ദൃശ്യം തിയറ്ററിൽ റിലീസായ സമയത്ത് കേരളത്തിൽ മാത്രമായിരുന്നു വലിയ അലയൊലികളുണ്ടാക്കിയത്, എന്നാൽ, ദൃശ്യം 2 ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ വരെ ചർച്ചയായി മാറി. ഒ.ടി.ടി എന്ന പ്ലാറ്റ്ഫോമിന്റെ പവർ മലയാളികൾ മനസ്സിലാക്കിയത് ഒരുപക്ഷേ, അന്നായിരിക്കും. കോവിഡ് കാലത്തായിരുന്നു ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വർധിച്ചത്.

എന്താണ് ഒ.ടി.ടി

ഒ.ടി.ടി എന്നതിന്റെ ഫുൾ ഫോം ‘ഓവർ ദ ടോപ്’ എന്നാണ്. ഇന്റർനെറ്റ് വഴി ആളുകൾക്ക് നേരിട്ട് ഓഡിയോ, വിഡിയോ കണ്ടന്റ് നൽകുന്ന സംവിധാനമാണ് ഓവർ ദ ടോപ് മീഡിയ സർവിസ്. പ്രതിമാസ, വാർഷിക സബ്സ്​ക്രിപ്ഷൻ ഫീസുകൾ നൽകി ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ആളുകൾ അവയിലുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്നത്. പരമ്പരാഗതമായി അത്തരം ഉള്ളടക്കത്തിന്റെ കൺട്രോളറുകളോ വിതരണക്കാരോ ആയി പ്രവർത്തിക്കുന്ന കേബിൾ, ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ് ടെലിവിഷൻ പ്ലാറ്റ്ഫോമുകളുടെ ആധുനിക കാലത്തെ പകരക്കാരൻ കൂടിയാണ് ഒ.ടി.ടി. സ്മാർട്ട്ഫോണുകളിലും, സ്മാർട്ട് ടി.വികളിലും ടാബ് ലെറ്റുകളിലും ഒ.ടി.ടി ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉള്ളടക്കങ്ങൾ ആസ്വദിക്കാം.

ഒ.ടി.ടി ഭീമന്മാർ, സിനിമയും ഷോർട്ട് ഫിലിമുകളും ടെലിവിഷൻ പരമ്പരകളും ഡോക്യുമെന്ററികളുമൊക്കെ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ സൂപ്പർതാരങ്ങൾ വരെ ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച്, സീരീസുകളുടെയും സിനിമകളുടെയും ഭാഗമാകുന്നുണ്ട്.

ഒ.ടി.ടിയുടെ ഗുണങ്ങൾ

● നമ്മുടെ ഇഷ്ടം: ഒ.ടി.ടി കാഴ്ചക്കാർക്ക് അവർക്കാവശ്യമുള്ളത്, അവർക്കാവശ്യമുള്ളപ്പോൾ, അവർ തിരഞ്ഞെടുക്കുന്ന ഉപകരണത്തിൽ കാണാൻ കഴിയും.

● കീശ കീറില്ല: ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകൾ പരമ്പരാഗത കേബിൾ അല്ലെങ്കിൽ സാറ്റലൈറ്റ് ടി.വി പ്ലാനുകളേക്കാൾ വളരെ കുറവാണ്.

● കൂടുതൽ ചോയ്‌സ്: ഒ.ടി.ടി സേവനങ്ങൾ പരമ്പരാഗത ടി.വി ദാതാക്കളേക്കാൾ വൈവിധ്യമാർന്ന ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു.

● കുറച്ച് പരസ്യങ്ങൾ: ഒ.ടി.ടിയിൽ പൊതുവെ പരസ്യങ്ങൾ കുറവാണ്. എന്നാൽ, പല സേവനങ്ങളും പരസ്യരഹിത കാഴ്ച ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

● എസ്.ഡി മുതൽ 4കെ വരെ: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നമുക്ക് ഇഷ്ടമുള്ള ക്വാളിറ്റിയിൽ ഉള്ളടക്കം ആസ്വദിക്കാം. സാധാരണ എസ്.ഡി (480p) മുതൽ 4കെ വരെ മാറി മാറി തെരഞ്ഞെടുക്കാനുള്ള സൗകര്യം അത്തരം ആപ്പുകളിലുണ്ട്.

