ഞാൻ വളർന്നത് ഹൈന്ദവ പശ്ചാത്തലത്തിലാണ്. പ്രൈമറി സ്കൂൾ പഠനം കൊട്ടാരക്കരയിലായിരുന്നു. അവിടെ ഒരു ഗണപതിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. ഇതിനിടയിലായിരുന്നു ഞങ്ങളുടെ വീട്. മാസത്തിൽ ഒരു തവണ ശിവക്ഷേത്രത്തിൽ രാവിലെ മുതൽ വൈകിട്ടുവരെ പ്രാർഥനയുണ്ട്. അവിടെപ്പോയാൽ ഭക്ഷണം കിട്ടും. അങ്ങനെ ഞാൻ സ്ഥിരമായി അമ്പലത്തിൽ പോകുമായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇവിടെനിന്ന് എന്നെ പറിച്ചുനട്ടത് ഇടവയിലേക്കാണ്. ഇടവ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. അവിടെവെച്ചാണ് തട്ടമിട്ട പെൺകുട്ടികളെ ഞാൻ ആദ്യമായി കാണുന്നത്. ഒരു വാടക വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ആ വീടിന് എതിർവശത്തെ വീട്ടിൽ രണ്ട് ഉമ്മമാരുണ്ടായിരുന്നു. അവർക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.
റമദാൻ കാലത്ത് അവരുടെ അടുത്തുനിന്നാണ് ഞാൻ മുസ്ലിം വിഭവങ്ങൾ കഴിച്ചുതുടങ്ങിയത്. അങ്ങനെയാണ് ബിരിയാണിയുടെ സ്വാദ് മനസ്സിലാക്കുന്നത്. പിന്നീട് ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്ന് ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും അന്ന് കഴിച്ചതിന്‍റെ രുചി എനിക്ക് കിട്ടിയിട്ടില്ല. റമദാനും അതിന്‍റെ അനുഷ്ഠാനങ്ങളുമെല്ലാം കൂടുതലും എനിക്ക് കേട്ടറിവാണ്. ഇടവ എനിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന മുസ്ലിം സമുദായവുമായുള്ള പരിചയവും ആ സംസ്കാരവുമായുള്ള ഇഴചേരലുമാണ്.
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് ദേശീയ പുരസ്കാരം നേടിത്തന്ന ‘സമാന്തരങ്ങൾ’ എന്ന സിനിമ. ഇടവയിലെ മുസ്ലിം സഹോദരങ്ങൾക്കിടയിൽ ജീവിച്ചില്ലെങ്കിൽ ആ കഥ ഉണ്ടാകില്ലായിരുന്നു.
ഞങ്ങളുടെ വീടിനടുത്തുള്ള സ്റ്റേഷൻ മാസ്റ്ററുടെ കഥയായിരുന്നു അത്. അദ്ദേഹത്തിന്‍റെ യഥാർഥ പേര് സുലൈമാൻ എന്നാണ്. ഇസ്മായിൽ എന്ന പേരിലാണ് സിനിമയിൽ ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇടവ മുസ്ലിം പള്ളിയിലെ ബാങ്കുവിളിയും പ്രാർഥനക്ക് പോകുന്ന സുലൈമാനുമെല്ലാം ഓർമയിലെ മായാത്ത ബിംബങ്ങളാണ്. ഏതു മതത്തിലായാലും വ്രതാനുഷ്ഠാനം മനസ്സിനെ ചിട്ടപ്പെടുത്താനും അച്ചടക്കമുള്ളതാക്കാനും സഹായിക്കും. പ്രത്യേകിച്ച്, മതേതരത്വത്തിന് പ്രാധാന്യം നൽകേണ്ട ഇന്നത്തെ കാലത്ത് അത്തരം ശീലങ്ങളൊക്കെ വളരെ വിലപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.