പല കാരണങ്ങളാൽ കർഷകർ കൃഷിയെ കൈയൊഴിഞ്ഞുതുടങ്ങിയ കാലം. ആയിടക്കാണ് പ്രവാസിയായ അഷ്റഫ് കാക്കാട് കൃഷിയെയും ടൂറിസം സാധ്യതകളെയും ഉപയോഗപ്പെടുത്തി പുതുപരീക്ഷണത്തിനൊരുങ്ങുന്നത്. ലക്ഷങ്ങൾ മുടക്കി ‘യാതൊരു ലാഭസാധ്യതയും’ ഇല്ലാത്ത കൃഷിയും ഫാം ടൂറിസവും തുടങ്ങാനുള്ള തയാറെടുപ്പിനെ പരിഹാസത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വരവേറ്റത്.
ടൂറിസ്റ്റ് സാധ്യത ഒട്ടുമില്ലാത്ത ഇന്നാട്ടിൽ അതൊന്നും വിജയിക്കില്ലെന്നു പറഞ്ഞ് നാട്ടുകാരിൽ പലരും നെറ്റിചുളിച്ചു. കളിയാക്കലുകൾക്കിടയിലും മുന്നോട്ടുള്ള യാത്രയിൽനിന്ന് പിന്തിരിയാൻ അഷ്റഫ് തയാറായില്ല. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സമന്വയിപ്പിച്ച് സകല ജീവജാലങ്ങളെയും പരിഗണിച്ചുള്ള സ്വന്തമായൊരു കൃഷിരീതി കഠിനാധ്വാനത്തിലൂടെ ആവിഷ്കരിക്കുകയും അത് നടപ്പാക്കി വിജയിപ്പിച്ചെടുക്കുകയും ചെയ്താണ് അദ്ദേഹം എതിർപ്പുകൾക്കും വിമർശനങ്ങൾക്കും മറുപടി നൽകിയത്.
വയലുകൾ അന്യംനിന്നുപോയ കാലത്ത് വലിയ സാമ്പത്തികനഷ്ടം സഹിച്ചും നെൽകൃഷിയും മറ്റു ജൈവകൃഷികളും നടപ്പാക്കിയും മാതൃക തീർത്തു. ജലസ്രോതസ്സായ വയലുകൾ തിരിച്ചുപിടിച്ച് കൃഷിയോഗ്യമാക്കി. കര്‍ഷകരുടെ പരാജയകഥകള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോഴും കൃത്യമായ പ്ലാനോടുകൂടി മുന്നോട്ടുപോയാൽ കൃഷി വിജയിപ്പിച്ചെടുക്കാമെന്ന് തെളിയിക്കുകകൂടിയാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പുത്തൂരിലെ അഷ്റഫിന്‍റെ റൊയാഡ് ഫാം ഹൗസിലെ വിശേഷത്തിലേക്ക്...
കൃഷിക്കൊപ്പം വളർന്ന കുട്ടിക്കാലം
കർഷക കുടുംബത്തിൽ ജനിച്ചുവളർന്നതിനാലുള്ള ഒരു അടിത്തറ എനിക്കുണ്ട്. കുട്ടിക്കാല ഓർമകളിൽ നാടായ ഓമശ്ശേരിയിൽ നെല്ലും അനുബന്ധ കൃഷിയും നടത്തിയവർ നിരവധിയാണ്. വല്യുപ്പ നാട്ടിലെ പ്രധാന കർഷകനായിരുന്നു. നാട്ടിലും തൊട്ടടുത്ത പ്രദേശത്തുമായി ഏക്കർകണക്കിന് പാടത്ത് നെല്ലും അനുബന്ധ കൃഷിയുമുണ്ടായിരുന്നു.
നെല്ല് കൊയ്ത് വീട്ടിലെത്തിച്ചാൽപിന്നെ വല്യുമ്മക്കാണ് റോൾ കൂടുതൽ. ജോലിക്കാർക്ക് നിർദേശം നൽകുന്നതും അവർക്കുള്ള ഭക്ഷണം തയാറാക്കുന്നതും വല്യുമ്മ തന്നെ, ഒപ്പം വീട്ടിലെ വളർത്തുപക്ഷി-മൃഗങ്ങളെ പരിപാലിക്കലും. പാൽ, മുട്ട, നെല്ല്, എള്ള്, വാഴക്കുല എന്നിവയൊക്കെയായിരുന്നു അന്നത്തെ പ്രധാന വരുമാനം. അവരിൽനിന്നെല്ലാമുള്ള പ്രചോദനവും പാഠവുമാണ് കൃഷിയെ കൈവിടാതെ ചേർത്തുപിടിക്കാൻ എനിക്ക് കരുത്തായത്.
