2ജിയും 3ജിയും ഇഴഞ്ഞാണ് നമ്മുടെ നാട്ടിലെത്തിയതെങ്കില്‍ 4ജിയുടെ വരവ് വേഗത്തിലായിരുന്നു. എന്നാൽ, 4ജി പോലുമെത്താത്ത സ്ഥലങ്ങളില്‍ ഇന്ന് 5ജി എത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് നമ്മളൊരു ഫോണ്‍ വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും അത് 5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടുള്ളവ തന്നെയായിരിക്കണം.

5ജി ഫോണുകള്‍ക്ക് വലിയ വില നൽകേണ്ടിവരില്ലേ എന്നു ചിന്തിക്കുന്നവരാണ് അധികവും. ഏറ്റവും വിലകുറഞ്ഞ 5ജി ഫോണ്‍ എന്ന അവകാശവാദവുമായി ഒട്ടേറെ ഫോണുകള്‍ ഇന്നു വിപണിയിലുണ്ടെങ്കിലും ഗുണമേന്മയുടെ കാര്യത്തിലാണ് പലർക്കും സംശയം. എന്നാൽ, പതിനായിരത്തിനടുത്ത് വിലയിൽ ഇന്നു നല്ല സ്പെക്കുള്ള 5 ജി ഫോണുകള്‍ ലഭ്യമാണ്. നമുക്കതില്‍ ചിലത് പരിചയപ്പെടാം.


ലാവ: ബജറ്റ് 5ജി ഫോണുകളുടെ സെഗ്മെന്റില്‍ വിപണിയില്‍ ഏറ്റവും അവസാനമായി ലോഞ്ച് ചെയ്തത് ഒരിന്ത്യന്‍ ബ്രാൻഡിന്റെ ഫോണ്‍ ആണ്. അതായത്, നവംബർ ആദ്യവാരം ഇന്ത്യന്‍ ബ്രാൻഡായ ലാവയുടെ ബജറ്റ് ഫോണായ ബ്ലേസ്2 5ജി പുറത്തിറങ്ങിയിരുന്നു. ലാവ മുന്‍വര്‍ഷം പുറത്തിറക്കിയ ബ്ലേസ് എന്നതിന്റെ 5ജി വേര്‍ഷനാണിത്.

6.56 ഇഞ്ചിന്റെ എച്ച്.ഡി പ്ലസ് ഡിസ് പ്ലേയും പ്രീമിയം ഫോണുകളില്‍ കാണും വിധമുള്ള ഗ്ലാസ് ഫിനിഷിങ്ങുള്ള ബാക്ക് കേസും കാമറ യൂനിറ്റും അതിനുള്ളിലായൊരു റിങ് ലൈറ്റുമാണ് ഈ ഫോണിന്റെ ആകര്‍ഷണീയത. MediaTek Dimensity 6020 Processor അടിസ്ഥാനമാക്കി ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 13ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 50 മെഗാ പിക്സലിന്റെ റിയര്‍ കാമറയും 8 മെഗാ പിക്സലിന്റെ ഫ്രണ്ട് കാമറയുമുണ്ട്.

ബാറ്ററിയാണെങ്കില്‍ 5000 എം.എച്ച് ഉള്ളതിനാല്‍ ദിവസം മുഴുവന്‍ ധൈര്യമായി ഉപയോഗിക്കാവുന്ന ഈ ഫോണിൽ 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള മോഡലിനു 9999 രൂപയാണ് വിലവരുന്നത്. ഇത് അനോണിമസ് കോള്‍ റെക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു മൊബൈല്‍ എന്നതിനൊപ്പം തന്നെ ബ്ലോട്ട് വെയര്‍ ആപ്പുകള്‍ ഒന്നുമില്ല എന്നതും പ്രത്യേകതയാണ്.


