സൗദിയിലെത്തിയത് ഡ്രൈവറാകാൻ, ചതിക്കപ്പെട്ടതോടെ വർഷങ്ങളോളം ദുരിതം. തളർന്നുവീണിടത്തുനിന്ന് കർഷകനായി ഉയിർത്തെഴുന്നേറ്റ ആ പ്രവാസിയിതാ...

21ാം വയസ്സിൽ, ഡ്രൈവർ ജോലിക്കെന്നു പറഞ്ഞ് പറ്റിക്കപ്പെട്ട് വാർക്കപ്പണിക്ക് തട്ടടിക്കാനെത്തി അറിയാത്ത പണികൾ ചെയ്തും എടുക്കാനാവാത്ത മണൽച്ചാക്കുകൾ എടുത്തും കുഴഞ്ഞുവീണിടത്തുനിന്നാണ്, പ്രവാസത്തിൽ നൗഷാദിെൻറ ‘കരിയറി’െൻറ തുടക്കം. ലൈസൻസ് എടുക്കാനുള്ള പ്രായമെത്തും മുമ്പ് വണ്ടിപ്പണിക്കിറങ്ങേണ്ടിവന്ന പ്രാരബ്ധക്കാരനായിരുന്നു നാട്ടിൽ. 21 വയസ്സായപ്പോഴേക്കും സ്വദേശമായ ആലുവ തായിക്കാട്ടുകരയിലെ റോഡുകളിലൂടെ നാട്ടുകാരുടെ വിവിധ ആവശ്യങ്ങളുടെ ലോഡുകളുമായി ഒാടിപ്പായുന്നൊരു അറിയപ്പെടുന്ന ലോറിഡ്രൈവറായി മാറിക്കഴിഞ്ഞിരുന്നു.

എന്നാൽ, മൂത്ത പെങ്ങളെ കെട്ടിച്ചുവിട്ടതിെൻറ കടം തീർക്കാനും ഇളയപെങ്ങളെ കെട്ടിക്കാനും ഒാട്ടമില്ലാത്ത ദിവസം വീട് പട്ടിണിയാവുന്ന അവസ്ഥക്ക് പരിഹാരം കാണാനും നാട്ടിലെ റോഡിൽ വളയം പിടിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന തിരിച്ചറിവാണ് കോഴിക്കോെട്ട ഒരു ട്രാവൽ ഏജന്റിന്റെ അടുത്തെത്തിച്ചത്. സൗദിയിൽ ട്രക്കോടിക്കുന്ന പണിയാണെന്ന് പറഞ്ഞുകേട്ടപ്പോൾ മനോരഥം 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു. സ്വപ്നങ്ങളുടെ ഒരു വലിയ ചാക്കുമായി ജിദ്ദയിൽ പറന്നിറങ്ങി.

പണിസ്ഥലമായ ത്വാഇഫിലെ ഷറഫിയയിലേക്ക് കുന്നുകയറുേമ്പാൾ വണ്ടിയെക്കാൾ വേഗത്തിൽ മോഹങ്ങൾ പാഞ്ഞു. വളയം പിടിക്കാനുള്ള വെമ്പലുമായി ചെന്നുകയറിയത് വാർക്കപ്പണിക്ക് വളക്കാനിട്ടിരിക്കുന്ന കമ്പികളുടെ അടുത്തേക്ക്. കമ്പി വളക്കലും തട്ടടിക്കലും മണലും സിമൻറും മെറ്റലും ചുമക്കലും, അതുവരെ ചെയ്തിട്ടില്ലാത്ത പണികൾ.

കൂട്ടുപണിക്കാർ പാകിസ്താനികളാണ്. എത്ര ഭാരവും ഒറ്റക്ക് ചുമക്കാൻ മടിയില്ലാത്ത കായബലമുള്ളവർ. പണി തട്ടടിയെന്നാണ് പറഞ്ഞതെങ്കിലും സൂപ്പർവൈസറില്ലാത്ത നേരങ്ങളിൽ അവർ മണൽ നിറച്ച ചാക്കുകൾ തലയിലെടുത്തുവച്ചിട്ട് മുകളിലേക്ക് കൈചൂണ്ടും. പണിനടക്കുന്ന കെട്ടിടത്തിെൻറ മൂന്നും നാലും നിലയിലേക്ക് ചുമന്നുകൊണ്ടുപോകാനാണ്. ഭാഷ അറിയില്ല, ഏതൊക്കെ ജോലിയാണ് ചെയ്യേണ്ടത് എന്നറിയില്ല.