ഫാമിനോട് ചേർന്നും അല്ലാതെയും ഏക്കറോളം ഭൂമിയിൽ നിലവിൽ കൃഷി ചെയ്യുന്നുണ്ട്. ഏതാണ്ട് 50 സെന്‍റോളം വിവിധയിനം നെൽകൃഷിതന്നെയാണ്. അനുബന്ധമായാണ് പഴങ്ങളും പച്ചക്കറികളും വിവിധ ഔഷധച്ചെടികളും മൃഗവളർത്തലും മത്സ്യകൃഷിയും. വ്യത്യസ്തകൃഷിരീതികൾ പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കുകയാണ് അഷ്റഫിന്‍റെ രീതി. അതാണ് വിജയമന്ത്രവും.
വിദേശ രാജ്യങ്ങൾ പഠിപ്പിച്ച കൃഷിപാഠം
നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചതുവഴി പുതിയ കൃഷി അനുഭവങ്ങളാണ് പഠിക്കാൻ സാധിച്ചത്. ബിസിനസ് ആവശ്യാർഥമുള്ള യാത്രയാണെങ്കിലും അതതു രാജ്യങ്ങളിലെ കൃഷിയുടെ നൂതന സാധ്യതകൾ അന്വേഷിക്കാനും പഠിക്കാനും ശ്രമിച്ചു. ബിസിനസ് തിരക്കുകൾക്കിടയിലും അവിടെയുള്ള കർഷകരെയും മേഖലയിലെ വിദഗ്ധരെയും നേരിട്ടുകണ്ടും അറിവുകൾ നേടി.
മൂല്യവർധിതമാകുമെന്ന് ഉറപ്പുള്ള നമ്മുടെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ വിത്തുകളും തൈകളും നിരവധിയുണ്ട് എന്നും നമ്മുടെ കൃഷിസാധ്യത എത്രയോ വലുതാണെന്നുമുള്ള തിരിച്ചറിവ് ലഭിച്ചതും ഇത്തരം യാത്രകളിലൂടെയായിരുന്നു. അതുവഴി സ്വദേശത്തും വിദേശത്തുമുള്ള കൃഷിരീതികൾ സമന്വയിപ്പിച്ച് ഫാം ടൂറിസം എന്ന കാഴ്ചപ്പാടിലൂടെ നിരവധിയാളുകളെ കൃഷി-കൃഷിയിതര സംരംഭങ്ങളിലേക്ക് ആകർഷിക്കാനും സാധിച്ചു. കേരളത്തിന്റെ വാം ഹ്യുമിഡ് ട്രോപിക്കൽ കാലാവസ്ഥയിൽ മിതശീതോഷ്ണമേഖല പഴങ്ങളായ റമ്പൂട്ടാന്‍, മാംഗോസ്റ്റിന്, പുലാസാന്, അബിയു, അവൊകാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവ നന്നായി വിളയുമെന്നും മികച്ച രുചി നൽകുമെന്നും ബോധ്യപ്പെട്ടതോടെയാണ് റബർ വെട്ടിക്കളഞ്ഞ് അവയിൽ ചിലത് നട്ടത്.
മലേഷ്യയിൽനിന്നാണ് മാംഗോസ്റ്റിൻ കൃഷിയെക്കുറിച്ച് കൂടുതൽ പഠിച്ചത്. ഫാമിന് തൊട്ടടുത്തായി ഒരു ഏക്കറിലാണ് മാംഗോസ്റ്റിൻ ഉൾപ്പെടെ കൃഷി ചെയ്യുന്നത്. മോശമല്ലാത്ത വിളവും ലഭിക്കുന്നു. ഇത് ആദായകരമാണെന്ന് മനസ്സിലായതോടെ തോട്ടം വലുതാക്കുകയും മറ്റു കര്‍ഷകര്‍ക്കും പ്രയോജനപ്പെടുംവിധം അവയുടെ തൈകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. 35ഓളം ഫ്രൂട്ടുകളാണ് കൃഷി ചെയ്യുന്നത്. പൂർണമായും ജൈവകൃഷിയാണ് അവലംബിക്കുന്നത്.
