സോഷ്യൽ മീഡിയ സ്ട്രാറ്റജിയിലെ പരിജ്ഞാനം കൊണ്ട് ഫുഡ്- ജോബ് ഹണ്ടിങ് വ്ലോഗ്ഗിങ് മേഖലയിൽ ചുരുങ്ങിയ സമയം കൊണ്ട് യുവ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് വെറൈറ്റി ഫുഡിയുടെ സ്വന്തം അര്‍ജുന്‍. സാമൂഹ്യ മാധ്യമ രംഗത്തെ മാർക്കറ്റിങ് തന്ത്രങ്ങൾ കരുതിയതിലും വേഗത്തിൽ അർജുന് ഒരു യൂത്ത് ഐക്കൺ പട്ടം ചാർത്തി കൊടുക്കാൻ പര്യാപ്തമായി.
യു.എ.ഇയിൽ ജനിച്ചുവളർന്ന അർജുൻ പക്ഷേ കരിയറിന്‍റെ പടവുകൾ വാർത്തെടുത്തതെല്ലാം ബംഗളൂരു, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നിന്നായിരുന്നു. ഒരു ഇടവേളക്കുശേഷം വീണ്ടും ദുബൈയിലേക്ക് ചേക്കേറിയ അർജുന്‍റെ പൂർണ്ണ പ്രചോദനം ഫുഡ് വ്ലോഗർ ദിൽഷാദ് ആയിരുന്നു. നിരന്തരമായ ഫോൺ കോളുകളും ക്ഷണവും ദിൽഷാദിനെ ഒരു തിരക്കുപിടിച്ച മനുഷ്യനാക്കി മാറ്റിയത് കണ്ട് അർജുനും ഒത്തിരി ആകൃഷ്ടനായി. ഇടതടവില്ലാതെ ജീവിതത്തിരക്കുകളിൽ മുഴുകുന്നതിൽ അർജുൻ തൽപരനായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ അവലോകനങ്ങളിലൂടെ അർജുൻ മുന്നോട്ട് കുതിച്ചു.
ഇൻട്രസ്റ്റിങ് ടൈറ്റിൽ, ഫുൾ ഓപ്ഷൻ ക്യാമറ, അവതരണ ശൈലിയിലെ ചടുലത തുടങ്ങി എല്ലാ മുഖങ്ങളിലും അർജുൻ ശ്രദ്ധ കേന്ദ്രീകരിച്ചു. യു.എ.ഇയിലെ മികച്ച ഫുഡ് വ്ലോഗ്ഗിങ് ഇൻഫ്ലുവൻസേഴ്സിൽ നിന്നും വ്യത്യസ്തമാകാൻ തുനിഞ്ഞ അർജുന് ആയിടക്കാണ് ജോബ് ഹണ്ടിങ്ങിലും താൽപര്യം പിറക്കുന്നത്. ജോലി പ്രതീക്ഷിച്ച് യു.എ.ഇയിൽ എത്തുന്നവരുടെ ആധിക്യം കണക്കിലെടുത്താണ് അർജുൻ ഇങ്ങനെ ഒരു ശ്രമത്തിനു മുതിരുന്നത്. പ്രതീക്ഷിച്ചതിലും അതിവേഗം ജോബ് ഹണ്ടിങ് വീഡിയോകളിൽ ചെറുപ്പക്കാരുടെ കണ്ണുകളുടക്കി.
ആദ്യത്തെ ജോബ് അവേർനസ് വീഡിയോ നാലു ദശലക്ഷത്തോളം ആളുകൾ സ്വീകരിച്ചു. ഈ പുതിയ പദ്ധതിയുടെ 80 ആം ജോബ് റിക്വയർമെന്‍റ് വീഡിയോ ഇമനേരം കൊണ്ട് ഈ യുവ തരംഗത്തെ കൊണ്ടെത്തിച്ചത് 100 കെയിലേക്കാണ്. ‘പണിയുണ്ടെങ്കിലല്ലേ ഭക്ഷണമുള്ളൂ’ എന്ന അർജുന്‍റെ ആപ്തവാക്യം അക്ഷരാർഥത്തിൽ അർഥവത്താകുന്നത് ഇവിടെയാണ്. വാരിവലിച്ച് ചെയ്യുന്ന കണ്ടന്‍റുകളിലുപരി ഉപകാരപ്രദമായ കുറഞ്ഞ കണ്ടെന്‍റുകൾ വിലമതിക്കുന്നുവെന്ന് അർജുന്‍റെ ചടുലമായ പ്രകടനങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഉറ്റ സുഹൃത്തുക്കളായ ജിതിൻ ഫ്രാൻസിയും അനന്തു എസ് പിള്ളയും (നിഴൽ) അർജുന്‍റെ ഓരോ ഉദ്യമത്തിന് പിന്നിലെയും വിസ്മരിക്കാനാകാത്ത നാമങ്ങളാണ്.
പുതിയ തലമുറയുടെ 'വൈബ്' തന്നെയാണ് അർജുന്‍റെ മുഖ്യ ആകർഷണം. ‘ദുബൈ വാർത്ത’യിൽ അവതാരികയായ ദീപ ഗണേഷും പിതാവ് പി. ഗണേഷും 1998 മുതൽ ഇമാറാത്തിന്‍റെ സ്വന്തമാണ്. അവതരണത്തിലെ ഊർജ്ജസ്വലതയും വശ്യതയും സമ്മാനിച്ച പ്രേക്ഷക സമൂഹം തന്നെയാണ് അർജുന്‍റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.