● ഡൗൺലോഡ്: ഇഷ്ടമുള്ള സിനിമകളും സീരീസുകളും എത്രവേണമെങ്കിലും ഡൗൺലോഡ് ചെയ്തുവെച്ച് പിന്നീട് കാണാനുള്ള സൗകര്യം എടുത്തുപറയേണ്ടതാണ്. ഇന്റർനെറ്റുള്ള സമയത്ത് ഡൗൺലോഡ് ഓപ്ഷൻ ഉപയോഗപ്പെടുത്തിയാൽ, ദിവസങ്ങളോളം ഓഫ്​ലൈനായി കാണാൻ സാധിക്കും.

പ്രധാന താരങ്ങൾ

നെറ്റ്ഫ്ലിക്സ്

ഒരു അമേരിക്കൻ മൾട്ടിനാഷനൽ മീഡിയ സ്ട്രീമിങ് കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. ഒ.ടി.ടിയെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ആദ്യം അറിഞ്ഞിരിക്കേണ്ടത് നെറ്റ്ഫ്ലിക്സിനെ കുറിച്ചാണ്. 1997ൽ ഓൺലൈനായി സിനിമകളുടെ ഡി.വി.ഡി വാടകക്ക് നൽകിയാണ് നെറ്റ്ഫ്ലിക്സിന്റെ തുടക്കം. എന്നാൽ, 2007ലായിരുന്നു നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടി യുഗത്തിന് തുടക്കമാവുന്നത്. 2007ൽ അവർ സ്ട്രീമിങ് സേവനം അവതരിപ്പിച്ചു. 2013ലാണ് ആദ്യമായി ഒറിജിനൽ ടെലിവിഷൻ പരമ്പര പുറത്തിറക്കുന്നത്. ‘ഹൗസ് ഓഫ് കാർഡ്സ്’ എന്നായിരുന്നു അതിന്റെ പേര്.

ഇത്തരത്തിൽ സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ഡോക്യുമെന്ററികൾ, അനിമേഷൻ എന്നിവയുൾപ്പെടെ വിവിധതരം ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് ഓൺ-ഡിമാൻഡ് ലഭ്യമാക്കുന്നു. 149 രൂപയുടെ മൊബൈൽ പ്ലാൻ മുതൽ ഒരേസമയം നാലു പേർക്ക് 4K ക്വാളിറ്റിയിൽ ഉള്ളടക്കം ആസ്വദിക്കാൻ കഴിയുന്ന 649 രൂപയുടെ പ്ലാൻ വരെ നെറ്റ്ഫ്ലിക്സിലുണ്ട്. 199, 499 എന്നീ പ്ലാനുകളും ലഭ്യമാണ്.

ഡിസ്നി + ഹോട്ട്സ്റ്റാർ

ലോകത്ത് ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ഒ.ടി.ടി ആപ് നെറ്റ്ഫ്ലിക്സാണ്. എന്നാൽ, ഇന്ത്യയിൽ ആ സ്ഥാനം അലങ്കരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2023ആഗസ്റ്റ് 31-ലെ കണക്കനുസരിച്ച്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 300 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. 2019-ൽ ഹോട്ട്സ്റ്റാർ എന്ന പേരിൽ ഇന്ത്യയിൽ ആരംഭിച്ച ഈ സേവനം 2020-ൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഡിസ്നി പ്രൊഡക്ഷന്റെ ഉള്ളടക്കങ്ങളും അതോടെ ഹോട്ട്സ്റ്റാറിൽ ലഭ്യമായി തുടങ്ങി.

