പാരമ്പര്യത്തിന്‍റെ ഓർമകളുണർത്തി റമദാൻ പീരങ്കികൾ

ആധുനികതയുടെ കുത്തൊഴുക്കിലും മായ്ക്കപ്പെടാതെ കിടക്കുന്ന അറബ് പാരമ്പര്യത്തിന്‍റെ പ്രതീകമാണ് റമദാനിന്‍റെ പകലിരവുകളില്‍ അറബ് - ഇസ്​ലാമിക് നാടുകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന പീരങ്കിയൊച്ചകള്‍. വിശുദ്ധ റമദാൻ എത്തിയാലും ശവ്വാല്‍ അമ്പിളി പിറന്നാലും പീരങ്കികള്‍ വെടി മുഴക്കും. നോമ്പിന് തുടക്കമറിയിക്കുന്നതും ഇഫ്താര്‍ സമയമറിയിക്കുന്നതും ഈ വെടിമുഴക്കങ്ങള്‍തന്നെ. കാലവും സാങ്കേതികതയും ഏറെ മാറിയെങ്കിലും പഴമയെ പൂര്‍ണമായും കൈവിടാന്‍ അറബ് നാടുകള്‍ ഒരുക്കമല്ല എന്നതിന്‍റെ നേര്‍സാക്ഷ്യമാണിത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇസ്‌ലാമിക രാജ്യങ്ങളില്‍ ആരംഭിച്ചതാണ് പീരങ്കിവെടി മുഴക്കിക്കൊണ്ടുള്ള നോമ്പുതുറ അറിയിപ്പ്. വെടിയൊച്ചയിലൂടെ നോമ്പെടുക്കുകയും തുറക്കുകയും ചെയ്ത തലമുറ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു എന്ന് തന്നെ പറയാം. പക്ഷേ പോയകാലത്തിന്‍റെ സമയ വിളംബരം ഇനിയും മരിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണിവിടെ. ഒപ്പം ഓരോ റമദാനും പീരങ്കികള്‍ക്ക് മണ്മറഞ്ഞ ഓർമകള്‍ വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ്. ഗതകാല സ്മൃതികളെ പുതുതലമുറക്ക് പരിചയപ്പെടുത്തി ദേശപ്പെരുമ കാത്തു സൂക്ഷിക്കുന്ന ആചാരം യു.എ.ഇ , ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖ് , സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ഇന്നും നിലനിര്‍ത്തിപ്പോരുന്നു.

യു.എ.ഇയാണ് ഈ പ്രാചീന സമ്പന്നത നിലനിര്‍ത്തുന്നതില്‍ ഇന്നും ഏറെ മുന്നിലുള്ളത്. ദുബൈ, ഷാര്‍ജ, അബൂദബി പോലുള്ള എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി ഇത് തുടര്‍ന്ന് പോരുന്നു. ഇവിടങ്ങളിലെ ആഘോഷങ്ങളില്‍ ഇന്നും നിര്‍ണായക സാന്നിധ്യമാണിത്. യു.എ.ഇയുടെ ജനനത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഷാർജയിലാണ് പീരങ്കി ഉപയോഗിച്ചുള്ള ഇഫ്താർ സമയമറിയിക്കൽ ആദ്യം വന്നത്. 1803-1866 കാലഘട്ടത്തില്‍ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് ഈയൊരു പാരമ്പര്യത്തിന് തുടക്കമിട്ടതെന്ന് ചരിത്രം പറയുന്നു. അക്കാലത്ത് ബാങ്ക് വിളി ഉറക്കെ കേള്‍പ്പിക്കാനുള്ള സൗകര്യം തീരെ ഇല്ലാത്തത് കൊണ്ടും പള്ളികളുടെ എണ്ണം കുറവായിരുന്നതിനാലും നോമ്പ് തുടങ്ങുന്നതും അവസാനിക്കുന്നതും അറിയിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. അറബികള്‍ക്ക് മുത്ത്‌ വാരലും മത്സ്യ ബന്ധനവും പ്രധാനവരുമാന മാര്‍ഗമായിരുന്ന അക്കാലത്ത് ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെ കൃത്യമായി ഇഫ്താർ സമയമറിയിക്കാൻ ഭരണാധികാരികളുടെ മനസ്സിൽ തെളിഞ്ഞ ആശയമായിരുന്നു ഇതെന്നും പറയപ്പെടുന്നു. ഒമാൻ വരെ വ്യാപിച്ച് കിടക്കുന്ന ഷാർജയുടെ പല ഭാഗങ്ങളിലും ഇത്തരം പീരങ്കികൾ ഇഫ്താർ സമയമറിയിക്കാൻ വെക്കുക പതിവായിരുവത്രെ. ഇന്നും ഇതൊരു ആവേശമായി മുടങ്ങാതെ പിന്തുടരുകയാണ് ഷാർജക്കാർ. ഷാര്‍ജയില്‍ മാത്രം എട്ട്​ ഇടങ്ങളിലാണ് റമദാനില്‍ പീരങ്കികള്‍ മുഴങ്ങുന്നത്. അതാതിടങ്ങളില്‍ പൊലീസ് സേന തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നതും.

