ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയാണ് ഗോകുലനും സുധി കോപയും ലുഖ്മാൻ അവറാനും കാമറക്കു മുന്നിലേക്ക് എത്തിയത്. സിനിമ സെറ്റിലെ തമാശകൾ ഒന്നിനൊന്ന് പൊട്ടിച്ച് ലുഖ്മാനും ഗോകുലനും. അതിൽ നിറഞ്ഞ് നിർത്താത്ത ചിരിയുടെ ചിറകിലേറി സുധി കോപ. പുതു മലയാള സിനിമയിലെ ഈ താരക്കൂട്ടം ഇന്ന് സന്തോഷത്തിലാണ്. കൈയിൽ ഒരുപിടി നല്ല ചിത്രങ്ങൾ. ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ മലയാള മനസ്സുകളിൽ ചേക്കേറിയ ഇവർ ഊഷ്മള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും മുന്നിൽതന്നെ...
കൊച്ചിക്കാരനായ സുധി കോപയാണ് കൂട്ടത്തിൽ സിനിമയിൽ ആദ്യമെത്തിയയാൾ. സാഗർ ഏലിയാസ് ജാക്കിയിലെ ഗുണ്ടയായി അരങ്ങേറ്റം കുറിച്ച് ആടിലെ 'കഞ്ചാവ് സോമനാ'യി മലയാളികൾ അറിഞ്ഞുതുടങ്ങിയ നടൻ. ജോസഫിലും ഇലവീഴാപൂഞ്ചിറയിലും ശ്രദ്ധേയ വേഷങ്ങൾ. തല്ലുമാല, ഉണ്ട, നാരദൻ തുടങ്ങി സൗദി വെള്ളക്കയിലൂടെ നായക പദവിയിലേക്ക് നടന്നുകയറി ലുഖ്മാൻ. ഈ ചങ്ങരംകുളംകാരന്‍റെ വർഷങ്ങളുടെ സിനിമമോഹങ്ങൾക്കാണ് വിജയം കണ്ടുതുടങ്ങുന്നത്.
ഉണ്ടയിലും തല്ലുമാലയിലും എറണാകുളം കാക്കനാട് സ്വദേശിയായ ഗോകുലനും മികച്ച വേഷങ്ങൾ ചെയ്തു. പുണ്യാളൻ അഗർബത്തീസിലെ 'ജിബ്രൂട്ട'നായി മലയാളികളെ കൈയിലെടുത്ത നടൻ.
സുധി കോപ: എറണാകുളത്ത് ടി.സി.സിയിൽ ജോലിക്കാരനായിരുന്നു എന്‍റെ അച്ഛൻ ശിവശങ്കരപിള്ള. സ്വന്തമായി ബാലെ ട്രൂപ് നടത്തിയിരുന്നു. എന്നാൽ, സിനിമയായിരുന്നു എന്‍റെ പാഷൻ. യാദൃച്ഛികമായി അഭിനയിക്കാൻ അവസരം കിട്ടിയതൊന്നുമല്ല. അവസരം ചോദിച്ച് ഒട്ടേറെ നടന്നു. അത് ഒരു കഷ്ടപ്പാടായി ഇതുവരെ തോന്നിയിട്ടില്ല. സംവിധായകനെ കാണാൻ എത്രനേരം വേണമെങ്കിലും കാത്തിരിക്കാൻ തയാറായിരുന്നു. എവിടെവരെ പോകാനും.
അത് ശരിവെക്കുകയാണ് ലുഖ്മാനും ഗോകുലനും. സിനിമയിൽ മുഖംകാണിക്കാൻ നടത്തിയ സാഹസങ്ങളുടെ വിശേഷങ്ങൾ ഒട്ടേറെ പറയാനുണ്ട് ഇരുവർക്കും...