ഒറിജിനൽ ഉള്ളടക്കങ്ങൾക്ക് പുറമെ, ടി.വി സീരിയലുകളും ബിഗ് ബോസ് പോലുള്ള ടെലിവിഷൻ ഷോകളും പ്രദർശിപ്പിക്കുന്നതിനാലാണ് ഹോട്ട്സ്റ്റാറിന് ഇന്ത്യയിൽ വലിയ ജനപ്രീതിയാർജിക്കാൻ സാധിച്ചത്. മൂന്നു മാസത്തേക്കുള്ള 299 രൂപയുടെ പ്ലാൻ, 899 രൂപയുടെ വാർഷിക പ്ലാൻ (പരസ്യങ്ങളടക്കം), 1099 രൂപയുടെ പരസ്യ രഹിത പ്ലാൻ, പ്രീമിയം ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യുന്ന 1499 രൂപയുടെ പ്ലാൻ എന്നിവയാണ് ഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നത്.

ആമസോൺ പ്രൈം വിഡിയോ

അമേരിക്കയിൽനിന്നുള്ള രണ്ടാമത്തെ ഒ.ടി.ടി ഭീമനാണ് പ്രൈം വിഡിയോ. ഇ-കോമേഴ്സ് രംഗത്തെ അതികായരായ ആമസോണാണ് പ്രൈം വിഡിയോയുടെ ഉടമകൾ. വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടാമതാണ് പ്രൈം വിഡിയോ. 2016-ലാണ് ഇന്ത്യയിലേക്ക് അവരുടെ വരവ്. നെറ്റ്ഫ്ലിക്സിനേക്കാൾ കൂടുതൽ ഇന്ത്യൻ ഉള്ളടക്കമുള്ളത് പ്രൈം വിഡിയോയിലാണ്.

പ്രൈം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽ സൗജന്യ എക്സ്പ്രസ് ഡെലിവറി, ആമസോൺ മ്യൂസിക് എന്നിവ ലഭ്യമാക്കുന്നുണ്ട്. 299 രൂപയുടെ പ്രതിമാസ പ്ലാൻ മുതൽ 1499 രൂപയുടെ വാർഷിക പ്ലാൻ വരെ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒ.ടി.ടി ഇന്ത്യയിൽ

ഇന്ത്യയിൽ ഒ.ടി.ടി യുഗത്തിന് തുടക്കമാവുന്നത് 2016ലാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഹോട്ട്സ്റ്റാർ എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യയിൽ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ഇതിൽ തന്നെ ഹോട്ട്സ്റ്റാർ ഇന്ത്യക്കുവേണ്ടി മാത്രമായി അവതരിപ്പിച്ച ആപ്പാണ്. ഇപ്പോൾ, സീ5, സോണി ലിവ്, വൂട്ട് പോലുള്ള നിരവധി ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ രംഗത്തുവന്നു. സൈന പ്ലേ, കേരള സർക്കാർ അവതരിപ്പിച്ച സി-സ്പേസ് പോലുള്ള ഒ.ടി.ടി ആപ്പുകൾ ഇങ്ങ് കേരളത്തിലും പിറവികൊണ്ടു. 2023-ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഒ.ടി.ടി ഉപയോക്താക്കളുണ്ട്.

ബിഞ്ച് വാച്ച്

ഒ.ടി.ടി ആപ്പുകൾ സബ്സ്ക്രൈബ് ചെയ്യാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട വാക്കുകളാണ് ‘ബിഞ്ച് വാച്ച്’. ടെലിവിഷൻ സീരീസുകളുടെ കടന്നുവരവോടെയാണ് ഈ പദം മില്ലേനിയൽസിന്റെ ഇടയിലേക്ക് കടന്നുവരുന്നത്. അങ്ങേയറ്റം ത്രില്ലിങ്ങും ഉദ്വേഗവും പകരുന്ന പരമ്പരകളുടെ എപ്പിസോഡുകൾ ഒറ്റയിരിപ്പിന് കണ്ടുതീർക്കുന്ന രീതിയെയാണ് ബിഞ്ച് വാച്ച് എന്നു പറയുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ വാരാന്ത്യ ദിവസങ്ങളിൽ കുടുംബമായിരുന്ന് സീരീസുകൾ ബിഞ്ച് വാച്ച് ചെയ്യുന്ന രീതി തന്നെയുണ്ട്.