ഇതും താൻ ചെയ്യേണ്ട ജോലിയാണെന്ന് കരുതി ഇരുന്നൂറും മുന്നൂറും കിലോയെങ്കിലും ഭാരിക്കുന്ന മണൽച്ചാക്ക് തലയിലേന്തി വേച്ചുവേച്ചു നടക്കും. പടികൾ കയറുേമ്പാൾ ഇരുമ്പുകട്ടിപോലെ തലക്കു മുകളിലിരുന്നു ഭാരിക്കും. കാൽമുട്ടുകൾ വേദനിക്കും. ഒരിക്കൽ മുട്ടുമടങ്ങി വീണുപോയിഎന്തോ ഭാഗ്യത്തിന് മൂന്നു മാസമേ അവിടെ ജോലി ചെയ്യേണ്ടിവന്നുള്ളൂ. കഫീൽ (സ്പോൺസർ) ഒരുദിവസം വന്നുപറഞ്ഞു: ‘‘എെൻറ ഒരു സുഹൃത്ത് വരും, അയാൾക്കൊപ്പം പോകണം.’’

റിസോർട്ട് കം ഫാം ഹൗസ് സന്ദർശിക്കാൻ എത്തിയവർക്കൊപ്പം

പകച്ചുപോയ ജോലിമാറ്റം

തലക്ക് പേറാനാകാത്ത ഭാരത്തിൽനിന്ന് േമാചനം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് മുന്നിലെത്തിയ പിക്അപ് വാനിൽ ചാടിക്കയറിയത്. ചെന്നെത്തിയത് അനുഭവിച്ചതിലും വലിയ നരകത്തിലേക്കാണെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ തോന്നി. നാലുചുറ്റും വരണ്ട മലകളാൽ ചുറ്റപ്പെട്ട നീണ്ടുപരന്ന് കാടുകയറിയും തരിശായും കിടക്കുന്ന കൃഷിപ്പാടങ്ങളുടെ നടുവിലേക്ക്. മനുഷ്യസാന്നിധ്യമേയില്ലെന്ന് തോന്നിക്കുന്ന പേടിപ്പെടുത്തുന്ന മൂകത.

ത്വാഇഫിൽനിന്ന് അൽബാഹയിലേക്ക് പോകുന്ന വദ്ലിയ റോഡിൽ 12 കിലോമീറ്ററെത്തുേമ്പാൾ ലിയ ഒലയ. ഈ സ്ഥലവിവരമൊക്കെ മനസ്സിലാക്കിയെടുക്കാൻ കാലങ്ങൾ ഏറെ വേണ്ടിവന്നു. 12 കിലോമീറ്ററപ്പുറം ത്വാഇഫ് നഗരത്തിലേക്ക് തിരിച്ചൊന്നു പോയത് മൂന്നു വർഷത്തിനു ശേഷമാണ്.

പുതിയ കഫീൽ ഹമൂദ് ഒൗഫിയെന്നൊരു അറബി വാധ്യാര്. സൈഡായി കാർഷിക വൃത്തിയും. അദ്ദേഹം വാഹനം നിർത്തിയത് ഒരു പാടശേഖരത്തോടു ചേർന്നുള്ള വീടെന്നു തോന്നിക്കുന്ന ചെറിയൊരു കൂരയുടെ അടുത്തായിരുന്നു. ഹോൺ മുഴക്കി കഫീൽ വാഹനത്തിൽനിന്നിറങ്ങിയപ്പോൾ ആ വീട്ടിൽനിന്നൊരാൾ, ഒരു പടുവൃദ്ധൻ കൂനിക്കൂടി ആടിയാടി ഇറങ്ങിവന്നു.

അപ്പോൾ ഇവിടെ മനുഷ്യരുണ്ട്! ആശ്വാസമായി. വാഹനത്തിൽനിന്നിറങ്ങി പതറുന്ന നോട്ടത്തോടെ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. നോക്കെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന കൃഷിപ്പാടങ്ങൾക്കിടയിൽ അങ്ങിങ്ങ് ചെറിയ കൂരകൾ. അതിലൊക്കെയും മനുഷ്യരുണ്ടാവും എന്നൊരു സമാധാനം അപ്പോൾ മനസ്സിനുണ്ടായി. കഫീൽ പറഞ്ഞു: ‘ഇതെെൻറ ബാബയുടെ കൂടപ്പിറപ്പാണ്. എെൻറ കൊച്ചാപ്പ. ഇദ്ദേഹത്തിന്റേതാണ് ഇൗ കൃഷിസ്ഥലം. നിനക്ക് ജോലി ഇവിടെയാണ്.’’

