മൂന്നാര്‍: പഴയ മൂന്നാറിലെ അപ് സൈക്കിള്‍ പാര്‍ക്കില്‍ തലയുയർത്തി നിൽക്കുന്ന ആനയുടെ രൂപം ദൂരെ നിന്ന് കണ്ടാൽ ആരും ആദ്യം ഒന്ന് ഞെട്ടും. മൂന്നാറിലെത്തിയ സഞ്ചാരികള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾകൊണ്ടാണ് അത് നിർമിച്ചിരിക്കുന്നതെറിഞ്ഞാലോ ഞെട്ടൽ പിന്നെ അത്ഭുതത്തിലേക്ക് വഴിമാറും. പ്ലാസ്റ്റിക്കും കുപ്പികളും പാഴ്വസ്തുക്കളും തുടങ്ങി പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമാകുന്ന ടണ്‍കണക്കിന് പാഴ്വസ്തുക്കളാണ് ശേഖരിച്ച് മൂന്നാറിലെ അപ് സൈക്കിള്‍ പാര്‍ക്കില്‍ പുനരുപയോഗിച്ചിരിക്കുന്നത്.
ഹരിത കേരളം മിഷന്, മൂന്നാര്‍ പഞ്ചായത്ത്, യു.എന്‍.ഡി.പി എന്നിവ റിസിറ്റി, ഹില്‍ഡാരി, ഐ.ആര്.ടി.സി, ബി.ആര്.സി.എസ് എന്നീ ഏജന്‍സികളുമായി കൈകോര്‍ത്താണ് നിർമിച്ചിരിക്കുന്നത്. തീവണ്ടിയും മാനുകളുമൊക്കെ ഇത്തരത്തിൽ സഞ്ചാരികളെ ആകർഷിക്കാനായ ഒരുങ്ങി നിൽക്കുന്നുണ്ട്. വാഹനങ്ങളുടെ അപ് ഹോള്‍സ്റ്ററി വേസ്റ്റുകളും ഉയോഗിച്ചാണ് കാട്ടുപോത്തിന് ജീവന് നല്‍കിയത്.
പ്ലേറ്റുകള്‍, എണ്ണ ക്യാനുകള്‍, വാഷിങ് മെഷീന്റെ ഭാഗങ്ങള്‍ തുടങ്ങിയ ആക്രിസാധനങ്ങൾ ഉപയോഗിച്ചാണ് തീവണ്ടി നിര്‍മിച്ചത്. ഒറ്റദിവസംകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ശേഖരിച്ച പാഴ്വസ്തുക്കളാണിവ. ഒരു തവള സൗഹൃദകുളവും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്നാറില്‍ വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ ഈ ചെറുജീവികള്‍ക്ക് കഴിയുമെന്ന ശാസ്ത്രീയമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കില്‍ തവളകള്‍ക്കായി കുളവും സജ്ജമാക്കിയത്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ 3900 ടൈലുകളാണ് നടപ്പാതയില്‍ വിരിച്ചിട്ടുള്ളത്. 975 കിലോ പ്ലാസ്റ്റിക് വേസ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. പാര്‍ക്കിലെ ബെഞ്ചുകളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ കൊണ്ടുള്ളവയാണ്. മൂന്നാറില്‍നിന്ന് ഹരിതകര്‍മസേന ദിവസവും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളുമെല്ലാം നല്ല തണ്ണിയിലെ മാലിന്യസംസ്കരണ പ്ലാന്റില്‍ നല്ല വളമായി മാറുകയാണ്.
ജൈവവളം മൂന്നാര്‍ ഗ്രീന്‍ എന്ന പേരില്‍ വിപണിയിലെത്തും. കിലോക്ക് 16 രൂപയാണ് വില. പ്രതിദിനം രണ്ട് ടണ്‍ ജൈവമാലിന്യം വളമാക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.