കിഴി കെട്ടിയുണ്ടാക്കാം കിടിലന്‍ ബിരിയാണി

വെല്ല്യുമ്മയും വെല്ല്യുപ്പയുമുള്ള സ്നേഹം മേൽക്കൂരയായ ഒരു വീടുണ്ട് ഷെഫീദയുടെ നോമ്പുകാല ഓർമകളിൽ. ഇന്ന് ആ വീടില്ല. റമദാൻ മുഴുവൻ ഉറങ്ങാതെ മക്കളുടെയും കൊച്ചുമക്കളുടെയും ഇഷ്ടങ്ങൾക്കനുസരിച്ചു ഭക്ഷണം ഉണ്ടാക്കി തന്നിരുന്ന വെല്ല്യുമ്മയും വെല്ല്യുപ്പയും ഇന്നില്ല. വീട്ടിലെ ബാക്കി എല്ലാവരും ഉറങ്ങുമ്പോൾ വെല്ല്യുമ്മ ഇടയത്താഴത്തിന് ചൂടോടെ ഭക്ഷണം വിളമ്പാനുള്ള തയാറെടുപ്പിൽ ആയിരിക്കും. പാതിരാത്രിക്കേ ചോറും കറികളും ഉണ്ടാക്കൂള്ളൂ. അന്ന്​ കഴിച്ച പൊടിയരി ചോറിന്‍റെ രുചി ഇന്നും നാവിലുണ്ട്.

വെല്ല്യുമ്മ വിളമ്പിയ ഭക്ഷണം എല്ലാവരും കഴിച്ചു എന്ന് ഉറപ്പാക്കുന്നത് വെല്ല്യുപ്പ ആണ്. ശ്വാസം മുട്ടി തീരെ വയ്യാത്ത അവസ്​ഥയിലും മക്കളു കഴിച്ചോ എന്നു ചോദിക്കുന്ന വെല്ല്യുപ്പ, എല്ലാം കണ്ണീരിന്‍റെ നനവുള്ള ഓർമ്മകൾ. തൃശൂരുകാരിയായ ഷെഫീദ അൽ ഖുവൈർ ഐ.ഐ.ടി.സി, ഒ.എച്ച്.ഐ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന നിഫിലും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന റെയ്ഹാനുമാണ് മക്കള്‍. കിഴി ബിരിയാണിയാണ് ഷെഫീദ പങ്കുവെക്കുന്ന വിഭവം.

ചേരുവകൾ: 

  • ചിക്കൻ -12 കഷ്ണം  
  • ചെറിയ ഉള്ളി -ഒരു കപ്പ് (ചെറുതായി അരിഞ്ഞത്) 
  • സവാള -വലിയ ഒരെണ്ണം കനം കുറച്ച് അരിഞ്ഞത് 
  • തക്കാളി -രണ്ട് 
  • ഇഞ്ചി, വെളുത്തുള്ളി പേസ്​റ്റ്​ -2 ടേബിൾ സ്​പൂൺ
  • കാന്താരി മുളക്/പച്ചമുളക് -അഞ്ചെണ്ണം 
  • കട്ടിയുള്ള തേങ്ങാ പാൽ -ഒരു കപ്പ്‌
  • മഞ്ഞൾപ്പൊടി -അര ടീസ്​പൂൺ
  • കുരുമുളക് പൊടി -1 ടീസ്​പൂൺ
  • കാശ്മീരി മുളക്പൊടി -1 ടീസ്​പൂൺ
  • ഷാഹി ഗരംമസാല -1 ടീസ്​പൂൺ
  • ചെറുനാരങ്ങ -ഒന്ന്​

ചോറിന്: 

  • കൈമ അരി -അര കിലോ
  • പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക -നാല് വീതം
  • ഇഞ്ചി പച്ചമുളക് (ചെറുതായി അരിഞ്ഞത്) -2 ടീസ്​പൂൺ
  • സവാള -ഒന്ന്​ വലുത് (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്)
  • അണ്ടിപ്പരിപ്പും കിസ്മിസും, നെയ്യ്, സൺഫ്ലവർ ഓയിൽ, കറിവേപ്പില, മല്ലിയില, റോസ് വാട്ടർ, വാഴയില

തയാറാക്കുന്ന വിധം: 