എരിതീയിൽനിന്ന് വറചട്ടിയിലേക്കാണെന്ന് ഒട്ടൊരു പകപ്പോടെ മനസ്സിലാക്കിയെങ്കിലും അനുസരിക്കുകയല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ആദ്യ ജോലിസ്ഥലത്ത് വൈദ്യുതിയും വെളിച്ചവുമെങ്കിലും ഉണ്ടായിരുന്നു. മിണ്ടിപ്പറയാൻ ആളുകളുമുണ്ടായിരുന്നു. വൈദ്യുതിയേ കടന്നുവന്നിട്ടില്ലാത്ത മേഖലയായിരുന്നു അന്ന് ലിയ ഒലയ. വരണ്ട മലകളും ഭയപ്പെടുത്തുന്ന മൂകതയും പകലൊടുങ്ങിയാൽ കട്ടപിടിച്ച ഇരുട്ടും തൊലിയിൽ സൂചിപോലെ തറഞ്ഞുകയറുന്ന തണുപ്പും ഏതോ പ്രാചീനകാലത്തുനിന്ന് വന്നപോലൊരു പടുവൃദ്ധനും.

മുനിഞ്ഞുകത്തുന്ന മുട്ടവിളക്കാണ് രാത്രിയിലെ ആശ്രയം. പതിയെ മനസ്സിലായി മലകളിലും അതിന്റെ ചരിവുകളിലും താഴ്വരകളിലും വന്യമൃഗങ്ങളുമുണ്ടെന്ന്. കുറുക്കൻ, നരി, പിന്നെ പൂച്ചയെ പോലുള്ള വലിയ എലികൾ, പേരറിയാ ജന്തുക്കൾ വേറെയും. അവിടെനിന്ന് ഒാടിപ്പോകാൻ പ്രേരിപ്പിക്കുന്നവ വേറെയുമുണ്ടായിരുന്നു. എങ്കിലും, ഇൗ വറചട്ടിയിൽ കിടന്ന് പൊരിഞ്ഞേ മതിയാവൂ എന്ന് മനസ്സു പറഞ്ഞു. നാട്ടിലെ പ്രാരബ്ധത്തിെൻറ പൊള്ളലിന് അതിലും വലിയ ആന്തലായിരുന്നല്ലോ.


പിതൃവ്യനെപ്പോലൊരു അബൂ അലി

അബൂ അലിയെന്നായിരുന്നു ആ വയോധികനായ കർഷകന്റെ പേര്. അന്നയാൾക്ക് 95 വയസ്സാണുണ്ടായിരുന്നത്. പ്രായാധിക്യത്താൽ തൊലി എല്ലോടൊട്ടി വളഞ്ഞ് മുതുക​ു കുത്തിയാണ് നിൽപും നടപ്പും. എന്നാലോ കൃഷിപ്പണി ചെയ്യാൻ ആ ശാരീരികാവശതയൊന്നും അയാൾക്ക് തടസ്സമായിരുന്നില്ല. രാവിലെ ആറു മണിക്കിറങ്ങിയാൽ പണി തീരുേമ്പാൾ സന്ധ്യയാവും. ഇരുട്ടു പരന്നാലേ അയാൾ കൃഷിയിടത്തിൽനിന്ന് കയറൂ. അപ്പോഴേ നൗഷാദിനും പാടത്തുനിന്ന് കയറാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

കൃഷിയെ പവിത്രമായി കാണുന്ന അദ്ദേഹം ചെരിപ്പ് ധരിക്കാറില്ല. അതുകൊണ്ടുതന്നെ ചെരിപ്പ് ധരിക്കാൻ നൗഷാദിനും അനുവാദമില്ല. അത് തണുപ്പുകാലമായിരുന്നു. കൊടും തണുപ്പ്. ബക്കറ്റിലിരിക്കുന്ന വെള്ളം രാവിലെ നോക്കുേമ്പാൾ മഞ്ഞുകട്ടയാവുന്ന അവസ്ഥ. ചെരിപ്പ് ധരിക്കാതെ പണിസ്ഥലത്തിറങ്ങി പെരുമാറി കാലുകൾ മരവിച്ചു. കമ്പിളിവസ്ത്രമില്ല. കൈകളൊക്കെ തൊട്ടാലറിയാത്ത വിധം മരവിച്ചുകിടന്നു. പുതച്ച് തണുപ്പിൽനിന്ന് രക്ഷനേടാൻ ഒന്നുമുണ്ടായിരുന്നില്ല. വയോധികൻ അയാളുടെ പഴയൊരു കമ്പിളിവസ്ത്രം തന്നത് വലിയ ആശ്വാസമായി. അതുകൊണ്ടാണ് പിന്നീട് തണുപ്പിനെ പ്രതിരോധിച്ചിരുന്നത്.