ഷവോമി: ചൈനീസ് മൊബൈല്‍ ബ്രാൻഡായ ഷവോമി അവരുടെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണ്‍ ആയ റെഡ്മി 12 5ജി, 10749 രൂപക്കാണ് ബാങ്ക് ഓഫറോടുകൂടി വില്‍ക്കുന്നത്. 4 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള ഈ മോഡല്‍ 4nm പ്രൊസസ്സര്‍ ആയ Snapdragon® 4 Gen 2 ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ ഫോണ്‍ ആണ്. ഇതിന്റെ ഡിസ് പ്ലേ കുറച്ചുകൂടി മികച്ചതാണ്. 6.72 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ് പ്ലേയുള്ള ഈ ഫോണില്‍ 5000 എം.എ.എച്ച് ബാറ്ററിയും 50 മെഗാ പിക്സൽ കാമറയും തന്നെയാണുള്ളത്.

(നമ്മള്‍ പരിചയപ്പെട്ട ഈ രണ്ട് മൊബൈല്‍ ഫോണുകളും ഫാസ്റ്റ് ചാര്‍ജിങ് സപ്പോർട്ടഡ് ആയതല്ല. ഇവ രണ്ടും 18 വാട്ട് ചാര്‍ജിങ്ങാണു സപ്പോര്‍ട്ട് ചെയ്യുന്നത്)

നിങ്ങളിത്തിരി തിരക്കുപിടിച്ച ആളാണ്. അതുകൊണ്ട് ചാര്‍ജിങ് ഇത്തിരി ഫാസ്റ്റായിട്ട് വേണം. പക്ഷേ, വില അധികമാവാന്‍ ആഗ്രഹിക്കുന്നുമില്ല. എങ്കില്‍ മികച്ച ഒപ്ഷനാണ് റിയല്‍മിയുടെ നര്‍സോ 60 X 5G, വില 11749 രൂപ. 5000 എം.എ.എച്ച് ബാറ്ററി തന്നെയാണു ഫോണിലുമുള്ളതെങ്കിലും ഇതില്‍ ചാര്‍ജിങ് സപ്പോര്‍ട്ട് 33 വാട്ട് ആണ്. MediaTek Dimensity 6100+ പ്രൊസസറും 4 ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ആയി വരുന്ന ഈ മൊബൈല്‍ 29 മിനിറ്റുകൊണ്ട് 50 ശതമാനം ചാർജ് ആകും. 7.89mm തിക്ക്നെസ് മാത്രമുള്ള സ്ലിം ആയ ബോഡിയും 6.72 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി റെസല്യൂഷനിലുള്ള 120 ഹെര്‍ട്സ് ഡിസ് പ്ലേയുമുള്ള ഈ ഫോണിൽ 50 മെഗാ പിക്സൽ കാമറയാണുള്ളത്.



സാംസങ്: നമ്മുടെ മനസ്സറിഞ്ഞ് ബജറ്റ് ശ്രേണിയിലുള്ള 5ജി ഫോണുകള്‍ സാംസങ്ങിലുമുണ്ട്. SAMSUNG Galaxy F14 5G, 4 ജി.ബി റാമും 128 ജി.ബി സ്റ്റോറേജോടെയും വരുന്ന ഫോണിൽ പെര്‍ഫോമന്‍സില്‍ കുറച്ചുകൂടി കരുത്തനായ 5എന്‍.എം പ്രൊസസ്സറായ Exynos 1330 Octa Core Processor ആണ് വരുന്നത്. മാത്രമല്ല, പ്രതിയോഗികളേക്കാള്‍ കൂടിയ ബാറ്ററി കപ്പാസിറ്റിയായ 6000 എം.എ.എച്ച് എന്നതും ഇതിന്റെ ഹൈലൈറ്റ് ആണ്.

