മരുഭൂമിയിൽ ഇടയന്മാർക്ക്​ കിറ്റ്​ വിതരണം ചെയ്യുന്നു

ഇടയ ജീവിതങ്ങളിലേക്ക്​ കുളിർകാറ്റായി...

റിയാദ്​: ‘എനിക്കറിയാമായിരുന്നു നിങ്ങൾ വരുമെന്ന്​. കഴിഞ്ഞ കൊല്ലവും നിങ്ങൾ വന്നിരുന്നല്ലോ. ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു.’ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ്​ കൈനീട്ടി വാങ്ങു​മ്പോൾ അയാൾ പറഞ്ഞു. അപ്പോൾ ആ കരുവാളിച്ച മുഖത്തെ കണ്ണുകൾ തിളങ്ങിയിരുന്നു. രാജസ്ഥാനിയായ ആട്ടിടയനാണ്​ അയാൾ. ആ വാക്കുകൾ കേട്ട്​, ഭക്ഷ്യകിറ്റ്​ വിതരണത്തിനെത്തിയ സംഘം അത്ഭുതപ്പെട്ടു. അവർക്കോർമയില്ലല്ലോ, മുമ്പിവിടെ വന്നിട്ടുണ്ടോ എന്ന്​! നോക്കെത്താ ദൂരത്തേക്ക് പരന്നുകിടക്കുന്ന മരുഭൂമിയിൽ എല്ലായിടവും ഒരുപോലെയാണ്​. എല്ലാ ഇടയ ജീവിതങ്ങളും ഒരുപോലെയാണ്​. അവരുടെ ദുരിതങ്ങളും.

ഓരോ കാലത്തും പ്രകൃതം മാറുന്ന മരുഭൂമിയിൽ ഓർത്തുവെക്കാൻ കൃത്യമായ ഒരു ഭൂവടയാളവും ബാക്കിയാവില്ലല്ലോ. എന്നാൽ, കൊടുത്ത കൈകൾ ഓർത്തില്ലെങ്കിലും ഏറ്റുവാങ്ങിയ കരങ്ങൾ അതോർത്തിരിക്കും. അതാണ് ആട്ടിടയന്മാരുടെ​ മരുഭൂ ജീവിതം. പ്രാർഥനപോലൊരു ജീവിതമാണത്​. മരുഭൂമിയിൽ കാണുന്ന ഓരോ മനുഷ്യരും ഇങ്ങനെയാണ്​. ദുരിതങ്ങളുടെ കനലിൽ ചു​ട്ടെടുക്കപ്പെടുന്നതുകൊണ്ടാവും അവർ തങ്കപ്പെട്ട മനുഷ്യരാകുന്നതെന്ന്​​​ ഷിബു ഉസ്​മാൻ പറയുന്നു​. ‘എന്തൊരു സ്​നേഹമാണ്​ അവർക്ക്​. എന്തൊക്കെ വികാരങ്ങളാണ്​ ആ മുഖത്തും കണ്ണുകളിലും നിറഞ്ഞ ചിരികളിലും മിന്നിമറയുന്നതെന്ന്​​ വേർതിരിച്ചെടുക്കൽ ബുദ്ധിമുട്ടാണ്​. ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ ഇപ്പോഴും മനുഷ്യരിലുണ്ടോ എന്ന്​ അമ്പരന്നുപോകും. നഗരങ്ങളിലെ യാന്ത്രികജീവിതത്തിൽനിന്ന്​​ ചെല്ലുന്നവർക്ക്​ ഇത്​ പുതുമയായിരിക്കുമല്ലോ!’

റമദാൻ തുടങ്ങു​മ്പോൾ ‘മരുഭൂമിയിലേക്ക്​ ഒരു കാരുണ്യയാത്ര’ എന്ന പേരിൽ ഭക്ഷ്യകിറ്റ്​ വിതരണത്തിന്​ പോകുന്ന റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്​) എന്ന സംഘടനയുടെ നാഷനൽ കമ്മിറ്റി സെക്രട്ടറിയാണ്​​ ഷിബു. ആറുവർഷമായി ഇത്തരം നേരനുഭവങ്ങൾ ഏറെയാണ്​. മരുഭൂമിയിൽ ഒരുപറ്റം ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം ജീവിക്കുന്ന മനുഷ്യർ. റമദാൻ തുടങ്ങിയാൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും സംഘം​ യാത്ര നടത്തും. എട്ടുപത്ത്​ വാഹനങ്ങളിലായി അരിയും പഞ്ചസാരയും റവയും മക്രോണിയും തേയിലയും എണ്ണയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളും നിറച്ചാണ്​​ പുറപ്പെടൽ. പത്തുനാൽപത്​ പേരുണ്ടാവും.