ലുഖ്മാൻ: 2012ൽ ഹർഷദ് 'ദായോം പന്ത്രണ്ടും' എന്ന സിനിമ സംവിധാനം ചെയ്യുന്നതറിഞ്ഞ് മലപ്പുറം ചങ്ങരംകുളത്തെ വീട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറിയതാണ് ഞാൻ. മുഹ്സിൻ പരാരിയായിരുന്നു അതിൽ സംഭാഷണം രചിച്ചത്. അവരുമായി സംസാരിച്ചപ്പോൾ അവർ ഒരു കണ്ടീഷൻ വെച്ചു: 'സിനിമയിലെ ഒരു കഥാപാത്രത്തിന് കാറുണ്ട്. സ്വന്തമായി കാറുംകൊണ്ട് വന്നാൽ ആ കഥാപാത്രം നിനക്ക് ചെയ്യാം' എന്ന്. അന്ന് ഒരു പാഷൻ പ്ലസ് ബൈക്ക് മാത്രമേ സ്വന്തമായുള്ളൂ. കാറോടിക്കുന്നതുപോലും അത്ര വശമില്ല. എന്നാലും നാട്ടിൽ പോയി ഒരു കാർ റെന്‍റിനെടുത്തു. അത് രണ്ടാഴ്ചകൊണ്ട് ഒരുവിധം ഓടിച്ചു പഠിച്ച് ലൊക്കേഷനിലേക്ക് വിട്ടു. അങ്ങനെയാണ് മുഹ്സിനും അർഷാദിക്കയുമായൊക്കെ പരിചയത്തിലാകുന്നത്.
ഗോകുലൻ: നാടകത്തിൽ അഭിനയിക്കാൻ വേണ്ടി മാത്രം എം.ഫിലിന് ചേർന്ന കഥയാണ് എന്റേത്. ലോഹിതദാസിന്‍റെ അസോസിയറ്റ്സായിരുന്ന മനോജ് കുമാർ, വിനോദ് കുമാർ എന്നിവരുടെ കീഴിലാണ് നാടകാഭിനയം പഠിക്കുന്നത്. കളമശ്ശേരി കേന്ദ്രീകരിച്ച് സെലിബ്രേഷൻസ് എന്ന പേരിൽ ഒരു തിയറ്റർ ഗ്രൂപ് അവർക്കുണ്ട്. കാക്കനാട് ഭാരതമാത കോളജിൽനിന്ന് ഡിഗ്രിക്കുശേഷം പ്രസ് അക്കാദമിയിൽനിന്ന് ജേണലിസം എടുത്തു. പിന്നെ കുസാറ്റിൽ ബിസിനസ് ഇക്കണോമിക്സ് പി.ജി. അവിടെത്തന്നെ ഇക്കണോമിക്സിൽ എം.ഫിലിന് ചേർന്നത് നാടകത്തിൽ അഭിനയിക്കാനാണ്. സിനിമ എന്നത് അന്ന് മനസ്സിൽപോലുമില്ല. കാരണം എത്തിപ്പെടാവുന്നതിലും അപ്പുറമായിരുന്നു അന്ന് സിനിമ.
സൗഹൃദങ്ങൾ സിനിമയിലേക്ക് അവസരത്തിന് വഴിതുറന്നിട്ടുണ്ടെന്ന പക്ഷക്കാരാണ് മൂവരും. എങ്കിലും സൗഹൃദം കൊണ്ടുമാത്രം അഭിനയരംഗത്ത് പിടിച്ചുനിൽക്കാനുമാകില്ല.
ലുഖ്മാൻ: സൗഹൃദംകൊണ്ട് മാത്രം സിനിമയിൽ അവസരം ലഭിക്കണമെന്നില്ല. എന്നാൽ, സിനിമ ഉണ്ടാകുന്നതിൽ സൗഹൃദം ഒരു കാരണമാണ്. സാധാരണ നമ്മുടെ ജീവിതത്തിലെ സൗഹൃദം തന്നെയാണ് സിനിമയിലും സംഭവിക്കുന്നത്. കോളജിലും ജോലിസ്ഥലത്തും ഒരുമിച്ച് കാണുന്നതുപോലുള്ള സൗഹൃദംതന്നെ ഇവിടെയും. നമ്മളുമായി സംസാരിച്ചിരിക്കാൻ കഴിയുന്നവരുമായാണ് കൂടുതൽ സ്നേഹം ഉടലെടുക്കുക.