വർഷത്തെ റമദാനിൽ അബൂദബി, അൽ ഐൻ, അൽ ദഫ്‌റ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ തുടങ്ങി വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് ഇത്തരം പീരങ്കികൾ മുഴങ്ങുന്നതാണ്. ഇത്തരം പീരങ്കികൾ ഒരുക്കിയിട്ടുള്ള ഇടങ്ങൾ സംബന്ധിച്ച് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്: 1912-1958 കാലയളവില്‍ ദുബൈ ഭരിച്ചിരുന്ന ശൈഖ് സായിദ് ആല്‍ മക്തൂമിന്‍റെ കാലത്താണ് റംസാനില്‍ പീരങ്കികള്‍ വെടിമുഴക്കുന്ന ആചാരത്തിന് ദുബൈയില്‍ തുടക്കമായതെന്നാണ് ചരിത്രം. അക്കാലങ്ങളില്‍ വെടിമുഴക്കം കേട്ടതിന് ശേഷം മാത്രമേ, പള്ളികളില്‍ ഇമാമുമാര്‍ സുബഹി , മഗ്​രിബ് ബാങ്ക് വിളിച്ചിരുന്നൊള്ളൂ. 1960-കളിലാണ് ദുബൈ പോലീസിന് പീരങ്കികളുടെ സൂക്ഷിപ്പും പ്രവര്‍ത്തനച്ചുമതലയും ലഭിക്കുന്നത്. ദുബൈയില്‍ ദമക് ഹിൽസ്, ബുര്‍ജ് ഖലീഫ, എക്സ്പോസിറ്റി, ഫെസ്റ്റിവൽ സിറ്റി, ഹത്ത, മിർദിഫ്, ക്രീക്ക് ഹാർബർ, ബര്‍ദുബൈ, മങ്കൂൾ , സഫ പാര്‍ക്ക്, ദേര എന്നിവിടങ്ങളിലാണ് പീരങ്കികള്‍ ഗര്‍ജിക്കുന്നത്.

റമദാൻ, ശവ്വാല്‍ മാസപ്പിറവി അറിയിക്കുന്നതിന് രണ്ട് വട്ടം വെടിയും സുഹൂര്‍, ഇഫ്താര്‍ അറിയിക്കാന്‍ ഓരോ വെടിയും മുഴക്കും. അടുത്ത കാലത്ത് ദുബൈയിലെ ചിലയിടത്ത് പീരങ്കി പ്രവര്‍ത്തിപ്പിക്കുന്നത് യന്ത്രമനുഷ്യനാണെന്ന പ്രത്യേകതയും ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന പട്ടാള പീരങ്കിയാണ് ആദ്യ കാലങ്ങളില്‍ ദുബൈ യില്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത്‌ സോണിക് പീരങ്കിയിലേക്കു മാറി. ശബ്ദം മാത്രം ഉണ്ടാക്കുന്ന അപായമില്ലാത്ത പ്രത്യേക തരം വെടിമരുന്നാണ് ഉപയോഗിക്കുക. ബ്രിട്ടീഷ് നിര്‍മിത ടൈപ്പ് 25 പി.ഡി.ആര്‍.എം.എല്‍ പീരങ്കിയുടെ ശബ്ദ തീവ്രത 170 ഡെസിബെല്‍ ആണ് . ഇതിനായി നിയോഗിച്ച 20 അംഗ സുരക്ഷാ സംഘം സൂര്യാസ്തമയത്തിന് മുമ്പേ സ്ഥലത്തെത്തി മുന്നൊരുക്കങ്ങള്‍ നടത്തും. വെടിമുഴക്കുന്നത് കാണാന്‍ വിദേശികളടക്കം ഒട്ടേറെ പേര്‍ സ്ഥലത്തു തടിച്ചുകൂടാറുണ്ട്. ഇവര്‍ക്കായി ഇഫ്താര്‍ ഭക്ഷണവും വിതരണം ചെയ്യും. കൂടാതെ, ടെലിവിഷന്‍ ചാനലുകളിൽ തത്സമയ സംപ്രേഷണവുമുണ്ട്. അബൂദബി ശൈഖ്​ സായിദ് ഗ്രാൻഡ് മോസ്‌ക് അടക്കം അൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിലും പീരങ്കി മുഴക്കമുണ്ട്.

