‘കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും’’
പി. ഭാസ്കരൻ മാസ്റ്റർ എഴുതിയ വരികളാണിത്. ഞങ്ങളുടെ മകൻ അരുൺ ഒരു കന്നിമാസത്തിലാണ് ജനിച്ചത്. അഞ്ചു വയസ്സുവരെ ഒരു കുഴപ്പവുമില്ലാതെ നടന്നു. രണ്ടാമത് ഒരു ആൺകുഞ്ഞുകൂടി ജനിച്ചിരുന്നു -വരുൺ. അവന് ഒമ്പതു മാസം മാത്രമായിരുന്നു ആയുസ്സ്. ഒരിക്കൽ അവന് പനി വന്ന് ഡോക്ടറെ കാണാൻ പോയ സമയത്ത് കൂടെ അരുണും ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഡോ. കൃഷ്ണകുമാർ പറഞ്ഞു.
‘‘കുഞ്ഞിന്റെ നടത്തത്തിന് അൽപം വ്യത്യാസമുണ്ട്, എന്‍റെ പ്രഫസറായ ഡോ. ആനന്ദം തിരുവനന്തപുരത്തുണ്ട്, അവരെ ഒന്ന് കാണിക്കാമോ?’’
തീർച്ചയായും കൊണ്ടുപോകാം എന്നുപറഞ്ഞതും ഡോക്ടറുടെ വിലാസവും ഫോൺ നമ്പറും തന്നു. ഒപ്പം സ്വന്തം ലെറ്റർ പാഡിൽ എന്തോ എഴുതി ഒരു കവറിൽ ഇട്ടുതന്നിട്ട് ഇത് ഡോ. ആനന്ദത്തിന്റെ കൈയിൽ കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്ത ദിവസം തന്നെ ഡോ. ആനന്ദത്തെ ഞങ്ങൾ വിളിച്ചു. അവർ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ മകനെയും കൊണ്ടുപോയി. മകനെ പരിശോധിച്ചശേഷം അവർ പറഞ്ഞു: ‘‘ഡോ. കൃഷ്ണകുമാർ ഡയഗനൈസ് ചെയ്തത് ശരിയാണ്. മകൻ അരുണിന് സെറിബ്രൽ പാൾസിയാണ്. ഇപ്പോൾ നടക്കുന്നുണ്ട് എങ്കിലും വളർച്ചക്കനുസരിച്ച് ചിലപ്പോൾ നടക്കാൻ പ്രശ്നം വന്നേക്കാം. പ്രതിരോധ ശക്തികുറയാനും സാധ്യതയുണ്ട്. ഇതിന് പ്രത്യേക മരുന്നുകൾ ഒന്നുമില്ല.’’
തുടർന്ന് ഒരു കത്തെഴുതി തന്നിട്ട് ഡോ. കൃഷ്ണകുമാറിനെ തന്നെ കാണിക്കാനും പറഞ്ഞു.
നാലാം ക്ലാസുവരെ ആരുടെയും സപ്പോർട്ടില്ലാതെ നടന്ന് സ്കൂളിൽ പോകുമായിരുന്നു അരുൺ. വളർച്ചക്ക് അനുസരിച്ച് അൽപാൽപം നടത്തത്തിൽ ചെറുതായി പ്രശ്നങ്ങൾ വന്നു. എഴുതാനും ബുദ്ധിമുട്ട്. എഴുതും പക്ഷേ, ഉദ്ദേശിക്കുന്ന സ്ഥലത്ത് എഴുതാൻ പ്രയാസം. നല്ല ഓർമശക്തിയുണ്ടായിരുന്നു. എന്തും നന്നായി മനസ്സിലാക്കും. കന്നട, ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ നന്നായി അറിയാം, സംസാരിക്കാനും എഴുതാനും.
ഭർത്താവ് സുബ്രഹ്മണ്യം ബാങ്ക് ഉദ്യോഗസ്ഥനായതുകൊണ്ട് ഓരോ മൂന്നു വർഷം കൂടുമ്പോഴും സ്ഥലംമാറ്റം വരും. അതൊന്നും അരുണിന് ഒരു പ്രശ്നമേ ആയിരുന്നില്ല. നന്നായി പഠിക്കുന്നതുകൊണ്ട് എല്ലാ ടീച്ചർമാരും അവനെ സഹായിച്ചിരുന്നു. ഒപ്പം, കൂടെയുള്ള കുട്ടികളും.