ഒരേക്കർ കൃഷിഭൂമി അബൂ അലി പാട്ടത്തിനെടുത്താണ് പലവിധ കൃഷി ചെയ്തിരുന്നത്. മുന്തിരിയായിരുന്നു പ്രധാനം. അത്തി, മാതളം, നാരങ്ങ, മൾബറി, മല്ലി, മുളക്, ഉരുളക്കിഴങ്ങ്, സവാള, കോളിഫ്ലവർ, കാബേജ്, വെള്ളരി, മുള്ളങ്കി, കുമ്പളം, ബീൻസ്, പയർ, ചീര, പാലക്ക്, ഉലുവ തുടങ്ങി വേറെയും കൃഷി. നാട്ടിൽ വണ്ടിയുടെ വളയമല്ലാതെ മൺവെട്ടി പിടിച്ചിട്ടില്ലാത്ത, കൃഷിയുടെ എബിസിഡി അറിയാത്ത നൗഷാദിന് പാടത്തേക്ക് നോക്കി പകച്ചുനിൽക്കാനേ ആദ്യം കഴിഞ്ഞുള്ളൂ.

പക്ഷേ, തികച്ചും മുട്ടാളനായ ആ അറബി കർഷകൻ അയാളുടെ പരുക്കൻ പെരുമാറ്റത്തിലൂടെ തന്നെ നൗഷാദിന് കൃഷിപാഠങ്ങൾ പകർന്നുകൊടുത്തു. അയാൾ പറയുന്നതുപോലെ പണികൾ ചെയ്യാൻ തുടങ്ങി. ചെറിയ ട്രാക്ടറുപയോഗിച്ച് പാടം ഉഴുതുമറിച്ചു ചാലുകീറി. വരമ്പു വെട്ടി ചെറു കണ്ടങ്ങളാക്കി പലതരം വിത്തുകൾ വിതച്ചു. നീരോട്ടമില്ലാത്ത വരണ്ട പാടം നനച്ചിരുന്നത് അവിടെയുള്ള ഒരു കിണറിലെ വെള്ളം കൊണ്ടായിരുന്നു. മഴവെള്ളം ശേഖരിച്ച് ജലസേചനം നടത്താൻ സർക്കാർ പണിത ഒരു അണക്കെട്ട് മലകൾക്കിടയിലുണ്ട്. അതിൽനിന്ന് തുറന്നുവിടുന്ന വെള്ളമാണ് കൃഷിത്തോട്ടങ്ങളിലെ കിണറുകളെ നിറക്കുന്നത്.

കുറഞ്ഞ കാലംകൊണ്ട് തന്നെ കൃഷിരീതികൾ, അതും അറേബ്യൻ കൃഷിസമ്പ്രദായം സ്വായത്തമാക്കി നൗഷാദ്. മണ്ണിനെയും കൃഷിയെയും ഇഷ്ടപ്പെടാൻ തുടങ്ങി. അറബി ഭാഷയും പതിയെ പഠിച്ചു. ആദ്യമൊക്കെ അബൂ അലിയുടെ പെരുമാറ്റം അസഹ്യമായിരുന്നു. പാടത്തിനക്കരെയാണ് അയാളുടെ വീട്. വിവാഹം കഴിക്കാത്ത അയാൾ ഒറ്റക്കായിരുന്നു താമസം. തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠന്റെ വീട്ടിൽനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

എന്നാൽ, നൗഷാദിെൻറ കാര്യം കഷ്ടമായിരുന്നു. ഭക്ഷണമായിരുന്നു ഏറ്റവും ദയനീയം. അരിഞ്ഞ തക്കാളിയും സവാളയും കുരുമുളകും ഉപ്പും ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ മുക്കി ഉണക്കറൊട്ടി കഴിക്കുന്നതായിരുന്നു അബൂ അലിയുടെ ഭക്ഷണരീതി. അതുതന്നെ ചെയ്യാൻ നൗഷാദും നിർബന്ധിക്കപ്പെട്ടു. ഇഷ്ടപ്പെട്ട ഭക്ഷണമായ ചോറു തിന്നാൻ നിവൃത്തിയില്ല. ചോറ് കണ്ടതുതന്നെ മൂന്നു വർഷത്തിനുശേഷമാണ്. രണ്ടു മാസം കൂടുേമ്പാഴാണ് ശമ്പളം കിട്ടിയിരുന്നത്. വെറും 500 റിയാലായിരുന്നു ശമ്പളം.

കിഴക്ക് വെള്ളകീറാൻ തുടങ്ങുേമ്പാൾ അബൂ അലി പാടത്തെത്തും. അപ്പോൾ തന്നെ നൗഷാദും എത്തണം. ചെരിപ്പിടാതെയുള്ള പാടത്തെ ജോലി സഹിക്കാൻ കഴിയുന്നതിനും അപ്പുറമായപ്പോൾ വൃദ്ധനറിയാതെ കിട്ടിയ വണ്ടിയിൽ ത്വാഇഫിൽ പോയി പണിസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ബൂട്ട് വാങ്ങിക്കൊണ്ടുവന്നു. ചെടികൾക്കിടയിൽനിന്ന് ജോലി െചയ്യുേമ്പാൾ അതിെൻറ മറവുകൊണ്ട് കാലുകാണില്ല എന്ന ധൈര്യത്തിലാണ് ബൂട്ട് ഇട്ടത്. എന്നാൽ, അബൂ അലി കണ്ടുപിടിച്ചു.