കുവൈത്ത് സിറ്റിയിലെ പൗരാണികത തുളുമ്പുന്ന നായിഫ് പാലസിന്‍റെ വളപ്പില്‍ നിരവധി കുടുംബങ്ങളാണ് പീരങ്കി തീ തുപ്പുന്നത് കണ്ടാസ്വദിക്കാന്‍ എത്താറ്. 1907ല്‍ കുവൈത്തിലെ ഏഴാമത്തെ ഭരണാധികാരിയായിരുന്ന അമീര്‍ ശൈഖ് മുബാറക് അസ്സ്വാഹബിന്‍റെ കാലത്ത് തുടങ്ങിയതാണ്‌. ബഹ്‌റൈന്‍ ആണ് ഈ പൈതൃകാചാരം നിലനിര്‍ത്തി പോരുന്ന മറ്റൊരു രാജ്യം. സൗദി അറേബ്യയിൽ ഇടക്ക് വെച്ച് നിര്‍ത്തിയെങ്കിലും അടുത്തകാലത്ത് വീണ്ടും റമദാന്‍ പീരങ്കി ശബ്ദം മുഴക്കുന്നുണ്ട്‌. മക്കയിൽ ഇഫ്താര്‍ വേളയില്‍ മസ്ജിദുല്‍ ഹറമിന്‍റെ മിനാരങ്ങളില്‍ നിന്ന് ബാങ്കൊലി ഉയരുമ്പോള്‍ ടെലിവിഷനും റോഡിയോവുമെല്ലാം പൂട്ടി ജനല്‍ വാതിലുകള്‍ തുറന്ന് പീരങ്കി മുഴക്കം കേള്‍ക്കാന്‍ കാതോര്‍ക്കുന്ന മക്കാവാസികളെ ഇന്നും കാണാമത്രെ. ഇറാഖിലെ റമദാന്‍ പീരങ്കി കഥയുടെ ചരിത്ര വേരുകള്‍ ഉസ്മാനിയ കാലഘട്ടത്തിലേക്കാണ് ചെന്നെത്തിക്കുക. സാങ്കേതിക വിദ്യ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് തുടങ്ങിയ പീരങ്കി വെടി ഇക്കാലം വരെ അവശേഷിച്ചു. ഇന്ന് നൂതന കമ്പ്യുട്ടര്‍ സംവീധാനങ്ങളോടെയുള്ള വെടിയൊച്ച ശബ്ദം കേള്‍ക്കാന്‍ ഇറാഖികള്‍ വിശിഷ്യാ ബാലന്മാര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് പതിവാണ്.

തുര്‍ക്കിയിലെ വളരെ കുറഞ്ഞ ചില നഗരങ്ങളില്‍ മാത്രമാണ് ഇപ്പോഴും പീരങ്കിവെടി മുഴക്കുന്നത്. ഉയര്‍ന്ന ശബ്ദം പക്ഷികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും പീരങ്കിവെടി വിമാനങ്ങള്‍ക്ക് ഭീഷണിയായി മാറുമെന്നുമുള്ള കാരണം പറഞ്ഞാണ് തുര്‍ക്കിയിലെ നഗരങ്ങളില്‍ പീരങ്കിവെടി നിര്‍ത്തിവച്ചത്. തുനീഷ്യ, ലിബിയ, സിറിയ, ഇറാഖ്, യെമന്‍ പോലുള്ള രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും പൊട്ടിപ്പുറപ്പെട്ടതും റമദാന്‍ പീരങ്കി അപ്രത്യക്ഷമാകാന്‍ കാരണമായി. 1859 വരെ കൃത്രിമ വെടിയുണ്ട ഉപയോഗിച്ചിരുന്ന കയ്‌റോയില്‍ പുതിയ ഇനം പീരങ്കികള്‍ രംഗപ്രവേശനം ചെയ്തതോടെ യഥാര്‍ഥ വെടിയുണ്ട അപ്രത്യക്ഷമായി.