നഗര പ്രാന്തത്തിലെ ജനാദിരിയ, ബൻബാൻ, തുമാമ, മുസാഹ്​മിയ, ഉവൈന തുടങ്ങി 100​ കിലോമീറ്റർ ചുറ്റളവിൽ വിവിധ ഭാഗങ്ങളിലെ മരുഭൂമികളിലെ ജീവിതങ്ങളിലേക്ക്​ അവർ ചെല്ലും. ബൻബാനിലെ പർവതനിരകൾക്ക്​ ചുവട്ടിലാണ്​ രാജസ്ഥാനി ഇടയനെ കണ്ടത്​. 80ഓളം ആടുകളോ​ടും എ​ട്ടോപത്തോ ഒട്ടകങ്ങളോടുമൊപ്പമാണ്​​​ അയാളുടെ ഉപജീവനം. അയാൾ കൃത്യമായി ഓർത്തിരിക്കുന്നു, മുൻവർഷങ്ങളിലും ഇവർ ചെന്നത്​, കിറ്റ്​ നൽകിയത്​ എല്ലാം. അമ്പരന്നുനിൽക്കു​മ്പോൾ അയാൾ പറയുന്നു: ‘എനിക്ക്​ നിങ്ങളെ ഓർത്തിരിക്കാൻ ഒരു പ്രയാസവുമില്ല, കാരണം ഈ ആടുകളും ഒട്ടകങ്ങളും വല്ലപ്പോഴും വരുന്ന തൊഴിലുടമയുമല്ലാതെ ഞാൻ കണ്ടത്​ നിങ്ങളെ മാത്രമാണ്​. എന്നെത്തേടി വരാനുള്ളത്​ നിങ്ങൾ മാത്രമാണ്​. നിങ്ങളെ എങ്ങനെ മറക്കാനാണ്​?’ ഇതുപോലെ നിരവധി ഇടയന്മാരാണ്​ മരുഭൂമിയിലുള്ളത്​. വിവിധ രാജ്യക്കാരാണ്​.

ഇന്ത്യക്കാർ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്​. ഒറ്റപ്പെട്ട്​ കഴിയുന്നവരും കൂട്ടമായി കഴിയുന്നവരുമുണ്ട്​. തമ്പുകളിലാണ്​ ഇവരുടെ ജീവിതം. വൈദ്യുതിയില്ലാത്തവർ​ വരെയുണ്ട്​. അതിനുള്ളിലെ ജീവിതം ദുരിതം നിറഞ്ഞതാണ്​. എങ്കിലും നാട്ടിലെ കുടുംബങ്ങളുടെ പരാധീനത ഓർത്ത്​ ഈ കനലനുഭവങ്ങളെ അവർ സഹിക്കും​. അതിനിടയിലെ ആശ്വാസമാണ്​​ ഇതുപോലെ സഹായവും കരുതലുമായി വന്നെത്തുന്ന ജീവകാരുണ്യ സംഘങ്ങൾ. അവരെ എങ്ങനെ മറക്കാനാണ്? പുറത്തുനിന്ന്​ ആരെങ്കിലും വന്നാൽ, ദുർബലമായ റേഞ്ചിലും പ്രവർത്തിക്കുന്ന കുഞ്ഞു മൊബൈൽ ഫോണുകളിലൂടെ പരസ്​പരം അറിയിച്ച്​ ഒരുമിച്ച്​ വരവേൽക്കാൻ എത്തുന്നവരുമുണ്ട്​.

കിറ്റുകൾ വിതരണം ചെയ്​ത്​ മടങ്ങാനൊരുങ്ങു​മ്പോൾ ‘പോകരുത്,​ ഞങ്ങളോടൊപ്പം നോമ്പു തുറക്കണമെന്ന്’​ പറഞ്ഞ്​ റൊട്ടിയും ദാൽ കറിയും കൊണ്ട്​ ഇടയന്മാർ വിരുന്നൂട്ടിയ അനുഭവങ്ങളുണ്ടെന്ന്​ കോഓഡിനേറ്റർ സുരേഷ്​ ശങ്കർ ഓർക്കുന്നു. മരുഭൂമിയിലെ വരണ്ട കാറ്റിലും സ്നേഹത്തി​ന്‍റെയും ആർദ്രതയുടെയും നനവുണ്ടെന്ന്​ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ്​ ഡോ. നാസർ പറയുന്നു.

മറ്റ്​ ഭാരവാഹികളായ ജോൺസൺ മാർക്കോസ്, ഷാജഹാൻ ചാവക്കാട്, ബിനു കെ. തോമസ്, റസൽ മഠത്തിപറമ്പിൽ, സലിം വാലിലപ്പുഴ, പ്രെഡിൻ അലക്സ്‌, ഷരിക് തൈക്കണ്ടി, ബഷീർ കോട്ടയം, ജലീൽ ആലപ്പുഴ, സിയാദ് വർക്കല, രാധാകൃഷ്ണൻ പാലത്ത്, കെ.ജെ. റഷീദ്, യാസിർ അലി, നിസാം കായംകുളം, ശ്യാം, മുത്തലിബ്, അൽത്താബ്, റിയാസ്, സഫീർ, നൗഫൽ കോട്ടയം, എ.കെ.ടി. അലി, റഊഫ്, നൗഷാദ്, ഷമീർ കല്ലിങ്ങൽ, മഹേഷ്‌, റഫീഖ്, സുറാബ്, ബിജിത്ത്‌, സമീർ റോയ്​ബക്, നാസർ പൂവ്വാർ, മുജീബ് കായംകുളം തുടങ്ങിയവരും യാത്രക്ക്​ നേതൃത്വം നൽകുന്നു.

Tags:    
News Summary - A warm breeze to shepherd lives...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.