കാഴ്ചവിരുന്നൊരുക്കാൻ ഇവർ...
കാഴ്ചകളേറെയുണ്ട് റൊയാഡ് ഫാം ഹൗസിൽ. നാട്ടിൽ അത്യപൂർവമായി മാത്രം കണ്ടുവരുന്ന ഒട്ടകപ്പക്ഷിയെ അടുത്തു കാണണമെങ്കിൽ ഫാമിലേക്ക് വരാം. കട്ടിപ്പുറന്തോടും കൈവെള്ളയിൽ ഒതുങ്ങാത്ത അത്ര വലുപ്പവുമുള്ള മുട്ടയും കാണാം. ഏതാണ്ട് രണ്ടു കിലോക്കു മുകളിൽ തൂക്കം വരും, ആ മുട്ട ഉപയോഗിച്ചൊരു ഓംലെറ്റ് ഉണ്ടാക്കിയാൽ ഏകദേശം 15 ആളുകൾക്കെങ്കിലും പ്രാതൽ തയാർ. 2500 രൂപയാണ് മുട്ടയുടെ വില.
സവാരിയൊരുക്കാൻ ജയ്പുരിൽനിന്ന് എത്തിച്ച കുതിരയാണ് മറ്റൊരു ആകർഷണം. കഴുതകൾ, എമു പക്ഷികൾ, വിവിധ ഇനം പശുക്കൾ, പോത്തുകൾ, ആടുകൾ, കോഴികൾ, പൂച്ചകൾ, ഇഗ്വാന, അലങ്കാരപ്പക്ഷികൾ, അലങ്കാരമത്സ്യങ്ങൾ, മുയലുകൾ, ഗിനിപ്പന്നി എന്നിവയുമുണ്ട്. പശുക്കളിൽ എച്ച്.എഫ്, ഗീർ, വെച്ചൂർ എന്നിവയും ആടുകളിൽ ചെമ്മരിയാട്, അസം എന്നിവയുമാണുള്ളത്.
ഇവർക്കെല്ലാമുള്ള ഭൂരിഭാഗം പുല്ലും തീറ്റയുമെല്ലാം ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നു. 20ഓളം ജീവനക്കാരുടെ നേതൃത്വത്തിലാണ് ഫാം പരിപാലിക്കുന്നത്. ഇക്കോടൂറിസത്തിന് പ്രാധാന്യം നൽകുന്ന ഫാമിന്റെ പച്ചപ്പിൽ ഏറിയ പങ്കും വിവിധയിടങ്ങളിൽനിന്ന് വരുത്തിച്ചതും ഇറക്കുമതിചെയ്തതുമായ പുല്ലുകളും ചെടികളുമാണ്. ഗുണമേന്മയുള്ള ചെടികളും വിത്തുകളും ഫലവൃക്ഷങ്ങളും തൈകളും വിൽക്കുന്ന ഫാം ഫ്രഷ് അഗ്രി നഴ്സറി, കുളങ്ങൾ, ഇന്‍ക്യുബേറ്റര്‍, പോട്ട്സ് ഷോപ്, ചെറു മ്യൂസിയം, ഹാച്ചറി, പൂന്തോട്ടം, ജൈവ സസ്യോദ്യാനം, ചിൽഡ്രൻസ് പാർക്ക് എന്നിവയും അനുബന്ധമായുണ്ട്. വീട് നിർമാണവുമായി ബന്ധപ്പെട്ട് ലാന്‍റ് സ്കേപ് ഒരുക്കൽ, ഡ്രൈനേജ് സിസ്റ്റം നിർമാണം, മുന്തിയ ഇനം ഫലവൃക്ഷങ്ങളും തൈകളും പ്ലാന്‍റ് ചെയ്ത് തോട്ടം തയാറാക്കി നൽകൽ എന്നീ സേവനങ്ങളും ആവശ്യക്കാർക്കായി ചെയ്തുനൽകുന്നുണ്ട്.
