ദുബൈ: യു.എ.ഇയുടെ സംസ്കാരവും ചരിത്രവും ഒരൊറ്റ കാൻവാസിൽ പകർത്തിയ മലയാളി കലാകാരിയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കൊച്ചി സ്വദേശിനി സീമ സുരേഷ് വരച്ച ചിത്രം ദുബൈ സിലിക്കോൺ സെൻട്രൽ മാളിലാണ് പ്രദർശിപ്പിച്ചത്. പതിനാറര അടി നീളവും ഏഴടി ഉയരവുമുള്ള കാൻവാസിൽ തനി കേരള ചുമർച്ചിത്ര ശൈലിയിലാണ് ചിത്രം വരച്ചെടുത്തത്.
കേരള മ്യൂറൽ ശൈലിയിൽ അവതരിപ്പിച്ച ചിത്രത്തിൽ യു.എ.ഇയുടെ 32 മുഖമുദ്രകളാണ് ഉൾപ്പെടുത്തിയത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം എന്നിവരുടെ ചിത്രങ്ങൾ മനോഹരമായി പകർത്തിയിട്ടുണ്ട്.
ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ, അബൂദബി ഗ്രാൻഡ് മോസ്ക്, ഫെരാറി വേൾഡ്, ദുബൈ ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം, പാം ജുമൈറ, അറ്റ്ലന്റിസ് തുടങ്ങിയവയും ചിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. കടലിൽ മീൻപിടിച്ച് അടിത്തട്ടിൽനിന്ന് മുത്തും പവിഴവും വാരി ജീവിച്ച ഇമാറാത്തി ജനതയുടെ ചരിത്രത്തെയും ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മർയം അൽ മുഹൈരിയാണ് നിർവഹിച്ചത്. ആറ് മാസത്തോളം, ഏതാണ്ട് 1350 മണിക്കൂർ ചെലവഴിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ കഴിയുന്ന യു.എ.ഇയോടുള്ള ആദരമാണ് 52ാം ദേശീയദിന പശ്ചാത്തലത്തിൽ ചിത്രപ്രദർശനത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് സീമ പറഞ്ഞു. 20 വർഷത്തിലധികമായി കേരളത്തിൽ ചിത്രകലാരംഗത്തും അധ്യാപനരംഗത്തും സജീവമാണിവർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബൈയിലുമായി ഇരുപതോളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആർട്ട് ഇൻ ആർട്ട് എന്ന പേരിൽ ആർട്ട് ഗ്യാലറി നടത്തുന്നുണ്ട്. ദുബൈയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.