കൊല്ലം: അപ്രതീക്ഷിതമായി ലഭിച്ച ഓണക്കോടിയുടെയും ജോലി നിയമന ഉത്തരവിന്റെയും അമ്പരപ്പിലാണ് അജിത്ത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ച കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി അജിത്തിനാണ് അതേ ആശുപത്രി ജോലിയും നൽകിയത്. വിൽസൺ ഡിസീസ് എന്ന ഗുരുതര ജനിതക കരൾ രോഗത്തിൽനിന്ന് അജിത്തിനെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത് ചികിത്സയിലൂടെയാണ്. ഒന്നരവർഷം മുമ്പ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്.
കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ, കൊച്ചി ആസ്റ്റർ മെഡിസിറ്റി, കൊല്ലം ആസ്റ്റർ പി.എം.എഫ് എന്നിവിടങ്ങളിലെ കൺസൾട്ടന്റ് മൾട്ടി ഓർഗൻ സർജനായ ഡോ. ബിജു ചന്ദ്രൻ എന്നിവർ അജിത്തിന്റെ വീട്ടിലെത്തിയാണ് ഓണക്കോടിയും കൊല്ലം ആസ്റ്റർ പി.എം.എഫിലെ നിയമന ഉത്തരവും നൽകിയത്. ആശുപത്രിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് നിയമനം. മറ്റൊരു സ്വകാര്യ ആശുപത്രിയിലായിരുന്നു അജിത്തിനെ ആദ്യം ചികിത്സിച്ചത്.
മകന് കരൾ പകുത്തുനൽകാൻ മാതാവ് ശാരദ തയാറായിരുന്നെങ്കിലും ശസ്ത്രക്രിയക്ക് 20 ലക്ഷത്തിലധികം രൂപയാകുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഇടപെട്ട് അന്നത്തെ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജക്ക് അപേക്ഷ സമർപ്പിച്ചു. മന്ത്രിയുടെ നിർദേശം പ്രകാരം 15 ലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ചെങ്കിലും 22 ലക്ഷം രൂപ മുൻകൂർ കെട്ടിവെച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. ഒടുവിൽ ആസ്റ്റർ മെഡിസിറ്റി ശസ്ത്രക്രിയ കുറഞ്ഞ നിരക്കിൽ ചെയ്യാമെന്ന് അറിയിച്ചു.
എം.എൽ.എ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്നെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത് ആസ്റ്റർ മെഡിസിറ്റിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. കുടുംബത്തിന്റെ ആശ്രയമായ അജിത്തിനെ കൈവെടിയരുതെന്ന ചിന്തയിൽനിന്നാണ് ജോലി നൽകാനുള്ള തീരുമാനത്തിലേക്കെത്തിയതെന്ന് ആസ്റ്റർ ഗ്രൂപ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.