ശബരിമല: ജന്മനാ വലംകൈ ഇല്ലെങ്കിലും തന്‍റെ ഇടംകൈയ്യിലൂടെ അയ്യപ്പ ചരിതം അയ്യപ്പ സന്നിധിയിൽ വരച്ച് തീർക്കാൻ നിയോഗം ലഭിച്ചതിന്‍റെ ആത്മസംതൃപ്തിയിലാണ് പുനലൂർ ചേകം സ്വദേശി മനു. മാളികപ്പുറത്തിന് സമീപവും അന്നദാനമണ്ഡപത്തിന്‍റെ ചുവരുകളിലുമാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ മനു അയ്യപ്പന്‍റെ ജീവചരിത്രം വരച്ച് ചേർക്കുന്നത്.
ജന്മനാ വലംകൈ നഷ്ടപ്പെട്ട മനു തന്‍റെ ഇടംകൈ ഉപയോഗിച്ചാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മാളികപ്പുറത്തിന് സമീപവും അന്നദാന മണ്ഡപത്തിന്‍റെ ചുവരുകളിലും വരച്ച് തീർക്കുന്നത്. ചെറുപ്പം മുതലേ ചിത്രങ്ങൾ വരക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചിത്രരചന പഠിച്ചിട്ടുണ്ട്. പിന്നീട് വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ജീവിച്ചു വന്നത്.
ജീവിത പ്രതിസന്ധികൾക്ക് നഷ്ടം തിരിയവേ രണ്ടു വർഷം മുമ്പ് പത്തനാപുരം പുടവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാരം ചുവർചിത്രം വരക്കാൻ അവസരം ലഭിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായതോടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചിത്രങ്ങൾ വരക്കുവാൻ മനുവിന് ക്ഷണം ലഭിച്ചു. ഈ ചിത്രങ്ങളും ഭക്തജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് നേരിട്ടാണ് അയ്യപ്പ സന്നിധിയിൽ ചിത്രം വരക്കാൻ മനുവിന് അവസരം നൽകിയത്.
സന്നിധാനത്ത് എത്തിയപ്പോഴാണ് വരക്കേണ്ടത് അയ്യപ്പ ചരിതമാണെന്ന് മനു അറിയുന്നത്. ശബരിമലയിൽ ചിത്രരചന ആരംഭിച്ചപ്പോൾ ഒന്നു മാത്രമായിരുന്നു മനുവിന്റെ ആശങ്ക. ഇടംകൈ കൊണ്ട് ചിത്രം വരച്ചാൽ ഭഗവാന് ഇഷ്ടപ്പെടുമോ എന്ന്. എന്നാൽ, വരക്കാൻ ഉപയോഗിക്കുന്ന കൈകൾക്കല്ല, അതിൽ നിന്നും പിറക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് എല്ലാ ഭഗവാന്മാർക്കും ഇഷ്ടം എന്ന തിരിച്ചറിവിലാണ് മനു മനസ്സർപ്പിച്ച് വര തുടരുന്നത്.
പ്രഗത്ഭരായ പല ചിത്രകാരന്മാർക്കും ലഭിക്കാത്ത നിയോഗം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മനു. അയ്യപ്പ സന്നിധിയിൽ അയ്യപ്പ ചരിതം ആലേഖനം ചെയ്യാൻ ലഭിച്ച ഈ അവസരത്തെ തന്‍റെ ജീവിതത്തിൽ ലഭിച്ച മഹാ പുണ്യമായാണ് മനു കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.