അവൻ പത്താം ക്ലാസ് വരെ പഠിച്ചു. സെറിബ്രൽ പാൾസി ആയാലും പകരം ആളെവെച്ച് പരീക്ഷ എഴുതിക്കാൻ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കില്ല. ഒമ്പതാം ക്ലാസ് വരെ പരീക്ഷകൾക്ക് വലിയ ഉത്തരം എഴുതണ്ട. ചോദ്യം ചോദിക്കും, ഉത്തരം പറഞ്ഞാൽ മതി. ടീച്ചർമാർ ചോദിച്ച് മാർക്ക് ഇടും. ചെറിയ ഉത്തരങ്ങൾ എഴുതുകയും ചെയ്യും.
പത്താം ക്ലാസിൽ പൊതുപരീക്ഷക്ക് അങ്ങനെ പറ്റില്ല. പകരം ആളെവെച്ച് എഴുതിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടു. എന്നാൽ, സെറിബ്രൽ പാൾസിക്കാർക്ക് അത് പറ്റില്ല എന്നു പറഞ്ഞു. പറ്റുന്നമാതിരി പരീക്ഷ എഴുതി, അത്രതന്നെ.
വീട്ടിൽ ഇരുന്നാലും അവൻ എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. ഒരിക്കലും മടി എന്ന വാക്ക് അവന്റെ നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല. ദിവസവും വൈകീട്ട് ക്രിക്കറ്റ് കളിക്കും. എവിടെയെങ്കിലും ചാരിനിന്നേ കളിക്കാൻ പറ്റൂ. ഞാൻ ബാൾ ഇട്ടുകൊടുക്കും. അങ്ങനെ തട്ടിത്തട്ടി കളിക്കും. ദിവസവും ഉറങ്ങുന്നതിനു മുമ്പേ ഭർത്താവ് സുബ്ബു ഓരോ ഗുണപാഠ കഥകൾ പറഞ്ഞുകൊടുക്കും. ഞാനും മാഗസിനുകളിൽ വരുന്ന എല്ലാം വായിച്ചുകേൾപ്പിക്കുമായിരുന്നു. അങ്ങനെ സന്തോഷകരമായി ദിനരാത്രങ്ങൾ കഴിഞ്ഞു.
നാലാം ക്ലാസ് മുതൽ എല്ലാ അവധിക്കാലത്തും ആയുർവേദ ചികിത്സകളാണ് നൽകിയത്. തേപ്പും പിഴിച്ചിലും ശിരോവസ്തിയും മാത്രാവസ്ത്രിയുമൊക്കെ. ആശുപത്രികളിൽ പോകുമ്പോൾപോലും എന്റെ രക്ഷിതാക്കളും കൂട്ടിനുണ്ടാകും. ഒരിക്കലും ചികിത്സ എന്നു തോന്നാതെ ഒരു യാത്രക്ക് പോകുന്ന പോലെയായിരുന്നു അതെല്ലാം. ഇടക്ക് ബന്ധുക്കളും വരും.
പിന്നെ ഓരോ സ്ഥലങ്ങൾ കാണാനും പോയിരുന്നു. ദിവസവും കഷായം കുടിക്കലും മറ്റും വളരെ പ്രയാസം തന്നെയാണ്. ‘അമ്മാ വായിൽ ഒഴിച്ചേക്ക്’ എന്നു പറഞ്ഞ് പാവം കിടന്ന് വായ് കാട്ടും. വർഷങ്ങളോളം കൊടുത്തു കഷായങ്ങൾ. എവിടെയും കൊണ്ടുപോകാം, ഒന്നു ശരിയായാൽ മതി എന്നായിരുന്നു മനസ്സു മുഴുവൻ.
ബംഗളൂരു നിംഹാൻസിൽ കൊണ്ടുപോകുന്നത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ന്യൂറോ പ്രശ്നമാണ് എന്നറിയാം എങ്കിലും. അവരും പറഞ്ഞു ഇതിന് മരുന്നുകൾ ഒന്നുമില്ലെന്ന്. സെന്‍റ് ജോൺസ് ഹോസ്പിറ്റലിലും പോയി. എല്ലാവർക്കും ഒരേ ഉത്തരംതന്നെ. അതുകൊണ്ടാണ് ആയുർവേദത്തിലേക്കും പ്രകൃതിചികിത്സയിലേക്കും ഒക്കെ തിരിഞ്ഞത്. അങ്ങനെയിരിക്കെ മാതാപിതാക്കളുടെ ക്രോമസോം പ്രശ്നം കൊണ്ടും ഇങ്ങനെ വരാമെന്ന് ബംഗളൂരുവിൽനിന്ന് അറിഞ്ഞു. അതും ഉറപ്പിക്കാൻ വേണ്ടി ടെസ്റ്റ് ചെയ്തു. പക്ഷേ, അതല്ലെന്ന് റിസൽട്ട് വന്നു. ലക്ഷത്തിൽ ഒരു കുഞ്ഞ് ഇങ്ങനെ ജനിക്കും എന്ന് ഡോക്ടർമാർ പറഞ്ഞു.
