മനാമ: മൂന്നര പതിറ്റാണ്ട് കാലത്തെ സജീവമായ പ്രവാസജീവിതത്തിന് വിരാമമിടുമ്പോൾ കെ.എം. ശ്രീനിവാസനും ഭാര്യ ശ്രീദേവി ടീച്ചർക്കും മനസ്സിൽ സൂക്ഷിക്കാൻ ഒപ്പമുള്ളത് പവിഴദ്വീപിന്റെ വിലമതിക്കാനാകാത്ത ഓർമകൾ. ആയിരത്തിലേറെ കുട്ടികളെ നൃത്തം പഠിപ്പിച്ച് പ്രശസ്തിയുടെ ഉയരങ്ങളിലെത്തിച്ച ഈ നൃത്തദമ്പതികൾ ഈമാസം നാട്ടിലേക്കു തിരിച്ചുപോകും.
ശിവമൊഗ്ഗയിൽ കലാമണ്ഡലം ഉഷ ദാത്താറുടെ കീഴിൽ നൃത്തപഠനം നടത്തിയ കണ്ണൂർ കണ്ണപുരം സ്വദേശിയായ കെ.എം. ശ്രീനിവാസൻ 1987ലും കലാമണ്ഡലത്തിൽനിന്ന് നൃത്തപഠനം പൂർത്തിയാക്കിയ ശ്രീദേവി ടീച്ചർ 1990ലുമാണ് ബഹ്റൈനിൽ എത്തിയത്. ആദ്യ നാളുകളിൽ ബഹ്റൈൻ കേരളീയ സമാജത്തിലും മറ്റും നൃത്തപരിപാടികൾ അവതരിപ്പിക്കാൻ ലഭിച്ച അവസരങ്ങളാണ് കലാമണ്ഡലം ശ്രീദേവി ടീച്ചർ എന്ന ഗുരുവിനു വഴിവിളക്കായത്.
നൃത്യാഞ്ജലി എന്ന നൃത്തവിദ്യാലയമായിരുന്നു ഇക്കാലമത്രയും ഇവരുടെ ലോകം. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ വർഷങ്ങളോളം നീളുന്ന പരിശീലനത്തിനൊടുവിലാണ് ഇവർ കുട്ടികളെ അരങ്ങിലെത്തിക്കുന്നത്. ടീച്ചറുടെ ശിഷ്യപരമ്പരയിൽപെട്ട വിഷ്ണു പ്രിയ, ഓഡ്രി മിറിയം ഹെന്നെസ്റ്റ്, സ്നേഹ അജിത് എന്നിവർ സിനിമയിലും, മറ്റുചിലർ മുഴുവൻ സമയ നൃത്ത ഉപാസനയിലും തിളങ്ങിനിൽക്കുന്നു. തന്റെ ശിഷ്യഗണങ്ങളെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണ് ടീച്ചർ സംസാരിക്കുന്നത്.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രിൻസ് നടരാജൻ, മുൻ ഐ.എൽ.എ പ്രസിഡന്റ് വാണീ കൃഷ്ണൻ, സലാം ബഹ്റൈൻ മാഗസിൻ എഡിറ്റർ മീര രവി, ദേവൻ പാലോട് എന്നിവരുടെ അകമഴിഞ്ഞ സഹകരണമായിരുന്നു നൃത്തവിദ്യാലയത്തിന്റെ മുതൽക്കൂട്ടെന്ന് ഇരുവരും അനുസ്മരിക്കുന്നു.
നാട്ടിലെത്തിയാലും നൃത്താധ്യാപനം തുടരാനുള്ള തീരുമാനത്തിലാണെന്ന് കെ.എം. ശ്രീനിവാസൻ പറഞ്ഞു. ഏകമകൾ മീനാഷി ഭർത്താവ് റോഷൻ മേനോനൊപ്പം ബംഗളൂരുവിൽ താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.