സംസ്ഥാന വയോജന കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ച കമ്മിറ്റിയാണ് ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിച്ചത്
മക്കളുടെ പീഡനവും ഉപദ്രവവും സഹിച്ച് വീട്ടിനുള്ളിൽ കഴിഞ്ഞുകൂടുന്ന എത്രയോ മാതാപിതാക്കളുണ്ട്. മക്കളെ പേടിച്ചും ഇത്തരം കാര്യങ്ങൾ പുറത്തറിഞ്ഞാൽ കുടുംബത്തിനുണ്ടാകുന്ന പേരുദോഷം ഓർത്തും മറ്റും ഈ വിവരം പലരും പുറത്തു പറയുന്നില്ല എന്നതാണ് യാഥാർഥ്യം.
എന്നാൽ, മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മക്കൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നുള്ള നിർദേശം ഇപ്പോൾ ഔദ്യോഗികതലത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്.
വീട്ടിൽ മാതാപിതാക്കളെയോ മുതിർന്ന പൗരന്മാരെയോ സംരക്ഷിക്കാതെ ഏതെങ്കിലും വിധത്തിൽ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടർച്ചാവകാശികളെയും വീട്ടിൽനിന്നു പുറത്താക്കാം എന്ന വ്യവസ്ഥ സംസ്ഥാന വയോജന ചട്ടത്തിൽ ഉൾപ്പെടുത്തണമെന്ന നിർദേശമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം നടപ്പാക്കുന്നതിന് നമ്മുടെ സംസ്ഥാനത്ത് ചട്ടങ്ങൾ നിലവിലുണ്ട്. 2009ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സാമൂഹിക നീതി മന്ത്രി അധ്യക്ഷയായ സംസ്ഥാന വയോജന കൗൺസിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ നിയമിച്ച കമ്മിറ്റിയാണ് ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിച്ചത്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മകനെയോ മകളെയോ പിന്തുടർച്ചാവകാശിയെയോ വീട്ടിൽനിന്നൊഴിവാക്കാൻ ജില്ല മജിസ്‌ട്രേറ്റിന് പരാതി നൽകാം എന്നാണ് നിർദേശം. അപേക്ഷ 15 ദിവസത്തിനകം ജില്ല മജിസ്‌ട്രേറ്റ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനു കൈമാറും.
സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതിയിൽ, ജില്ല മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവർക്കു നോട്ടീസ് നൽകി പറയാനുള്ള അവസരം നൽകും.
പരാതിയിൽ കാര്യമുണ്ടെന്ന് മജിസ്‌ട്രേറ്റിനു ബോധ്യപ്പെട്ടാൽ മക്കൾ ആ വീട്ടിൽനിന്ന് മാറിനിൽക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കും. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം വീട്ടിൽനിന്നു മക്കൾ മാറിയില്ലെങ്കിൽ ഉത്തരവ് നടപ്പിലാക്കുന്നതിനായി ജില്ല മജിസ്‌ട്രേറ്റിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം. പൊലീസ് വഴി പുറത്താക്കൽ ഉത്തരവ് നടപ്പാക്കാനുള്ള അധികാരവും ജില്ല മജിസ്‌ട്രേറ്റിന് ഉണ്ടായിരിക്കും.
ജില്ല പൊലീസ് സൂപ്രണ്ടിനോ സിറ്റി പൊലീസ് കമീഷണർക്കോ ആയിരിക്കും ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ജില്ല മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെയുള്ള ഹരജി പരിഗണിക്കാനുള്ള അധികാരം ഹൈകോടതിക്കായിരിക്കും. വയോജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മറ്റു നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ജില്ലയിൽ ഓരോ സബ് ഡിവിഷനിലും ഒന്നോ അതിലധികമോ മെയിന്റനൻസ് ട്രൈബ്യൂണലുകൾ സ്ഥാപിക്കണം. ട്രൈബ്യൂണലുകളുടെ തീരുമാനത്തിന്മേൽ അപ്പീൽ സമർപ്പിക്കുന്നതിന് ഓരോ ജില്ലയിലും അപ്പലേറ്റ് ട്രൈബ്യൂണൽ ഉണ്ടാവണം. സബ് ഡിവിഷനൽ മെയിന്റനൻസ് ട്രൈബ്യൂണലുകളുടെ പ്രിസൈഡിങ് ഓഫിസറുടെ ചുമതല സബ് ഡിവിഷൻ മജിസ്ട്രേറ്റിന് ആയിരിക്കും.
സബ് ഡിവിഷൻതല മെയിന്റനൻസ് ട്രൈബ്യൂണലിലും അപ്പലേറ്റ് ട്രൈബ്യൂണലിലും രണ്ട് അനൗദ്യോഗിക അംഗങ്ങൾ ഉണ്ടാവണം. അതിലൊരാൾ വനിത ആയിരിക്കണം. വയോജനങ്ങളുടെ പരാതികൾ മധ്യസ്ഥതയിലൂടെ രമ്യമായി പരിഹരിക്കാൻ അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനൽ ഉണ്ടാക്കാൻ സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കണം.
വയോജനങ്ങളുടെ വൈദ്യപരിചരണത്തെക്കുറിച്ചും റിപ്പോർട്ടിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.