സീറോ വേസ്റ്റ് ഫാം
മാലിന്യങ്ങളെല്ലാം വളമാക്കിമാറ്റുന്നതിനാൽ സീറോ വേസ്റ്റ് ഫാം ആണ്. സംയോജിത ഫാമിൽനിന്നുള്ള വിസർജ്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് വളമാക്കും. ഫാമിലെതന്നെ കൃഷിക്ക് ഉപയോഗിച്ച് മിച്ചംവരുന്നവ വിൽക്കും. ഇതിന് ആവശ്യക്കാർ ഏറെയാണ്. ആവർത്തനകൃഷികൊണ്ട് നഷ്ടപ്പെട്ട മണ്ണിന്റെ മൂലകങ്ങളും ജൈവാംശവും തിരിച്ചുപിടിക്കാൻ സഹായിക്കുന്ന രീതിയിലാണ് കമ്പോസ്റ്റ് നിർമിക്കുന്നത്. മണ്ണിനെ സംരക്ഷിക്കാനും മരങ്ങളെ രോഗമുക്തമായി വളരാനും ഇത് സഹായിക്കും.
ഫാമിലെ ഡ്രെയ്നേജ് സിസ്റ്റത്തിന്‍റെ രൂപകൽപനയും വേറിട്ടതാണ്. മഴവെള്ളം പുറത്തേക്ക് ഒഴുകിപ്പോവാതെ ഭൂമിക്കടിയിൽതന്നെ എത്തിക്കുന്ന രീതിയിലാണ് സംവിധാനം. നെൽപാടങ്ങൾക്കൊപ്പം കുളങ്ങളും ജലസംഭരണികളും നിർമിച്ചിട്ടുണ്ട്. ജലസംഭരണികളിൽ ശേഖരിക്കുന്ന വെള്ളം ഡ്രെയ്നേജുകൾ വഴി റീഫില്ലിങ് ചെയ്യുന്ന രീതി നടപ്പാക്കിയാണ് ജലസ്രോതസ്സുകൾ നിലനിർത്തുന്നത്.
മഴവെള്ളം നഷ്ടപ്പെടാതെയുള്ള സംവിധാനം വഴി ആ പ്രദേശത്തെ മരങ്ങളും ചെടികളും പച്ചപ്പോടെ നിലനിൽക്കാനും പ്രദേശത്തെ കുളങ്ങളും കിണറുകളും വറ്റാതെ നിർത്താനും സാധിക്കുന്നുണ്ട്. ഫിൽട്ടർ സിസ്റ്റം വഴി പൂളിലെ വെള്ളവും ശുദ്ധീകരിക്കുന്നു. ഇക്കാരണത്താൽ വേനലിലും വെള്ളത്തിന് ക്ഷാമമുണ്ടാവാറില്ല.
വിജയിയുടെ വിജയമന്ത്രമാണ് കൃഷി
നല്ല പ്രായത്തിൽ ചെയ്യേണ്ട ജോലിതന്നെയാണ് കൃഷി. കൃഷി മാത്രം കൊണ്ടു മുന്നോട്ടുപോകാനും ലാഭമുണ്ടാക്കാനും സാധിക്കും. ആർക്കും ഈ മേഖലയിലേക്കു വരാം. പൂജ്യത്തിൽനിന്ന് തുടങ്ങിയാലും വിജയിക്കും. പക്ഷേ, താൽപര്യവും ക്ഷമയും സ്ഥിരോത്സാഹവും നിർബന്ധം. വിത്തും തൈകളും അറിഞ്ഞു വാങ്ങണം. അതാണ് ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതും.