ജോലി നിർത്തിക്കോളാൻ പറഞ്ഞു. കൊടും തണുപ്പത്ത് കൊച്ചുകൂരയിൽനിന്ന് ഇറക്കിവിടപ്പെട്ടു. പിന്നെ അടുത്ത പാടത്തിലെ ഈജിപ്ഷ്യൻ തൊഴിലാളികൾ വഴി കഫീലൊക്കെ ഇടപെട്ടാണ് തിരിച്ചുകയറാനായത്. എന്നാൽ, അതോടെ അബൂ അലിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിത്തുടങ്ങി. അയാൾ സ്നേഹം കാണിച്ചുതുടങ്ങി. പെരുമാറ്റം സൗമ്യമായി.

മൂന്നുവർഷം കഴിഞ്ഞപ്പോൾ കൊടും വരൾച്ചയിൽ കിണർ വറ്റി. കൃഷി മുടങ്ങി. കഫീൽ വന്ന് അയാളുടെ ആടുകളുടെ ഫാമിലേക്ക് കൊണ്ടുപോയി. മൂന്നുവർഷം അവിടെയായിരുന്നു ജോലി. 600 ആടുകളാണ് തുടക്കത്തിലുണ്ടായിരുന്നത്. മൂന്നുവർഷം കഴിഞ്ഞപ്പോൾ അബൂ അലിയുടെ കൃഷിത്തോട്ടത്തിലേക്ക് തന്നെ തിരിച്ചെത്തി. അയാൾക്ക് പാട്ടത്തിന് കൊടുത്ത തോട്ടത്തിെൻറ ഉടമ അത് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ കഫീൽ ഹമൂദ് ഔഫി അത് വിലകൊടുത്തുവാങ്ങി.

101 വയസ്സു പിന്നിട്ടിട്ടും അബൂ അലി കൃഷിയിൽനിന്ന് പിന്തിരിയാൻ ഒരുക്കമല്ലായിരുന്നു. അയാളുടെ നേതൃത്വത്തിൽ തന്നെ കൃഷി തുടർന്നു. നൗഷാദിനോട് വലിയ ഇഷ്ടവും വാത്സല്യവും കാട്ടിത്തുടങ്ങിയ വയോധികൻ സ്നേഹത്തോടെ മമ്മദ് എന്നാണ് വിളിച്ചിരുന്നത്.

സ്വന്തം പിതൃവ്യനെപ്പോലെ കണ്ട് നൗഷാദ് അങ്ങോട്ടും അങ്ങനെ തന്നെ പെരുമാറി. ഇടക്ക് അയാൾക്ക് വയ്യായ്ക വരുേമ്പാൾ സ്വന്തം പിതാവിെന എന്നപോലെ പരിചരിച്ചു. മുടി മുറിച്ചുകൊടുത്തു. ഷേവ് ചെയ്തുകൊടുത്തു. നഖം മുറിച്ചു. ആശുപത്രിയിൽ കിടന്നപ്പോൾ ഒപ്പംനിന്ന് പരിചരിച്ചു. 113ാം വയസ്സിലാണ് മരിച്ചത്. ആശുപത്രിയിൽ ദീർഘകാലം കിടന്നപ്പോൾ കൂടെ മമ്മദ് മാത്രം നിന്നാൽ മതിയെന്ന് അയാൾ ശാഠ്യം പിടിച്ചു. അബൂ അലിയെ കുറിച്ച് പറയുേമ്പാൾ ഇപ്പോഴും നൗഷാദിെൻറ കണ്ഠമിടറുന്നുണ്ട്.


