നാദാപുരം: പുണ്യം പെയ്തിറങ്ങുന്ന റമദാൻ സന്ദേശങ്ങൾ ഇമ്പമാർന്ന മാപ്പിളപ്പാട്ടിെൻറ ഈരടികളിൽ കോർത്തിണക്കി ഉപ്പയും മകനും. റിട്ട. അറബിക് അധ്യാപകനും ഭാഷ പണ്ഡിതനും കവിയുമായ ദേവർകോവിൽ കണ്ണോത്ത് അലി മാസ്റ്ററാണ് അന്ധതയെ വെല്ലുവിളിച്ച് 75ാം വയസ്സിലും തെൻറ രചനപാടവം അനുവാചകർക്കായി പകരുന്നത്.
അലി മാസ്റ്റർ രചിക്കുന്ന വരികൾക്ക് ശബ്ദം നൽകുന്നത് കുറ്റ്യാടി ഐഡിയൽ കോളജ് അധ്യാകനായ മകൻ റഷീദ് അലിയാണ്. റമദാനിലെ ഓരോ ദിനത്തിെൻറയും പ്രത്യേകതകൾ പ്രാർഥന രൂപത്തിൽ ഭക്തി ഗാനങ്ങളാണ് ഓരോ ദിവസവും എഴുതി പുറത്തിറക്കുന്നത്. ഇന്നലെ 22 ദിവസത്തെ രചനകൾ പൂർത്തിയായി. കഴിഞ്ഞ റമദാനിലാണ് ഈ ദൗത്യം ആരംഭിച്ചത്. രചനകൾ യുട്യൂബ് വഴി അപ് ലോഡ് ചെയ്തു പ്രേക്ഷകരിൽ എത്തിക്കുന്നു.
എടച്ചേരി കച്ചേരി യു.പി സ്കൂൾ അറബിക് അധ്യാപകനായിരുന്നു. കാഴ്ചക്കുറവിെൻറ പ്രയാസം അനുഭവിച്ച അലി മാസ്റ്റർക്ക് അമ്പതാം വയസ്സിൽ പൂർണമായും കാഴ്ച നഷ്ടമായി. ശക്തമായ ലെൻസിെൻറ സഹായത്തോടെയായിരുന്നു പിന്നീടുള്ള ജോലികൾ. ഏത് വിഷയത്തിലും നിമിഷനേരം കൊണ്ട് കവിതകളും പാട്ടുകളും രചിക്കാനുള്ള കഴിവ് ഇയാളെ വ്യത്യസ്തനാക്കി. സ്കൂൾ കലാമേളകളിലും, അധ്യാപക പരിശീലന പരിപാടികളിലുമെല്ലാം അലി മാസ്റ്ററുടെ രചനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനകം 1500ൽ അധികം മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്.
ഭക്തിഗാനം, മുസ്ലിം സമൂഹത്തിലെ അനാചാരം, അന്ധവിശ്വാസം, കത്തുപാട്ടുകൾ, അനുമോദന ഗാനങ്ങൾ എന്നിവയാണ് ഇവയിൽ ഏറെയും. പരിപാടിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരിൽനിന്ന് ലഭിക്കുന്നതെന്ന് ഇവർ പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅ്വ, മജ്ലിസുൽ ഖുർആൻ യു ട്യൂബ് അവാർഡുകൾ ലഭിച്ചു. വാണിമേൽ സ്വദേശി സൈനബയാണ് ഭാര്യ. റഷീദലി അടക്കം അഞ്ച് ആൺ മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.