കട്ടപ്പന: ‘‘വെള്ളയാംകുടി-വാഴവര-കാൽവരിമൗണ്ട്-നരകക്കാനം-ഇടുക്കി-ചെറുതോണി-പൈനാവ്-കുളമാവ്-മൂലമറ്റം-മുട്ടം വഴി തൊടുപുഴക്കുള്ള എലൈറ്റ് ബസ് 7.30ന് പുറപ്പെടും...’’ കട്ടപ്പന ബസ് സ്റ്റാൻഡിലെത്തുന്നവർ മൂന്ന് പതിറ്റാണ്ടിലേറെയായി വഴി കണ്ടുപിടിക്കുന്നത് ഈ ശബ്ദത്തിലൂടെയാണ്.
36 വർഷമായി ബെന്നി കളപ്പുരക്കൽ ബസുകൾക്കും യാത്രക്കാർക്കും പോകേണ്ട ദിക്കും സമയവും കൃത്യമായി മൈക്കിലൂടെ പറഞ്ഞുകൊടുക്കാൻ തുടങ്ങിയിട്ട്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിൽ ചെന്നാൽ ആളെ നേരിട്ടു കാണാം.
പുലർച്ച അഞ്ചു മുതൽ ഉച്ചഭാഷിണിയിലൂടെ ഈ ശബ്ദമൊഴുകും. അറിയിപ്പ് കൃത്യമായതിനാൽ യാത്രക്കാർക്ക് രണ്ടാമതൊന്ന് ആരോടും ചോദിക്കേണ്ടി വരാറില്ല. കൗണ്ടറിൽ എത്തി ചോദിക്കുന്ന പ്രായമായവരെ ബസിൽ കയറ്റിവിടാനും ബെന്നിയുണ്ടാവും. ബസ് പുറപ്പെടുന്ന സ്ഥലം മുതൽ സർവിസ് അവസാനിപ്പിക്കുന്നയിടം വരെ എല്ലാ സ്ഥലങ്ങളും ബെന്നിക്ക് മനഃപാഠമാണ്.
സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലി ഒരിക്കലും വഴക്കുണ്ടാക്കാത്തതിനും കാരണം ബെന്നിയുടെ കൃത്യതയാണ്. ഓരോ ബസും പുറപ്പെടേണ്ട സമയത്തു പുറത്തുപോകും. അൽപം വൈകിയാൽ ബെന്നിയുടെ കർക്കശ ശബ്ദം സ്റ്റാൻഡിൽ പരക്കും. പൊലീസുകാരില്ലെങ്കിലും സ്റ്റാൻഡ് പൊതുവെ ശാന്തമായിരിക്കുന്നതിനു കാരണവും ബെന്നിയുടെ സാന്നിധ്യമാണെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരുദിവസം അയാളില്ലെങ്കിൽ ജീവക്കാരുടെയും യാത്രക്കാരുടെയും പരാതിപ്രളയമാണ്.
ബസുകളുടെ സമയം മാത്രമല്ല, നാട്ടിലെ പ്രധാന സംഭവങ്ങളും ഹർത്താലുകൾ, ബസുകളുടെ പണിമുടക്കുകൾ, ഏതെങ്കിലും ബസ് സർവിസ് നടത്തുന്നില്ലെങ്കിൽ തുടങ്ങി എല്ലാ കാര്യവും ബെന്നി അറിയിക്കും. രാത്രിയിൽ ഒറ്റപ്പെട്ടുപോയ യാത്രക്കാരെ വീടുകളിൽ എത്തിക്കാനും ബെന്നിയുണ്ടാവും. കട്ടപ്പന ജില്ല വിദ്യാഭ്യസ ഓഫിസിൽനിന്ന് വിരമിച്ച മേഴ്സിയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.