കഫീലിന്‍റെ സ്നേഹഭാജനം

ആറുമാസം വെള്ളം കിട്ടാതെ ഭൂമി വരണ്ടുകിടന്ന കാലത്ത് കൃഷി മുടങ്ങിയപ്പോൾ സമയം വെറുതെ കളയാൻ ഒരുക്കമല്ലായിരുന്ന നൗഷാദ് മറ്റൊന്ന് ചെയ്തു. കഫീലിെൻറ ഒരു പഴയ പിക്അപ് വാനുമെടുത്ത് മലയിൽ പോയി പാറക്കല്ലുകൾ ശേഖരിച്ചുകൊണ്ട് വന്ന് ഒരേക്കർ കൃഷിയിടത്തിന് ചുറ്റും അതിര് കെട്ടി അരമതിൽ പണിതു. അത് കഫീലിെൻറ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അതോടെ നൗഷാദ് സ്നേഹഭാജനവും വിശ്വസ്തനും സഹോദരനും കൂട്ടുകാരനും സഹ ജോലിക്കാരനുമൊക്കെയായി. അദ്ദേഹം വാധ്യാർ ജോലിയിൽനിന്ന് വിരമിച്ചതോടെ നൗഷാദിനൊപ്പം കൃഷിപ്പണികൾക്ക് ഒപ്പംകൂടി. രണ്ടുപേരും കൂടി തന്നെ അരമതിൽ ഒരാൾപൊക്കത്തെക്കാൾ ഉയരത്തിൽ പണിതുയർത്തി. നൗഷാദ് മതിൽ കെട്ടിപ്പൊക്കുമ്പോൾ കഫീൽ സിമൻറ് കുഴച്ചു നൽകി.

കഫീലിെൻറ വേനൽക്കാല വിശ്രമകേന്ദ്രമെന്ന നിലയിലാണ് കൃഷിയിടത്തോടു ചേർന്ന് കെട്ടിടം പണി ആരംഭിച്ചത്. എന്നാൽ, പിന്നീട് പുറത്ത് വാടകകക്ക് നൽകാൻ പറ്റിയ റിസോർട്ട് കം ഫാം ഹൗസാക്കി മാറ്റി. ഫുട്ബാൾ, ബാഡ്മിന്റൺ കോർട്ട്, കളിസ്ഥലം, കലാപരിപാടികൾ അവതരിപ്പിക്കാനും ആളുകൾക്ക് ഒരുമിച്ചുകൂടാനുമുള്ള ഹാൾ എന്നിവയും നിർമിച്ചു. കൃഷിയോടൊപ്പം വിശ്രമകേന്ദ്രത്തിന്റെ നോക്കി നടത്തിപ്പും മേൽനോട്ട ചുമതലയും നൗഷാദിനു തന്നെയായി.

കൃഷിത്തോട്ടം കാണാനും കൃഷിരീതികൾ പഠിക്കാനും വിശ്രമസമയം ആസ്വാദ്യകരമാക്കാനും മലയാളികളുൾപ്പടെ നിരവധി ആളുകൾ ഇപ്പോൾ ഇവിടെ എത്താറുണ്ട്. കുടുംബങ്ങളും കൂട്ടായ്മകളും എല്ലാം ഫാം ഹൗസ് വാടകക്കെടുത്ത് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. അവർക്കൊപ്പം ആടാനും പാടാനും കൂടിത്തുടങ്ങിയപ്പോഴാണ് തന്നിലുറങ്ങിക്കിടന്ന ഗായകനുണരുന്നത് നൗഷാദ് തിരിച്ചറിഞ്ഞത്. കൃഷിപ്പണിക്കിടയിലെ ഏകാന്തതയുടെ മടുപ്പു മാറ്റാൻ പാടിപ്പാടി നല്ലൊരു പാട്ടുകാരനായി മാറിയ നൗഷാദ് വ്യാഴം, വെള്ളി ദിവസങ്ങൾക്കായി കാത്തിരിക്കാൻ തുടങ്ങി. ഫാം ഹൗസ് വാടകക്കെടുക്കുന്ന കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പാടുന്നത് ഇന്ന് പതിവാണ്.

27 വർഷം മുമ്പ് ത്വാഇഫിൽ എത്തുമ്പോൾ തികച്ചും പകച്ചുനിന്ന താനിന്ന് ത്വാഇഫിലും ജിദ്ദയിലും നാലു പേരറിയുന്ന കർഷകനും കലാ സാംസ്കാരിക പരിപാടികൾക്ക് സൗകര്യമൊരുക്കുന്ന കലാസ്നേഹിയുമായി മാറിക്കഴിഞ്ഞെന്ന് അഭിമാനത്തോടെ പറയുന്നു നൗഷാദ്.


ജൈവകർഷകൻ

ഇന്ന് നൗഷാദ് നൂറുമേനി വിളവു കൊയ്യുന്ന ജൈവകർഷകനാണ്. ആ കൃഷിരീതിയുടെ പ്രചാരകനുമാണ്. ജൈവവളമല്ലാതെ ഉപയോഗിക്കില്ല. സ്വന്തം മെയ്ക്കരുത്താണ് കൃഷിക്കും വിളവെടുപ്പിനുമുള്ള മുതൽമുടക്ക്. എല്ലാത്തരം കൃഷികളുമുണ്ട്. മുന്തിരിയാണ് പ്രധാനം. പിന്നെ പലവിധ പച്ചക്കറികളും ഇലക്കറിയിനങ്ങളും കിഴങ്ങു വർഗങ്ങളും. നീണ്ടകാലം ശമ്പളത്തിൽ വർധനയില്ലാതായപ്പോൾ ചെറിയ പിണക്കം കാട്ടി നാട്ടിൽ പോയിട്ട് തിരിച്ചുവരാതെ ഒന്നര വർഷം നിന്നു. കഫീൽ നാട്ടിലേക്കു വിളിച്ച് ശമ്പളം കൂട്ടിത്തരാം എന്ന വാഗ്ദാനം നൽകി പുതിയ വിസയിൽ തിരികെ കൊണ്ടുവന്നു.