രണ്ടുദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഫോണ്‍ ചാർജ് ചെയ്യാന്‍ 25 വാട്ടിന്റെ ചാര്‍ജറുമുണ്ട്. 6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ് പ്ലേയാണിതിനുള്ളത്. സാംസങ് ആയതിനാല്‍ മിനിമം രണ്ട് എസ് അപ് ഡേറ്റും നാലുവര്‍ഷം സെക്യൂരിറ്റി അപ്ഡേറ്റും നമുക്ക് ലഭിക്കും. 50 മെഗാ പിക്സൽ റിയര്‍ കാമറ തന്നെയാണ് ഈയൊരു ഫോണിലുമുള്ളതെങ്കിലും ഫ്രണ്ട് കാമറ 13 മെഗാ പിക്സലിന്റേതാണ്.

വിവോ: വിവോ T2x 5G എന്ന അവരുടെ ബജറ്റ് ​​ശ്രേണിയിലുള്ള 5ജി ഫോണ്‍ 11999രൂപക്ക് വിപണിയിലിറക്കിയിട്ടുണ്ട്. MediaTek Dimensity 6020 Processorനൊപ്പം 4 ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ആയി വരുന്ന T2x 5G യുടെ ഡിസ് പ്ലേ 6.58 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി പ്ലസ് ആണ്. ബാറ്ററിയും കാമറയുമൊക്കെ എതിരാളികളുടേതിനു തുല്യം തന്നെയാണിതിലും. 50 മെഗാ പിക്സലിന്റെ റിയര്‍ കാമറയും 8 മെഗാ പിക്സലിന്റെ സെല്‍ഫി കാമറയും 5000 എം.എ.എച്ച് ബാറ്ററിയും തന്നെയാണിതിലുമുള്ളത്. എന്നാല്‍, ഫാസ്റ്റ് ചാര്‍ജിങ് അല്ല, 18 വാട്ട് ആണ് സപ്പോര്‍ട്ട്.



 


 നോക്കിയ: വിപണിയിലിപ്പോള്‍ അത്ര സജീവമല്ലെങ്കിലും മൊബൈല്‍ ഫോണിന്റെ നൊസ്റ്റാള്‍ജിക് സ്മരണകളുമായി വീണ്ടുവരവിനു ശ്രമിക്കുന്ന നോക്കിയയും ബജറ്റ് ശ്രേണിയില്‍ 5ജി ഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്, Nokia G42 5G. 11999 രൂപക്കു ലഭിക്കുന്ന ഈ ഫോണ്‍ സ്പെക്കിലും ഒട്ടും പിറകിലല്ല. Snapdragon® 480+ പ്രൊസസറിനൊപ്പം 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജും നോക്കിയ നമുക്ക് തരുന്നുണ്ട്.

6.56 ഇഞ്ചിന്റെ എച്ച്.ഡി പ്ലസ് ഡിസ് പ്ലേ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റിലുള്ളതാണ്. 50 മെഗാ പിക്സൽ ട്രിപ്പ്ള്‍ കാമറ യൂനിറ്റാണ് റിയര്‍ സൈഡിലുള്ളത് എന്നതൊരു ഹൈലൈറ്റ് ആണ്. 5000 എം.എ.എച്ച് ബാറ്ററിയും അതിനായി 20 വാട്ട് ചാര്‍ജിങ് സപ്പോര്‍ട്ടുമാണ്. 3 വര്‍ഷം സെക്യൂരിറ്റി അപ്ഡേറ്റും ഗ്യാരന്റി തരുന്നുണ്ട്.