ഗോകുലൻ: നാടകാഭിനയം കണ്ടാണ് സംവിധായകൻ കിരൺ വിളിച്ച് കുടുംബശ്രീ ട്രാവൽസിൽ അവസരം നൽകുന്നത്. പിന്നീട് സിനിമയിൽ അവസരം അന്വേഷിച്ച് തുടങ്ങിയപ്പോൾ സുധി കോപയെയും ലുഖ്മാനെയും പരിചയപ്പെട്ടു. അത് വളരെ ഗുണംചെയ്തു. ആമേനിൽ അഭിനയിക്കുമ്പോഴാണ് സുധിച്ചേട്ടനെ കാണുന്നത്. അദ്ദേഹം തരുന്ന കരുതലും പ്രചോദനവും ഗൈഡൻസുമൊക്കെ ഒരിക്കലും മറക്കാനാകില്ല.
സൗഹൃദങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നത് നമ്മുടെ മിടുക്കാണ്. സൗഹൃദംകൊണ്ട് മാത്രം സിനിമയിൽ അഭിനയിക്കാൻ പറ്റണമെന്നില്ല. ലുഖ്മാൻ, ഖാലിദ് റഹ്മാൻ എന്നിവരുടെ സുഹൃദ്ബന്ധവും ഗുണംചെയ്യുന്നുണ്ട്. എങ്കിലും നമ്മൾ എങ്ങനെ മികച്ച രീതിയിൽ സിനിമയിൽ അഭിനയിക്കുന്നുവെന്നതാണ് കാര്യം. അങ്ങനെവന്നാൽ മാത്രമേ വിജയമുണ്ടാകൂ. എനിക്ക് മികവില്ലെങ്കിൽ ആരെന്നെ സഹായിച്ചിട്ടും കാര്യമില്ല.
ഇതുകേട്ടിരുന്ന സുധി കോപയും തലകുലുക്കി...
സുധി കോപ: സൗഹൃദം സിനിമയിൽ ഗുണംചെയ്തിട്ടുണ്ടെങ്കിലും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ വൃത്തിയായി ചെയ്തില്ലെങ്കിൽ കാര്യമില്ല. ഞാൻ നന്നായി അഭിനയിക്കുമെങ്കിൽ മാത്രമേ ഗോകുലനോ ലുഖ്മാനോ ഒരവസരം വന്നാൽ എന്നെ ആ സിനിമയിലേക്ക് നിർദേശിക്കൂ. അഭിനയമായാലും സംവിധാനമായാലും മറ്റ് ഏത് സാങ്കേതിക ജോലിയായാലും അങ്ങനെതന്നെ. 2006-07 കാലത്താണ് പുതിയ മാറ്റങ്ങൾ മലയാള സിനിമയിൽ വന്നുതുടങ്ങിയത്. ഓരോ പടത്തിനായും ഓഡിഷൻ തുടങ്ങുന്നത് അക്കാലത്താണ്. ചെറിയ കാരക്ടറുകൾ വരെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ഞങ്ങൾക്കൊക്കെ അവസരം ലഭിച്ചുതുടങ്ങിയത്.
ഓണാഘോഷം എങ്ങനെ?
ലുഖ്മാൻ: ഇക്കുറി ഓണത്തിന് സക്കരിയ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിലാണ്. കോഴിക്കോടും തൃശൂരുമൊക്കെയായാണ് ലൊക്കേഷൻ. തല്ലുമാല, സൗദി വെള്ളക്ക എന്നിവയിലാണ് അവസാനമായി അഭിനയിച്ചത്. വാപ്പ അവറാനും ഉമ്മ ഹലീമയും ഞങ്ങൾ അഞ്ചു മക്കളും അടങ്ങുന്നതാണ് കുടുംബം. ഞാൻ രണ്ടാമത്തെയാളാണ്. ഭാര്യ ജുമൈമ ഇപ്പോൾ എം.കോം ചെയ്യുന്നു.