അതിനുശേഷം ചീരയും മുളകും സ്വന്തം നിലയിൽ കൃഷി ചെയ്യാനുള്ള അനുവാദം കഫീൽ നൽകി. തുച്ഛമാണെങ്കിലും ഇതിെൻറ വിളവെടുപ്പ് വരുമാനം നൗഷാദിനാണ്. നാട്ടിൽനിന്നാണ് ചീരയുടെയും മുളകിെൻറയും മറ്റും വിത്തുകൾ കൊണ്ടുവരുന്നത്. എന്നിട്ട് നല്ല ജൈവരീതിയിൽ എല്ലാം കൃഷി ചെയ്യും; ഒരു രാസവളവും ചേർക്കാതെ, വിഷകീടനാശിനി തളിക്കാതെ. നാട്ടിൽനിന്ന് എത്തിച്ചതാണ് കാന്താരിയടക്കം പലതരം മുളകിനങ്ങളും ചീരയും കറിവേപ്പിലയുമൊക്കെ.

പച്ചക്കറിയുടെയും മറ്റും വിളവെടുപ്പു കഴിഞ്ഞാൽ നിലം മുഴുവനായി ഉഴുതുമറിക്കും. രണ്ടു മീറ്റർ അകലത്തിൽ ഒരു ചാക്കുവീതം ആട്ടിൻകാഷ്ഠം വിതറും. വിത്ത് വിതക്കുമ്പോഴും വളം ഇടുമ്പോഴും ചെരുപ്പോ ഷൂസോ ധരിക്കില്ല. അബൂ അലി അന്ന് പകർന്നുനൽകിയ കൃഷിപാഠങ്ങളാണ് അത്. തന്നിലൊരു ജൈവകർഷകനെ പരുവപ്പെടുത്തിയത് അബൂ അലിയാണെന്ന് നൗഷാദ് പറയും.

ട്രാക്ടർ ഉഴുതുമറിച്ച സ്ഥലമൊക്കെ വീണ്ടും മൺവെട്ടി ഉപയോഗിച്ച് വൃത്തിയാക്കി വരമ്പുവെട്ടി ചെറു കണ്ടങ്ങളാക്കി മാറ്റും. സീസൺ അനുസരിച്ചുള്ള പച്ചക്കറി വിത്തിനങ്ങളാണ് ഈ കൊച്ചുപാടങ്ങളിൽ പാകി മുളപ്പിക്കുന്നത്. ശീതകാല പച്ചക്കറികളും വേനൽക്കാല പച്ചക്കറികളുമൊക്കെ അതിൽപെടും. പച്ചക്കറികളൊക്കെ ദിവസവും രാവിലെ വിളവെടുക്കും. വൈകീട്ട് വണ്ടിയിൽ കയറ്റി ജിദ്ദയിലെ മാർക്കറ്റിലെത്തിക്കും. ഈ വിളകൾ മൊത്തമായി വിലക്കെടുത്ത് കൊണ്ടുപോകാൻ ത്വാഇഫ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മൊത്തക്കച്ചവടക്കാർ വരും. എല്ലാ ദിവസവും വൈകീട്ടാണ് അവരുടെ വാഹനങ്ങൾ എത്തുക. വിലപറഞ്ഞ് ഉറപ്പിച്ചാൽ ഉൽപന്നങ്ങൾ അവർ കൊണ്ടുപോയിക്കോളും.

ആദ്യകാലം മുതലേ ഇങ്ങനെയായിരുന്നു. അന്ന് പക്ഷേ വാഹനങ്ങൾ കൃഷിത്തോട്ടത്തിന് അടുത്തെത്താൻ നല്ല റോഡുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കൃഷിവിളകൾ ഉന്തുവണ്ടിയിൽ (അറബാന) കയറ്റി ഒരു കിലോമീറ്റർ തള്ളിക്കൊണ്ടുപോകണം. ആ ദൂരമത്രയും കുന്നുകയറി പോകണം. അതൊക്കെ കഠിനമായി പണിയായിരുന്നു. ഇന്ന് കൃഷിയിടം വരെ ടാറിട്ട റോഡ് എത്തിയതിനാൽ അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതായി. അത് വലിയ ആശ്വാസമാണ്.

