ദോഹ: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അസ്തമിച്ച് ഒരു മുറിയിൽ ഒതുങ്ങി കൂടേണ്ടിടത്തുനിന്നും ഒരു ഫോൺ വിളിയിൽ ജീവിതം മാറ്റിമറിച്ച കഥയാണ് ശിഹാബിന്റേത്. വിധി തന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർത്തിയെങ്കിലും ഇരുണ്ട ചുമരുകൾക്കിടയിൽ ഒതുങ്ങി നിൽക്കേണ്ടി വന്നവർക്ക് വഴികാട്ടിയും പ്രതീക്ഷയുമാണ് മലപ്പുറം മോങ്ങം സ്വദേശി വാളപ്പറ ശിഹാബ് എന്ന 36കാരൻ.
ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്നും എം.എ അറബിക് ബിരുദം പൂർത്തിയാക്കി 2012ൽ വലിയ സ്വപ്നങ്ങളുമായാണ് ശിഹാബ് ഖത്തറിൽ എത്തുന്നത്. സനയ്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനമായ കേരള ഫുഡ് സെന്ററിൽ പബ്ലിക് റിലേഷൻസ് ഓഫിസർ ജോലിയിലാണ് ആദ്യം പ്രവേശിച്ചത്.
ഇതിനിടയിൽ 2014ൽ തന്റെ 24ാം വയസ്സിൽ താമസ സ്ഥലത്തെ കുളിമുറിയിൽ തലകറങ്ങി വീണ വീഴ്ച ജീവിതം തന്നെ മാറ്റിമറിച്ചു. സ്ട്രോക്കാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരവിന് മേജർ ശസ്ത്രക്രിയയായിരുന്നു നിർദേശിച്ചത്. അപ്പോഴും ഒരു തിരിച്ചുവരവ് സംശയകരമെന്ന് വിധിയെഴുതി. എന്നാൽ, പ്രാർഥനകളും ഇളം പ്രായത്തിന്റെ ആരോഗ്യവും ശിഹാബിന് രണ്ടാം ജന്മം നൽകി.
പക്ഷാഘാതം അദ്ദേഹത്തിന്റെ ഇടതുഭാഗത്തെ പൂർണമായും നിശ്ചലമാക്കിയിരുന്നു. ഹമദ് ആശുപത്രിയിലെ രണ്ടര മാസത്തെ ചികിത്സക്കുശേഷം ഊന്നുവടിയിൽ ശിഹാബ് സ്വപ്നങ്ങളെല്ലാം പെട്ടിയിൽ അടച്ച് നാട്ടിലേക്ക് വിമാനം കയറി. ജീവിതം കെട്ടിപ്പടുക്കാൻ എത്തിയ ശിഹാബിന്റെ ജീവിതത്തിലേക്ക് കരിനിഴൽ വീഴ്ത്തുകയായിരുന്നു ഈ ദുരന്തം. ഇനിയൊരു പ്രവാസജീവിതം സാധ്യമല്ലെന്നും ഈ നിലയിൽ ആര് ജോലിയിൽ എടുക്കുമെന്ന ചിന്തയും അവനെ തളർത്തി.
നാട്ടിലെത്തിയ ശിഹാബ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നീണ്ട ഒമ്പതു മാസത്തെ കാത്തിരിപ്പിനിടയിലാണ് തന്റെ പഴയ തൊഴിലുടമയും ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനുമായ ഉള്ളടത്ത് അബ്ദുല്ലയുടെ ഫോൺ തേടിയെത്തിയത്. ശിഹാബിന്റെ ജീവിതംതന്നെ മാറ്റിമറിക്കുന്നതായിരുന്നു ആ വിളി. ‘ശിഹാബ് നിന്നെക്കൊണ്ട് സാധിക്കും, നീ തിരിച്ചുവരണം... ഒരു മുറിയിൽ ഒതുങ്ങി കൂടേണ്ടവനല്ല നീ, നിനക്ക് സാധിച്ചില്ലെങ്കിൽ തിരിച്ചു നാട്ടിലേക്ക് മടങ്ങാം’ -ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിക്കുന്ന വാക്കുകൾ ശിഹാബിന്റെ സ്വപ്നങ്ങൾക്ക് പച്ചപ്പായി. എങ്കിലും ആശങ്കകൾ ഏറെയായിരുന്നു. ഈ വൈകല്യങ്ങളുമായി താൻ വന്നിട്ട് എന്തു കാര്യമെന്ന മറു ചോദ്യം ശിഹാബ് ഉന്നയിച്ചെങ്കിലും തൊഴിലുടമ വിട്ടില്ല. മകനെ മുറിയിൽ നിന്നും പുറത്തിറക്കി നമുക്ക് നല്ല ജീവിതം നൽകണമെന്ന് അദ്ദേഹം മാതാവിനോടും പറഞ്ഞു.