കർഷകർക്കായി കേന്ദ്ര-സംസ്ഥാന സർക്കാറിന്‍റെ നിരവധി സബ്സിഡികൾ നിലവിലുണ്ട്. അവയിൽ പലതും ഞാൻ കൃഷിക്കായി ഉപയോഗപ്പെടുത്താറുണ്ട്. പരമ്പരാഗത രീതിയിൽനിന്ന് മാറി നവീന സങ്കേതങ്ങളെല്ലാം ഉപയോഗിക്കുമ്പോൾ കൃഷിയുടെ സാധ്യത വേറെത്തന്നെയാണ് -അഷ്റഫ് പറയുന്നു. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ആർക്കും കൃഷിയിൽ വിജയിക്കാം എന്ന് അനുഭവിച്ചറിഞ്ഞ സത്യം മറ്റുള്ളവർക്ക് പകർന്നുനൽകാനും അഷ്റഫ് സദാ സന്നദ്ധനാണ്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവുമുണ്ട്. നേരിട്ടും ഫോൺവഴിയും സംശയം ചോദിക്കുന്നവർ നിരവധിയാണ്. ഫാമിലെ വിവിധ പരിപാടികളോട് അനുബന്ധിച്ച് സൗജന്യ തൈവിതരണവും സംഘടിപ്പിക്കാറുണ്ട്. ഫാം സന്ദർശിക്കുകയും കൃഷിരീതികൾ മനസ്സിലാക്കുകയും ചെയ്ത നിരവധി പേർ ഈ രംഗത്ത് കൃഷിചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നിരവധി അവാർഡുകളും അംഗീകാരങ്ങളും അഷ്റഫിനെ തേടിയെത്തിയിട്ടുണ്ട്. ജസീലയാണ് ഭാര്യ. മുഹമ്മദ് ഉമൈർ, മുഹമ്മദ് സഫ്‍വാൻ, മുഹമ്മദ് തമീം മക്കളാണ്.
ഫാം ടൂറിസം
നഗരങ്ങളിലും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിനു പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചെലവിടുന്ന രീതിയാണ് ഫാം ടൂറിസം. താമസസൗകര്യം, കൃഷിയിട സന്ദർശനം, കാർഷികോൽപന്നങ്ങൾ വാങ്ങാനും കൃഷി നേരിട്ട് അനുഭവിച്ചറിയാനുമുള്ള സൗകര്യം, പരിപാടികളും കൂട്ടായ്മകളും നടത്താനുള്ള സൗകര്യം എന്നിങ്ങനെ അതിഥികൾക്കായി വ്യത്യസ്ത അനുഭവമാണ് റൊയാഡ് ഫാം ഹൗസിലും ഒരുക്കിയിട്ടുള്ളത്.
10 വർഷം മുമ്പാണ് ഫാം ടൂറിസം പ്രോജക്ട് ആരംഭിച്ചതെങ്കിലും അഞ്ചു വർഷം മുമ്പാണ് വിവിധ പദ്ധതികൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചത്. മൂന്നു ഹെക്ടറോളം ഭൂമിയിലാണ് ഇറ്റാലിയൻ കൺസെപ്റ്റിലുള്ള പ്രകൃതിയോട് ഇണങ്ങുന്ന പദ്ധതി വ്യാപിച്ചുകിടക്കുന്നത്. ഇവിടുത്തെ കെട്ടിടങ്ങൾ മുതൽ ഷെഡുകളുടെ നിർമാണഘടനയിൽ വരേ വൈവിധ്യങ്ങളേറെയാണ്. തണുത്ത കാറ്റും നിറയെ പച്ചപ്പുമാണിവിടം. യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് അതിഥികൾ കൂടുതലും.
ഫാമിന്‍റെ ആമ്പിയൻസ് ആസ്വദിച്ച് ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യം ഒരുക്കുന്ന തായ് ടൂറിസം കൺസെപ്റ്റിലുള്ള കഫേയാണ് മറ്റൊരു ആകർഷണം. ‘കൃഷിയാണ് ജീവൻ’ എന്ന സന്ദേശം മുൻനിർത്തി സംഘടിപ്പിക്കുന്ന കൃഷിയുത്സവങ്ങളും ശ്രദ്ധേയമാണ്. പരിസ്ഥിതി പ്രവർത്തകർ, സ്കൂൾ-കോളജ് വിദ്യാർഥികൾ എന്നിവരെ പങ്കെടുപ്പിച്ച് വർഷംതോറും കൊയ്ത്തുത്സവം, മീൻപിടിത്ത മത്സരം, മഡ് ഫുട്ബാൾ എന്നീ പരിപാടികളും നടത്തുന്നുണ്ട്.
കൃഷിയറിവ് പകർന്നുനൽകുന്നതിനൊപ്പം പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കുന്നതിന്‍റെ പാഠംകൂടി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സഞ്ചാരികളെ കൂടാതെ ഇവിടത്തെ പ്രകൃതിസുന്ദരമായ കാഴ്ചകൾ തേടി ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഓമശ്ശേരിക്കടുത്തുള്ള പുത്തൂരിലെ റൊയാഡ് ഫാം ഹൗസിലേക്കെത്തുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.