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഇട്ടു ബ്രൗൺ നിറമാവുന്നത് വരെ വഴറ്റുക. അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞതും സവാള അരിഞ്ഞതും കാന്താരി മുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി വാടിയാൽ മഞ്ഞൾപൊടി, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേ ർത്ത് നന്നായി വഴറ്റുക. അതിനു ശേഷം തേങ്ങാപാല് ഒഴിക്കുക. നന്നായി കുറുകുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇടുക. തിളക്കു​മ്പോൾ തക്കാളി ക്യൂബ് ആയി അരിഞ്ഞത് ചേർക്കുക. കുറച്ചു നാരങ്ങാ നീരും ചേർക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ തു റന്നുവെച്ച്​ വറ്റിക്കുക. ഒരു വിധം വറ്റിയ ശേഷം ചെറിയ തീയിൽ മൂടിവെക്കുക. നന്നായി എണ്ണ തെളിയുന്നത് വരെ വച്ച ശേഷം ഇറക്കുന്നതിനു മുമ്പ്​ മല്ലിയില ചേർക്കുക. 

ഇനി റൈസ് തയാറാക്കാം:

അരിഞ്ഞ ഇഞ്ചിയും പച്ച മുളകും പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക എല്ലാം എടുത്ത് ഒരു വൃത്തി ഉള്ള കോട്ടൺ തുണിയിൽ കിഴി കെട്ടുക. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വെള്ളം അടുപ്പിൽ വെച്ച്​ കിഴിയും ഇട്ടു തിളക്കാൻ വെക്കുക. വെള്ളം തിളക്കുമ്പോഴേക്കും നമുക്ക് സവാള വറുത്തു കോരാം. വറുക്കാൻ ആവശ്യം ഉള്ള എണ്ണയിൽ പകുതി നെയ്യും പകുതി സൺഫ്ലവർ ഓയിലും എടുക്കുക. അണ്ടിപ്പരിപ്പും കിസ്മിസും കറിവേപ്പിലയും വറുത്തു കോരുക. പിന്നെ സവാള നല്ല ബ്രൗൺ നിറമാവുന്നത് വരെ വറുത്തുകോരുക. ഇനി ആ എണ്ണ മാറ്റി പാത്രത്തിൽ അൽപം പുതിയ നെയ്യ് ചേർത്ത് കഴുകി വാർത്തു വച്ച അരി ചേർക്കുക. മൂന്നു, നാല് മിനിറ്റു നന്നായി ഇളക്കുക. അപ്പോഴേക്കും വെള്ളം തിളച്ചിട്ടുണ്ടാവും. ആ വെള്ളം കിഴിയടക്കം അരിയിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പും ചേർക്കാം.

തിളച്ച ശേഷം ചെറിയ തീയിൽ ചോറ് വറ്റിച്ചെടുക്കുക. ചൂടായ ദോശക്കല്ലിൽ ആ പാത്രം കുറച്ചു സമയം വെക്കുക. എന്നിട്ട് മാസലക്കിഴി എടുത്തു മാറ്റാം. വലിയ കിഴി ഉണ്ടാക്കി ബിരിയാണി ദം ആക്കാം. വാട്ടിയ വാഴയില എടുത്ത് അതിൽ കുറച്ചു റൈസ് ഇടുക. അതിനു മീതെ മസാല പിന്നെ റൈസ് അതിനു മുകളിൽ വറുത്തു വച്ച സവാള, കറിവേപ്പില, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇടുക. അരിഞ്ഞ മല്ലിയില, ഒരു ടീസ്​പൂൺ റോസ് വാട്ടർ, ഒരു ടീസ്​പൂൺ നെയ്യും കൂടി ചേർത്ത് വാഴയില കിഴി കെട്ടുന്നതു പോലെ കെട്ടുക. നാല് കിഴി ഉണ്ടാവും. ഓരോ പോർഷൻ റൈസ് ആണ് ഓരോ കിഴി. അപ്പച്ചെമ്പിൽ വച്ച് 20 മിനിറ്റ് ആവി കയറ്റിയാൽ കിഴി ബിരിയാണി റെഡി.

തയാറാക്കിയത്: ഹേമ സോപാനം

Tags:    
News Summary - ramadan special dishe kizhi biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.