ഒടുവിൽ മാതൃസമ്മതത്തോടെതന്നെ ശിഹാബ് വീണ്ടും ഖത്തറിലേക്ക് വിമാനം കയറി. തൊഴിലാളികൾ തളരുമ്പോഴും, വീഴുമ്പോഴും അവരെ കൈവിട്ട് പുതിയതിനെ തേടിപ്പോകുന്ന ലോകത്ത് അബ്ദുല്ല മനുഷ്യപ്പറ്റുള്ള തൊഴിലുടമയായി മാറി.
ചുരുങ്ങിയ ഇടവേളക്കുശേഷം തിരികെ ഖത്തറിൽ എത്തിയ ശിഹാബിന് പഴയ തസ്തികയായ പബ്ലിക് റിലേഷൻസ് ഓഫിസർ തന്നെ കമ്പനി വെച്ചുനീട്ടി. അനക്കമില്ലാത്ത ഇടംകൈയിനെയും ഭാഗികമായി മാത്രം ചലിക്കുന്ന ഇടംകാലിനെയും മനഃസന്നിധ്യംകൊണ്ട് തോൽപ്പിക്കുകയാണ് ശിഹാബ്. കമ്പനി ആവശ്യങ്ങൾക്കായി ഖത്തറിലെ സർക്കാർ ഓഫിസുകളിൽനിന്ന് ഓഫിസുകളിലേക്കായി അദ്ദേഹം ചിറകുവിരിച്ച് പറക്കുന്നു. അറബി ഭാഷയിലും ഖത്തറിലെ നിയമങ്ങളിലും മികച്ച പ്രാവീണ്യമുള്ള ശിഹാബിന് ഇപ്പോൾ വിശ്രമിക്കാൻ ഒട്ടും സമയമില്ല. തിരിച്ചുവരവിൽ 12 വർഷം പിന്നിട്ട ഈ യുവാവ് ഇന്ന് സ്ഥാപനത്തിൽ മാത്രമല്ല, പ്രവാസ മണ്ണിലും തൊഴിൽ സമൂഹത്തിലും മാതൃകയാണ്.
തളർന്ന കൈകാലുകളുമായി വീടിന്റെ നാല് ചുമരിനുള്ളിൽ ശിഷ്ടകാലം ഒതുങ്ങിപ്പോവുമായിരുന്ന തന്നെ ഖത്തറിൽ തിരികെയെത്തിച്ച് വീണ്ടും ഉയരെ പറക്കാൻ സൗകര്യമൊരുക്കിയ തൊഴിലുടമയുടെ വാക്കുകൾ നന്ദിയോടെ ഓർത്തെടുക്കുകയാണ് ശിഹാബ്. ഒപ്പം ദൈവത്തിനും അദ്ദേഹം നന്ദി പറയുന്നു. ഇച്ഛാശക്തിയും പ്രവർത്തിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ വൈകല്യം ഒന്നും മനസ്സിനെ ബാധിക്കില്ലെന്ന് ശിഹാബ് പറയുന്നു. മലപ്പുറം മോങ്ങം സ്വദേശി വാളപ്പറ പരേതനായ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. താഹിറയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.