ഒരു നവരാത്രി ദിവസം ഒക്ടോബർ 12. അവന് ഒരു പനി വന്നു. ഡോക്ടറെ കണ്ടു മടങ്ങി. അടുത്ത ദിവസവും പനിയും ചുമയും. വയറിന് ചെറിയ വേദനയും. അന്നുതന്നെ വീണ്ടും ആശുപത്രിയിൽ പോയി.
എക്സ്റേയും ചില രക്തപരിശോധനകളും നടത്തി. കഫക്കെട്ടുണ്ട്, അഡ്മിറ്റാക്കണം എന്നു പറഞ്ഞു. അഡ്മിറ്റായി അന്നു രാത്രി മുതൽ നിലക്കാത്ത ചുമ തുടങ്ങി. നിർത്താത്ത ചുമ മണിക്കൂറുകൾ നീണ്ടു. പക്ഷേ, ശ്വാസംമുട്ടലൊന്നും ഉണ്ടായില്ല. അഞ്ചാം ദിവസം ഓക്സിജൻ അളവു കുറഞ്ഞു. അതുകൊണ്ട് ഐ.സി.യുവിലേക്ക് മാറ്റി. ഞങ്ങൾക്ക് കൂടെയിരിക്കാൻ അനുമതി നൽകി.
16 ദിവസം ഐ.സി.യുവിൽ ഇരുന്നു. രാത്രി സുബ്ബു ഒരു സ്റ്റൂളിൽ മോന്റെ അടുത്ത് ഇരിക്കും. പകൽ ഞാനും എന്റെ സഹോദരിമാരും സുബ്ബുവിന്റെ സഹോദരങ്ങളും മാറിമാറി ഇരുന്ന് ഓരോന്നു പറഞ്ഞ് സന്തോഷിപ്പിച്ചു കൊണ്ടിരുന്നു. ഒരു ദിവസം ഡോക്ടർ എന്നെ വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘‘മകന്റെ അസുഖം എന്താണെന്നറിയാമല്ലോ, ജനിക്കുമ്പോൾ തന്നെയുള്ള അസുഖമാണ്. അത് നിങ്ങൾ ഉൾക്കൊള്ളണം. കുഞ്ഞിന്റെയും നിങ്ങളുടെയും കൂടെ എല്ലാരുമുണ്ട്, എന്തു വന്നാലും സഹിക്കാനുള്ള മനക്കരുത്ത് വേണം. ഒന്നും നമ്മുടെ കൈയിലല്ല’’.
പിന്നീട് ഐ.സി.യുവിൽനിന്ന് റൂമിലേക്ക് മാറ്റി. തുടർന്ന് വീട്ടിൽ പോയി ഓക്സിജൻ കൊടുത്താൽ മതി എന്നു പറഞ്ഞു. വീട്ടിലെ അന്തരീക്ഷം കുട്ടിക്ക് കുറച്ചുകൂടി സന്തോഷം നൽകും.
നവംബർ ഏഴിന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിൽ പോയി. ഓക്സിജൻ സിലിണ്ടറുമായി അന്ന് ഒരു ചുമയും വരാതെ നോക്കി ഞങ്ങൾ അവനെ കെട്ടിപ്പിടിച്ച് ഉറങ്ങി. അടുത്ത ദിവസം മൂന്നു മണിയായപ്പോൾ ചുമ വല്ലാതെ കൂടി. ആ ചുമ കണ്ടുനിൽക്കാൻ പറ്റില്ല. ആ ദിവസം കുഞ്ഞും ഞങ്ങളും ഉറങ്ങിയിട്ടില്ല എന്നതാണ് സത്യം.
അന്ന് അമൃതയിലേക്ക് കൊണ്ടുപോയി. വീണ്ടും ടെസ്റ്റുകളും ഇൻജക്ഷനും തുടർന്നു. ചുമക്കു മാത്രം കുറവില്ല. ദൈവമേ... ആ ദിവസങ്ങൾ എങ്ങനെ തരണം ചെയ്തുവെന്ന് ഓർക്കാൻ ഇപ്പോൾ ത്രാണിയില്ല.
എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തന്നു. ചുമച്ചുചുമച്ച് ഓക്സിജൻ കുറയും. ഒന്നുരണ്ടു ദിവസം അവിടെയും ഐ.സി.യുവിൽ. പിന്നെ ഐസൊലേഷനിലേക്ക് മാറ്റി. ഞങ്ങൾ രണ്ടുപേരെയും ഒപ്പമിരിക്കാൻ അനുവദിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ചുമവരും. നേരെ ഭക്ഷണം ഇറക്കാൻ പ്രശ്നമായപ്പോൾ ട്യൂബിട്ടു. അവൻ എല്ലാം മാറിവരും എന്നു വിചാരിച്ച് സഹിച്ചു. അമ്മാ ദാഹം, അൽപം വെള്ളം തരൂവെന്ന് പറയുമ്പോൾ ഡോക്ടർമാർ പറഞ്ഞു, വെള്ളം കൊടുക്കാൻ പാടില്ല, ഛർദി വരുമെന്ന്. ചുണ്ടിൽ നനച്ചുകൊടുത്താൽ മതിയെന്നാണ് അവർ പറയുക. ഇങ്ങനെയൊരു അവസ്ഥ ആർക്കും വരരുതേ എന്നുവിചാരിക്കും പലപ്പോഴും.
ഒരു ദിവസം സുഹൃത്തായ ഡോ. സഞ്ജയ് സിങ്, അമേരിക്കയിൽനിന്നും ഒരു ഡോക്ടർ വരുന്നുണ്ട്, അരുണിനെ കാണിക്കാമെന്നു പറഞ്ഞു. അതുകേട്ടതും അരുണിന് വളരെ സന്തോഷമായി. അവന് ജീവിക്കാൻ അത്രമേൽ ആഗ്രഹമായിരുന്നു. ഡിസംബർ പത്തിനാണ് ഡോക്ടർ വന്നുകാണുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിനം. അവനെ പരിശോധിച്ച ശേഷം ഡോക്ടർ റൂമിലേക്ക് വിളിപ്പിച്ചു. തുടർന്ന് പറഞ്ഞു: ‘‘നമ്മുടെ കാഴ്ചക്ക് അരുണിന് ഒരു കുറവും കാണാനില്ലെങ്കിലും മസിൽ പവർ എല്ലാം പോയി. ഇനി മുന്നോട്ടുള്ള ദിവസങ്ങൾ പ്രയാസം നിറഞ്ഞതാവും. കുഞ്ഞിനെ കഷ്ടപ്പെടുത്തരുതേ എന്ന് പ്രാർഥിക്കൂ.’’
മരണം ഏതു നേരവും എത്തിനോക്കും എന്നറിയുമ്പോഴുള്ള മനസ്സിന്റെ തീയണക്കാൻ ആർക്കാണ് സാധിക്കുക. ഒന്നുരണ്ട് ആഴ്ചക്കുള്ളിൽ അസുഖം ഭേദമായി വീട്ടിൽ പോകാമെന്ന് കണ്ണീർ മറച്ചുപിടിച്ച് ഞാനെന്‍റെ മകനോട് പറഞ്ഞു.
ഡിസംബർ 23ന് രാത്രി എട്ടു മണി. ‘അമ്മാ വരൂ കിടക്കൂ’ എന്നവൻ വിളിച്ചു. ഞാൻ സുബ്ബുവിനോടു പറഞ്ഞു. ഞങ്ങൾ ഉറങ്ങാൻ പോകുവാണ്. ഞങ്ങളെ വിളിക്കരുതെന്ന്. പുതപ്പും എടുത്ത് കട്ടിലിൽ കിടന്നു. എന്റെ കാലിലും അരുണിന്റെ കാലിലും പുതപ്പിട്ടു. ‘അമ്മാ വാ’ എന്നുപറഞ്ഞ് അവൻ എന്റെ കൈ പിടിച്ചു. ഞാൻ കിടക്കാൻ നോക്കിയപ്പോൾ വീണ്ടും അവന്‍റെ ‘അമ്മാ’ എന്ന വിളി.
ഒരുനിമിഷം. പൊക്കിൾക്കൊടിയിൽനിന്ന് ഒരു പ്രകാശരശ്മി അവന്‍റെ തൊണ്ടവരെ പോകുന്നത് ഞാൻ കണ്ടു. സുബ്ബു അപ്പോഴും അവന് നെബുലൈസേഷൻ കൊടുക്കുകയായിരുന്നു; വിഷ്ണുസഹസ്രനാമവും ചൊല്ലിക്കൊണ്ട്.
ഇന്നും നമ്മുടെ കരങ്ങളെക്കാൾ ശക്തിയുള്ള ദൈവത്തിന്റെ കരങ്ങളിൽ അവനുണ്ട് എന്നു വിശ്വസിക്കാനാണ് ഏറെ ഇഷ്ടം. ഇനിയൊരു ജന്മമുണ്ടെങ്കിലും ആ രണ്ടു പേരും ഞങ്ങളുടെ മക്കളായിത്തന്നെ ജനിക്കണേ എന്നാണ് പ്രാർഥന.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.