സബ്സ്ക്രൈബ് ചെയ്യാം

ഒ.ടി.ടി ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണിലെ ആപ് സ്റ്റോറുകളിൽ പോയി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, ആമസോൺ പ്രൈം വിഡിയോ എന്ന ആപ് ലഭിക്കാനായി ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ, ഗൂഗിൾ പ്ലേസ്റ്റോറിൽ പോവുക, ഐഫോണുകാർ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിക്കുക.

ശേഷം സെർച് ബാറിൽ പ്രൈം വിഡിയോ (prime video) എന്ന് തിരയുക. ആദ്യം തന്നെ കാണുന്ന നീല ഐക്കണുള്ള അതേപേരിലുള്ള ആപ് ഡൗൺലോഡ് ചെയ്യുക. ശേഷം നിങ്ങളുടെ ഇ-മെയിൽ ഐ.ഡിയും ഇഷ്ടമുള്ള പാസ് വേഡും നൽകി സൈൻ-അപ് ചെയ്യാം. എന്നാൽ, പ്രൈം വിഡിയോയിലുള്ള ഉള്ളടക്കം കാണാനായി പണം നൽകി സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും വിഡിയോ കാണാനായി ശ്രമിക്കുമ്പോൾ തന്നെ ‘‘watch with prime’’ എന്ന സന്ദേശം മുന്നിൽ തെളിയും. ആമസോൺ നിലവിൽ നിങ്ങൾക്ക് 30 ദിവസത്തെ സൗജന്യ പ്രൈം മെംബർഷിപ് ട്രയലായി നൽകുന്നുണ്ട്.

സൗജന്യ സബ്സ്ക്രിപ്ഷൻ

നിങ്ങൾ ജിയോ വരിക്കാരാണെങ്കിൽ, ജിയോ സിനിമ, ഹോട്ട്സ്റ്റാർ എന്നീ പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന റീചാർജുകൾ അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപോലെ, എയർടെൽ, വൊഡാഫോൺ ഐഡിയ (വി.ഐ) എന്നീ ടെലികോം സേവനദാതാക്കളും അവരുടെ ചില റീചാർജ് പ്ലാനുകളുടെ കൂടെ ഇതേ സേവനം ഓഫറായി നൽകുന്നുണ്ട്.

കായിക പ്രേമികളേ ഇതിലേ...ഇതിലേ...

ഫുട്ബാൾ ലോകകപ്പ് നമ്മൾ കണ്ടത് ജിയോ സിനിമയിൽ, ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരുകൾ കാണാൻ എല്ലാവരും പോയത് ജിയോ ആപ്പിന് മുന്നിലേക്കായിരുന്നു. ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പ് കാണുന്നതാകട്ടെ ഹോട്ട്സ്റ്റാറിലും.

ഇന്റർനെറ്റ് റീചാർജ് ചെയ്താൽ മാത്രം മതി, ഹോട്ട്സ്റ്റാറും ജിയോ സിനിമയുമൊന്നും മത്സരങ്ങൾ കാണാൻ പണം ഈടാക്കിയിട്ടില്ല.


ഷെയറിട്ടെടുക്കാം...

ഉടമയുടെ പ്രഫൈലിനു പുറമേ, അഞ്ച് അധിക പ്രഫൈൽ കൂടി ആമസോൺ പ്രൈം വിഡിയോയിൽ നിർമിക്കാൻ സാധിക്കും. അപ്പോ, ചെറിയ തുക ഷെയറിട്ട് പ്രൈം വിഡിയോ ഒരു വർഷത്തേക്ക് ആസ്വദിക്കാൻ കഴിയും.

ഹോട്ട്സ്റ്റാറും, സോണി ലിവും ഒക്കെ ഇത്തരത്തിൽ ആസ്വദിക്കാം. അതേസമയം, നെറ്റ്ഫ്ലിക്സ്, അക്കൗണ്ട് പാസ് വേഡ് സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത് നിർത്തലാക്കിയിട്ടുണ്ട്. ഒരു വീട്ടിലുള്ള ആളുകൾ മാത്രം ഒരു അക്കൗണ്ട് പങ്കുവെച്ച് കണ്ടാൽ മതിയെന്നാണ് അവരുടെ നിലപാട്. 

Tags:    
News Summary - Over-the-top media services in Indi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.