മുന്തിരിയുടെ വിപണി വേറെയാണ്. വിളവ് പ്രായമെത്തുേമ്പാൾ തന്നെ തോട്ടത്തിലെത്തി ആവശ്യക്കാർ വിലയുറപ്പിക്കും. വിളവെടുക്കുന്നതിന് അനുസരിച്ച് കൊണ്ടുപോകും. അത് സീസണൽ വിളയാണ്. വർഷത്തിൽ മൂന്നുമാസമാണ് അതിെൻറ കൃഷിയും വിളവെടുപ്പും. ബാക്കി സമയമെല്ലാം വേറെ വിളകൾ കൃഷിചെയ്യും. എല്ലാ വർഷവും നവംബറിൽ നാട്ടിൽ പോകും. ഡിസംബർ വരെ രണ്ടുമാസം നാട്ടിലാണ്. അതിനുമുമ്പ് വിളവെടുക്കാൻ പറ്റുന്ന കൃഷി മാത്രമേ നാട്ടിൽ പോകുന്നതിന് തൊട്ടുമുമ്പുവരെ ചെയ്യൂ. താനില്ലാതെ വിളകൾ കിടന്ന് നശിച്ചുപോകാൻ ഈ കർഷകൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

പച്ചക്കറി കൃഷിക്കു പുറമെ ഫാം ഹൗസിനു ചുറ്റും പലതരം പൂച്ചെടികളുടെ വലിയൊരു ഉദ്യാനവും നട്ടുവളർത്തിയിട്ടുണ്ട്. റോസയും മുല്ലയും ഡാലിയയും തുടങ്ങി എല്ലായിനങ്ങളും ഇവിടെയുണ്ട്. അത് വിളവെടുപ്പിനോ വിൽപനക്കോ അല്ല. ഫാം ഹൗസിെൻറ മുറ്റങ്ങളെ അലങ്കരിക്കാനാണ്.


സമ്പാദ്യമില്ലെങ്കിലും സഫലം പ്രവാസം

കുടിച്ചുവറ്റിച്ച കണ്ണീർപ്പാടത്ത് ഇന്ന് ജീവിതം തളിർത്തു നിൽക്കുേമ്പാൾ അതിെൻറ പച്ചിലത്തണലിലിരുന്ന് സഫലമീ പ്രവാസം എന്ന് മന്ത്രിക്കുകയാണ് നൗഷാദ്. നാട്ടിൽ കുടുംബം പ്രാരബ്ധം കുറഞ്ഞ് ജീവിതത്തെ ആസ്വദിച്ചുതുടങ്ങിയിട്ടുണ്ട്. ലോണെടുത്തിട്ടാണെങ്കിലും കടബാധ്യത ബാക്കിയാണെങ്കിലും സ്വന്തമായൊരു വീട് എന്ന സ്വപ്നം ഏതാണ്ട് യാഥാർഥ്യമായി. ജീവിതപങ്കാളി സിജി രണ്ടു മക്കളടങ്ങിയ കുടുംബത്തെ നാട്ടിൽ നന്നായി പരിചരിക്കുന്നു. മൂത്ത മകൾ ഫൗസിയ പുക്കാട്ടുപടി എം.ഇ.എ കോളജിൽ ബിരുദ വിദ്യാർഥിനിയാണ്. മകൻ ഫഹദ് 10ാം ക്ലാസ് വിദ്യാർഥിയാണ്.

സ്വന്തം ജീവിതം മാത്രമല്ല നൗഷാദ് ഈ 27 വർഷത്തെ പ്രവാസത്തിനിടെ കരുപ്പിടിപ്പിച്ചെടുത്തത്. നിരവധി പേർക്ക് ഉപജീവനമാർഗം കണ്ടെത്താൻ സഹായിയായി. 42 പേരെയാണ് ലിയ ഒലയ മേഖലയിലും ത്വാഇഫിലുമായി തനിക്ക് പരിചയമുള്ള സൗദി പൗരന്മാർ നൽകിയ വിസകളിൽ കൊണ്ടുവന്നത്. അതിൽ 20 പേരെങ്കിലും ഇപ്പോഴും പ്രവാസത്തിൽ സന്തോഷത്തോടെ തുടരുന്നു. ഈ 42 പേരിൽ 12 പേർ സ്വന്തം നാട്ടുകാരുമാണ്. അങ്ങനെ ദുരിതങ്ങളുടെ മലകയറ്റങ്ങളിലേറെ കണ്ണീർ തൂകിയിട്ടുണ്ടെങ്കിലും അതിെൻറ നനവിൽ സന്തോഷവിത്തുകൾ മുളപ്പിച്ച് സംതൃപ്തിയുടെ നൂറുമേനി കൊയ്യുകയാണ് നൗഷാദ്

Tags:    
News Summary - expatriate malayali in saudi achieved success in agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.