റമദാന്‍ പീരങ്കിയുടെ പിറവി

യുദ്ധാവശ്യങ്ങള്‍ക്കും മറ്റുമായി എല്ലാ രാജ്യങ്ങളിലും പീരങ്കി നേരത്തെ ഉപയോഗിക്കുന്നുണ്ട്. കൈ പീരങ്കിയും വെടിമരുന്ന് പീരങ്കിയും അടക്കം വൈവിധ്യങ്ങള്‍ പലതും വന്നെങ്കിലും മിസൈലുകളുടെ വരവോടെ ഇവക്ക് പ്രാധാന്യം കുറഞ്ഞു. പല രാജ്യങ്ങള്‍ക്കും അധിനിവേശത്തിന്‍റെ ശേഷിപ്പു കൂടിയാണ് പീരങ്കി . എന്നാല്‍ ഇഫ്താര്‍ പീരങ്കി മുഴക്കത്തിന്‍റെ ചരിത്ര ശേഷിപ്പുകളില്‍ പരമ പ്രധാനം സമയ വിളംബരം തന്നെയാണ്. നോമ്പുതുറ സമയം അറിയിക്കാന്‍ സംവിധാനങ്ങള്‍ തീരെ കുറവായിരുന്ന കാലഘട്ടത്തിലാണ് ശബ്ദം മുഴക്കിയുള്ള അറിയിപ്പ് രീതി തുടങ്ങിയത്. നാടെങ്ങും പള്ളികളില്ലാത്ത കാലം. ബാങ്ക് വിളിക്ക് മൈക്ക് സെറ്റും മറ്റൊരു വിധ സൗകര്യവും ഇല്ല. ഇന്നത്തെ പോലെ വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും അന്നില്ലാതിരുന്നതിനാൽ ഒരു പ്രദേശത്തെ ഇഫ്താർ സമയം അറിയിക്കാൻ ഒരു പീരങ്കി മുഴക്കം മതിയായിരുന്നുവെന്നാണ് പഴമക്കാർ ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ ഇതിനെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൂട്ടമായി ഉച്ചത്തില്‍ ഉറക്കെ പാട്ടുപാടിയും വാദ്യോപകരണം മുഴക്കുന്ന രീതിയുമായിരുന്നു നിലവിലുണ്ടായിരുന്നത്. പിന്നീടത്‌ വെടി പൊട്ടിക്കുന്നതിലേക്ക് മാറി. ഇതും പരിണമിച്ചാണ് പിന്നീട് പീരങ്കിയിലേക്ക് എത്തിയത്. ഈജിപ്തിലാണ് പീരങ്കി പൊട്ടിച്ചുള്ള വിളംബരം ആദ്യം തുടങ്ങിയതെന്ന് ചരിത്രങ്ങളില്‍ വ്യക്തമാക്കുന്നു. 1800 കളില്‍ ഈജിപ്ത് ഭരിച്ചിരുന്ന അല്‍ബാനിയന്‍ ഭരണാധികാരിയായ മുഹമ്മദ് അലി പാഷ സൈനിക ആവശ്യത്തിനായി പുതിയ പീരങ്കി വാങ്ങിയതോടെയാണ് തലസ്ഥാനമായ കെയ്റോയില്‍ പീരങ്കിവെടി മുഴക്കത്തിനു തുടക്കം കുറിച്ചതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ നടത്തിയിരുന്ന പരീക്ഷണ പൊട്ടിക്കല്‍ വ്രത സമയങ്ങളിലും തുടരാന്‍ നഗരവാസികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈജിപ്തില്‍ ഇതൊരു മുടങ്ങാത്ത ആചാരമായി മാറിയതെന്നും പറയപ്പെടുന്നു.

