പ്രിയങ്കക്കായി വോട്ട് തേടാൻ ശ്രീനിവാസലു ആന്ധ്രയില്‍ നിന്നും സൈക്കിളിലെത്തി

കല്‍പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ. ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്‍റെ സൈക്കിളുമായെത്തി പ്രിയങ്ക ഗാന്ധിക്കായി വോട്ടഭ്യര്‍ഥിച്ചു.

ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി തെരഞ്ഞെടുപ്പ് കാലത്ത് പല സ്ഥലങ്ങളിലും പ്രചരണരംഗത്ത് സജീവമായി. സ്വന്തം ചിലവില്‍ മറ്റാരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രചരണം നടത്താറുള്ളതെന്ന് പറയുന്ന ശ്രീനി ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിക്കൊപ്പം തന്‍റെ സൈക്കിളുമായി സഞ്ചരിച്ചിട്ടുണ്ട്.

പല പ്രതിസന്ധികളും അതിജീവിച്ചാണ് സൈക്കിളുമായി പ്രചരണത്തിന് പോകാറുള്ളതെന്ന് പറയുന്ന ശ്രീനി കാവലിയിലെ ടാക്‌സി ഡ്രൈവറാണ്. ടാക്‌സി ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇതുപോലുള്ള പ്രചരണ പരിപാടികള്‍ക്ക് പോകാനായി തുക കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മതേതരത്വത്തിലൂന്നിയ പരസ്പര സ്‌നേഹത്തിന്‍റെ സന്ദേശവുമായി മുന്നോട്ടു പോകുന്ന രാഹുൽ ഗാന്ധിക്ക് പിന്നില്‍ അണിനിരക്കുകയെന്ന സന്ദേശമാണ് ഈ യാത്രയിലൂടെ പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം തിരികെ സൈക്കിളില്‍ തന്നെ മൈസൂര്‍ വഴി ആന്ധ്രപ്രദേശിലേക്ക് മടങ്ങാനാണ് ശ്രീനി ഉദ്ദേശിക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയില്‍ ഇനി പ്രചരണം നടത്തുന്നത്. ഈ ദിവസങ്ങളില്‍ കൂടി പ്രചരണം നടത്തിയ ശേഷം ജില്ലയില്‍ നിന്നും മടങ്ങുമെന്നും രാഹുല്‍ പ്രധാനമന്ത്രിയായി കാണുകയെന്നതാണ് ജീവിതാഭിലാഷമെന്നും ശ്രീനി പറയുന്നു.

Tags:    
News Summary - K Srinivasulu cycled from Andhra to seek votes for Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.