പോക്കോ: ഈ ഒരു പ്രൈസില്‍ നിലവില്‍ യുവാക്കളുടെ ചോയ്സ് എന്ന നിലയില്‍ സെലക്ട് ചെയ്യപ്പെടുന്നത് പോക്കോ എന്ന ബ്രാൻഡിന്റെ
POCO M6 Pro 5G
എന്ന മോഡല്‍ ആണ്. ലാവ ബ്ലേസ് 2 പോലെ ഒരു പ്രീമിയം ലുക്കും ഫിനിഷുമുള്ള മൊബൈലാണ് POCO M6 Pro 5G, Snapdragon 4 Gen 2 Processorനൊപ്പം 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള ഈ മൊബൈലിന്‍റെ വില 11999 രൂപയാണ്. 6.79 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ് പ്ലേക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണുള്ളത്. 50 മെഗാ പിക്സൽ റിയര്‍ കാമറയും 8 മെഗാ പിക്സൽ ഫ്രണ്ട് കാമറയും തന്നെയാണ് ഇതിനും ഉള്ളത്. 5000 എം.എ.എച്ച് ബാറ്ററിയുള്ള ഈ ഫോണ്‍ 18 വാട്ട് ചാര്‍ജിങ്ങാണ് ഓഫര്‍ ചെയ്യുന്നത്.

ഐക്യൂ: വിപണിയില്‍ ട്രെൻഡിങ്ങായ ബജറ്റ് ശ്രേണിയിലുള്ള 5ജി ഫോണ്‍ ആണ് ഐക്യൂ എന്ന ചൈനീസ് ബ്രാൻഡിന്റെ Z6 Lite (5G). മുകളിൽ പരിചയപ്പെട്ട ഫോണുകളെ അപേക്ഷിച്ച് വില അൽപം കൂടുതലാണ്, 12999 രൂപ. Snapdragon 4 Gen 1 പ്രൊസസര്‍ സപ്പോര്‍ട്ടാണിതിന്. 6.58 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി പ്ലസ് റെസലൂഷനിലുള്ള ഡിസ് പ്ലേക്ക് എതിരാളികളേക്കാള്‍ മികച്ച റിഫ്രഷ് റേറ്റുണ്ട്, 120 ഹെര്‍ട്സ്. എന്നാല്‍, ബാറ്ററിയും ചാര്‍ജിങ് സപ്പോര്‍ട്ടും എതിരാളികള്‍ക്ക് തുല്യമായി 5000 എം.എ.എച്ചും 18 വാട്ട് ചാര്‍ജിങ്ങും ആണ്. 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ഉണ്ടെങ്കിലും ഇതിലെ ഓപറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 ആണ്. എന്നാല്‍, കാമറ ഈ സെഗ്മിന്റെ എല്ലാ മോഡലുകളുടേതും പോലെ 50 മെഗാ പിക്സലിന്റേതാണ്.

നമ്മള്‍ ഇവിടെ പരിചയപ്പെട്ടതൊക്കെ ഒരു എന്‍ട്രി ലെവല്‍ അല്ലെങ്കില്‍ ബജറ്റ് ലെവല്‍ 5ജി ഫോണുകള്‍ ആണ്. പരസ്പരം താരതമ്യം ചെയ്താല്‍ ചെറിയ സ്പെക് മാറ്റം മാത്രമാണുണ്ടാവുക. അമോലെഡ് ഡിസ് പ്ലേയോ ഡോള്‍ബി അറ്റ്മോസോ ഇതിലൊന്നിലുമില്ല. 50 മെഗാ പിക്സല്‍ എന്നത് ഒരു വലിയ കാര്യമായി എടുക്കേണ്ടതുമില്ല. കാരണം ഒരു ലക്ഷവും രണ്ടുലക്ഷവും ഒക്കെ കൊടുത്തുവാങ്ങുന്ന പ്രഫഷനല്‍ ഡി.എസ്.എല്‍.ആര്‍ കാമറകള്‍ പോലും നമുക്ക് ഹൈ ക്വാളിറ്റി ചിത്രങ്ങള്‍ തരുമ്പോള്‍ അതില്‍ 23 മെഗാ പിക്സലൊക്കെയാണ് മാക്സിമം ഉള്ളതെന്നോര്‍ക്കുക.

(2023 നവംബർ 5 വരെയുള്ള മാർക്കറ്റ് അടിസ്ഥാനത്തിൽ തയാറാക്കിയത്)

Tags:    
News Summary - Best Budget 5g Smartphones in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.