ജിദ്ദ: ഈ വർഷം ജൂലൈ 30ന് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്. അതിൽതന്നെ ഏറ്റവും കൂടുതൽ വിസ അനുവദിച്ചത് ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾക്കാണ്.
വിദേശ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ 150ഓളം ഉംറ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതത് രാജ്യങ്ങളിൽനിന്നുള്ള വരവ് മുതൽ ഉംറ നിർവഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നത് ഈ കമ്പനികളാണെന്നും ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ-ഉമൈരി പറഞ്ഞു.
തീർഥാടകർക്ക് മികച്ച സേവനം പ്രദാനം ചെയ്യണമെന്ന സൽമാൻ രാജാവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കമ്പനികളെ നിയോഗിച്ചത്. തീർഥാടകർക്ക് ആശ്വാസത്തോടെയും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങളുടെ കർമം നിർവഹിക്കുന്നതിന് സൗദി ഭരണകൂടം ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നിവ കൂടാതെ പാകിസ്താൻ, മലേഷ്യ, ഇന്ത്യ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽനിന്നാണ് ഉംറ നിർവഹിക്കാൻ കൂടുതൽ തീർഥാടകർ എത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വരും കാലയളവിൽ വർധനയുണ്ടാകുമെന്നും അൽ-ഉമൈരി പറഞ്ഞു.
ഹിജ്റ വർഷം ആദ്യ മൂന്നു മാസം മക്ക ഹറമിൽ തീർഥാടകരടക്കം മൂന്നു കോടിയിലധികം പേർ എത്തിയതായി ഇരുഹറം കാര്യാലയം പറഞ്ഞു. വിപുലവും സമ്പൂർണവുമായ സേവന സംവിധാനങ്ങൾക്കിടയിലാണ് ഇത്രയും പേർ അവരുടെ ആരാധനകൾ നിർവഹിച്ചത്. ആദ്യ മൂന്നു മാസത്തിനിടെ മസ്ജിദുന്നബവിയിലെത്തി നമസ്കരിക്കുകയും മദീനയിലെ റൗദ സന്ദർശിക്കുകയും ചെയ്തവരുടെ എണ്ണം നാലു കോടിയിലധികമാണ്.
തീർഥാടകർക്ക് മികച്ച ആരാധന അന്തരീക്ഷം സൃഷ്ടിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പുതിയ നിർമിത ബുദ്ധി സാങ്കേതിക സംവിധാനങ്ങളും നൂതന സേവനങ്ങളും പ്രയോജനപ്പെടുത്തുകയാണെന്നും ഹാനി അൽ-ഉമൈരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.