എന്നാല്‍, ഹിജ്റ വര്‍ഷം 859ല്‍ ഈജിപ്തിലെ ഒട്ടോമാന്‍ ഭരണാധികാരി യായിരുന്ന സുല്‍ത്താന്‍ അല്‍ സഹര്‍ സൈഫ് ഖൂഷ്ഘദം മംലൂക്കിന് ഒരു ജര്‍മ്മന്‍ കമ്പനി ഉടമയായ സുഹൃത്ത് സമ്മാനമായി പീരങ്കി നല്‍കിയെന്നും റമദാനിലെ ഒരു സന്ധ്യാ സമയത്ത് ഇതില്‍ വെടിമരുന്ന് നിറക്കവെ അബദ്ധത്തില്‍ ഉച്ചത്തില്‍ പൊട്ടുകയും ചെയ്തു. പീരങ്കി വെടി മുഴങ്ങിയതും നോമ്പുതുറ സമയവും യാദൃശ്ചികമായി ഒത്തുവന്നതോടെ പുതിയ ആചാരം തുടങ്ങിയ ആഹ്ലാദത്തിലായി ജനങ്ങള്‍. തുടരാനാവശ്യപ്പെട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിലൊന്നും വെടി മുഴക്കം ആവര്‍ത്തിച്ചില്ല. തുടര്‍ന്ന് മതനേതാക്കളും പൗരപ്രമുഖരും ഭരണാധികാരിയെ നേരില്‍ക്കണ്ട് ഈ ആചാരം തുടരണമെന്ന് അഭ്യര്‍ഥിക്കാന്‍ കൊട്ടാരത്തില്‍ പോയി. ആ സമയത്ത് ഭരണാധികാരിയെ കാണാന്‍ പറ്റിയിലെങ്കിലും അദ്ദേഹത്തിന്‍റെ പത്നി ഫാത്തിമ്മയോട് കാര്യം ധരിപ്പിച്ച് മടങ്ങുകയും ചെയ്തു. ഫത്തിമ്മയുടെ അഭ്യര്‍ഥനപ്രകാരം ഇത് തുടരാന്‍ ഭരണാധികാരി തയാറാകുകയായിരുന്നു. ഈ ഓര്‍മക്ക് റമദാന്‍ പീരങ്കി രീതിയെ ഈജിപ്തുകാര്‍ "ഹാജാ ഫാത്തിമ്മ " എന്നായിരുന്നത്രെ വിളിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ഈജിപ്തിന്‍റെ ചുവടുപിടിച്ച് ജറുസലേം, ഡമാസ്‌കസ്, ബഗ്ദാദ് എന്നീ നഗരങ്ങളില്‍ കൂടി ആചാരം പ്രചാരത്തിലായി. ഗള്‍ഫില്‍ ആദ്യമായി കുവൈത്തിലും പിന്നീട് യു.എ.ഇ യിലും ഈ രീതി സ്വീകരിച്ചു പോന്നു.

കേരളത്തിലെ അത്താഴ വെടി

കേരളത്തിലെ മക്കയെന്ന് അറിയപ്പെടുന്ന പൊന്നാനിയിലുമുണ്ട് പീരങ്കി വിളംബരത്തിന്‍റെ ശേഷിപ്പുകള്‍. അടുത്തകാലം വരെ ഗ്രാമീണ പീരങ്കി നിര്‍മിച്ച് പൊന്നാനിക്കാര്‍ ഇഫ്താര്‍ സമയമറിയിച്ചിരുന്നു. അത്താഴ വെടി, മുത്താഴ വെടി എന്നെല്ലാം അറിയപ്പെടും. ഒരു മീറ്റര്‍ നീളത്തില്‍ തടികൂടിയ മുളയാണ് ഗ്രാമീണ പീരങ്കിയുടെ പ്രധാനഭാഗം. മുളക്ക് ചില പ്രത്യേക രീതിയില്‍ തുളകള്‍ ക്രമീകരിച്ച് ഒരറ്റം കയറുകൊണ്ട് വരിഞ്ഞ് കെട്ടിയാണ് ഇത് നിര്‍മിച്ചിരുന്നത്. മണ്ണെണ്ണയായിരുന്നു ഇന്ധനം. പിന്നീട് 30 ഡിഗ്രി ചെരിച്ച് വെച്ച്. ദ്വാരത്തിലൂടെ മണ്ണെണ്ണ ഒഴിക്കും. മണ്ണെണ്ണ നിറച്ച മുളയുടെ അറ്റത്ത് തീ കൊളുത്തി ചൂടാക്കും. അഞ്ചു മിനിറ്റിനു ശേഷം ദ്വാരത്തിലേക്ക് ഊതി വായു നിറക്കും. തുടര്‍ന്ന് തീ കൊളുത്തുമ്പോള്‍ തീപ്പൊരിയോടു കൂടി വെടി മുഴങ്ങും. കുട്ടികളും ചെറുപ്പക്കാരും ചേര്‍ന്നാണ് പൊട്ടിക്കുക. പൊന്നാനിയുടെ പലഭാഗത്തും ഇപ്പോഴും ഇത്തരം പീരങ്കികള്‍ നോമ്പുകാലത്ത് തയാറാക്കുന്നവരുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഇത്തരം പരമ്പരാഗത ശീലങ്ങള്‍ റമദാനില്‍ ഇന്നും തുടരുന്നതിലൂടെ ഓരോ രാജ്യത്തെയും പൈതൃകവും സംസ്‌കാരവും പുതു തലമുറയിലേക്ക് കൂടി എത്തുകയാണ്.

Tags:    
News Summary - Ramadan cannons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.