നീലേശ്വരം: ആനയും കുതിരയും കുരങ്ങും മയിലും അരയന്നവുമൊക്കെ കരവിരുതിൽ വിരിഞ്ഞ് വീട്ടുമുറ്റം നിറഞ്ഞു. കാഞ്ഞിരപ്പൊയിൽ മലപ്പച്ചേരി സ്കൂളിനു സമീപത്തെ ചേണിച്ചേരി എം.പി. ഗംഗാധരന്റെ വീട്ടുമുറ്റത്താണ് ഈ കൗതുകക്കാഴ്ചകളൊരുക്കിയിരിക്കുന്നത്. പക്ഷേ, ഇവയെല്ലാം ശിൽപങ്ങളാണെന്ന് മാത്രം.
കൃഷിക്ക് വെള്ളം നനക്കാൻ ടാങ്ക് നിർമിക്കാൻ തീരുമാനിച്ചപ്പോഴാണ്, കലാകാരനും കല്ലുവെട്ട് തൊഴിലാളിയുമായ ഗംഗാധരന് അതിൽ വ്യത്യസ്തത വേണമെന്ന് തോന്നിയത്. അങ്ങനെയാണ് ആനയുടെ രൂപത്തിലുള്ള ടാങ്ക് നിർമിച്ചത്. അതിനു പിന്നാലെ വീട്ടുമുറ്റത്ത് കൗതുകമായി കുതിര ടാങ്കും നിർമിച്ചു. നാടകരചന, സംവിധാനം, അഭിനയം, ഗാനരചന, ശിൽപനിർമാണം, ചെടിച്ചട്ടി നിർമാണം, സിമന്റ് ഡിസൈൻ... ഇതിനെല്ലാമൊപ്പം കൃഷിയിലും സജീവമാണ് ഗംഗാധരൻ.
വീട്ടുമുറ്റത്ത് 350 ലിറ്റർ വെള്ളം കൊള്ളുന്ന ആനയുടെ ആകൃതിയിലുള്ള ടാങ്ക് നിർമിച്ചത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായിരുന്നു. 150 ലിറ്റർ ‘കുതിര ടാങ്ക്’ നിർമിച്ചതോടെ വീട്ടിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി. ഇവക്കെല്ലാം പുറമെയാണ് കുരങ്ങിന്റെയും മയിലിന്റെയും അരയന്നത്തിന്റെയുമൊക്കെ ശിൽപങ്ങളുമുള്ളത്. പിന്തുണയുമായി ഭാര്യ നാരായണിയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.