സുധി കോപ: ഞങ്ങൾ പശ്ചിമ കൊച്ചിക്കാർക്ക് എന്നും എന്തും ആഘോഷമാണ്. പെരുന്നാളും ഉത്സവങ്ങളും ഹോളിയും പുതുവർഷവുമൊക്കെ ഒന്നുപോലും വിടാതെ ആഘോഷിക്കും. അതുപോലെതന്നെ ഓണവും. ഞങ്ങൾക്ക് എല്ലാ ഞായറാഴ്ചയും ഒരു ജന്മദിന പാർട്ടിയെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ വിവാഹ വാർഷികം. ബുദ്ധപൗർണമി പോലും ഇവിടെ ആഘോഷിക്കുന്നുണ്ട്. കൊച്ചിയുടെ 'കോ', പള്ളുരുത്തിയുടെ 'പ' എന്നിവ ചേർത്താണ് എന്‍റെ പേരിലെ 'കോപ' തന്നെ ഉണ്ടായത്. പലരും വിളിച്ചുവിളിച്ച് അത് പേരിനൊപ്പം ചേർന്നു.
ഗോകുലൻ: ബാല്യകാലത്താണ് ഓണം ഏറെ രസകരം. അന്ന് എല്ലാവരും ഒത്തുകൂടിയിരുന്നത് ഓണക്കാലത്താണല്ലോ. അമ്മായിയും വല്യച്ഛനും കസിൻസുമൊക്കെ വീട്ടിൽവരും. അല്ലെങ്കിൽ നമ്മൾ അങ്ങോട്ട് പോകും. ഇന്ന് അതിനൊക്കെ മാറ്റം വന്നില്ലേ. ആരും അകലെയാണെന്ന് ഇന്ന് തോന്നുന്നില്ല. എന്നാൽ, ഒത്തുകൂടലിന്‍റെ സന്തോഷം ഇന്ന് നമുക്ക് കിട്ടുന്നുമില്ല. നാട് മൊത്തം ആഘോഷിക്കുന്ന സന്തോഷംതന്നെയാണ് ഓണം. കോടതി ജോലിക്കാരനായിരുന്നു അച്ഛൻ സത്യൻ. നാലാണും ഒരുപെണ്ണുമായി അഞ്ചു മക്കളാണ് ഞങ്ങൾ. ഭാര്യ ധന്യയും അഞ്ചുമാസക്കാരി റിഥവും വീട്ടിലുണ്ട്.
വീട്ടിൽ സിനിമക്കാരാണോ...?
പൊട്ടിച്ചിരിയോടെയാണ് മൂവരുടെയും മറുപടി. വീട്ടുകാർ നമ്മളെ സിനിമക്കാരായി കാണാൻ ഇപ്പോഴും തയാറായിട്ടില്ല. അതിന്‍റെ ഒരു ബഹുമാനവും കിട്ടുന്നില്ലെന്നത് സ്വകാര്യ ദുഃഖം.
ലുഖ്മാൻ: റിലീസിന് ഒരുങ്ങുന്ന സൗദി വെള്ളക്ക, ആളങ്കം പടങ്ങളിൽ നായകവേഷമുണ്ടെന്നൊക്കെ പറയാം. പക്ഷേ, വീട്ടിൽ ചെന്നാൽ നായകപരിഗണനയൊന്നും കിട്ടില്ല. ചെന്ന് കയറുമ്പോഴായിരിക്കും ഉമ്മ റേഷൻപീടികയിലേക്ക് പറഞ്ഞയക്കുക. നേരംവൈകി വീട്ടിൽ വന്നാൽ ചോറിൽ വെള്ളമൊഴിച്ചുവെക്കുമെന്നും ഉമ്മ ഭീഷണി മുഴക്കും.
നിലക്കാത്ത ചിരിയോടെതന്നെ മൂവരും പിരിഞ്ഞു. സിനിമകളുടെ തിരക്കുകളിലേക്കുതന്നെ...
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.