമയം കൗമാരപ്രായക്കാർ കണ്ടെത്തണം. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തുന്നത് തീർച്ചയായും സഹായകമാകും. എന്തെങ്കിലും പ്രതിസന്ധി വന്നാൽ മാതാപിതാക്കൾക്ക് കുട്ടികളെ സഹായിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ ഈ സുതാര്യ ഇടപെടൽ സഹായകമാകും.
വേണം, മാനസികാരോഗ്യ സാക്ഷരത
കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും പരിശീലനവും നൽകാൻ മാതാപിതാക്കളും അധ്യാപകരും മുൻകൈ എടുക്കേണ്ടതുണ്ട്. അമിത വികൃതിയും എടുത്തുചാട്ടവും ശ്രദ്ധക്കുറവും പ്രധാന ലക്ഷണങ്ങളായുള്ള എ.ഡി.എച്ച്.ഡി (Attention Deficit Hyperactivity Disorder) സ്കൂൾ വിദ്യാർഥികളിൽ ഏഴു മുതൽ 10 ശതമാനം പേർക്കുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കുട്ടികളിൽ ലഹരിവസ്തുക്കൾക്ക് അടിമപ്പെടലും വിഷാവും ഉത്കണ്ഠ രോഗങ്ങളും വർധിക്കുകയാണ്. ഇവ പലപ്പോഴും കൗമാര ആത്മഹത്യകൾക്ക് വഴിതെളിക്കുന്നു. ചെറുപ്രായത്തിൽ തന്നെ മോഷണം, കളവുപറച്ചിൽ, അമിത ദേഷ്യം, അക്രമ സ്വഭാവം എന്നിവ പ്രധാന ലക്ഷണങ്ങളായുള്ള കോൺഡക്ട് ഡിസോർഡർ (conduct disorder) എന്ന അവസ്ഥയും കുട്ടികളിൽ കൂടിവരുന്നുണ്ട്.
ഈ അവസ്ഥ കൃത്യമായി തിരിച്ചറിഞ്ഞ് പരിഹരിക്കാത്ത പക്ഷം ഇവർ ഭാവിയിൽ സാമൂഹികവിരുദ്ധ-വ്യക്തിത്വ വൈകല്യമുള്ളവരായി മാറാൻ സാധ്യതയുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കുകയും അതിൽ തെല്ലും കുറ്റബോധം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ അവസ്ഥ പലപ്പോഴും സമൂഹത്തിന് ഭീഷണിയായി മാറാം.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
മാനസികാരോഗ്യ പ്രശ്നങ്ങളിൽ 50 ശതമാനം 14 വയസ്സിനു മുമ്പും 75 ശതമാനം 24 വയസ്സിനു മുമ്പും ആരംഭിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഇത് ആരംഭ ഘട്ടത്തിൽതന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പല രോഗങ്ങളും പൂർണമായിത്തന്നെ ഭേദപ്പെടുത്താൻ സാധിക്കും.
ഇതിനോട് മാതാപിതാക്കൾ നിഷേധാത്മക സമീപനം സ്വീകരിച്ച് ചികിത്സിക്കാതിരുന്നാൽ ഇത്തരം രോഗങ്ങൾ വഷളാകുകയും പിന്നീട് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യാം. ചികിത്സിക്കപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും അക്രമ സ്വഭാവത്തിനും ആത്മഹത്യകൾക്കും കാരണമാകുന്നുണ്ട് എന്ന യാഥാർഥ്യം ഓരോ രക്ഷിതാവും തിരിച്ചറിയേണ്ടതുണ്ട്.
ശ്രദ്ധ വേണം, അധ‍്യാപകർക്കും
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന കുട്ടികളെ അനുതാപത്തോടെ പരിഗണിക്കാൻ അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു കുട്ടി ചികിത്സ എടുക്കുന്നുണ്ടെങ്കിൽ ആ കുട്ടിയെ മനോരോഗിയായി ചിത്രീകരിച്ച് മറ്റുള്ളവരുടെ മുന്നിൽ അവഹേളിക്കുന്ന സ്വഭാവം പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.
മാനസികാരോഗ്യപ്രശ്നങ്ങൾ മറ്റേത് രോഗത്തെയുംപോലെ ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുന്നതാണ് എന്ന അവബോധം സമൂഹത്തിൽ ആഴത്തിൽ വേരുറക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പംതന്നെ ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളെയും സമൂഹത്തിന്‍റെ മുഖ്യധാരയോട് ചേർത്തുപിടിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.