വിശ്വാസം ഒരുകൂട്ടം കാണികളുടെ കായികവിനോദമല്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. വിശ്വാസം എന്നത് ഒറ്റക്ക് ജീവിക്കുന്നതല്ല, ഒരുമിച്ച് ജീവിക്കുമ്പോൾ അതു നമ്മിലെ ആത്മീയതയെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും സ്നേഹത്തെയും സൽപ്രവൃത്തികളെയും പരസ്പരം ഉണർത്തുകയും ചെയ്യും.
വിശ്വാസത്തിൽ ഒരുമിച്ചു ജീവിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും ക്രിസ്തു സ്നേഹത്തിന്റെ ഫലങ്ങൾ നമുക്ക് ലോകത്ത് ദർശിക്കാൻ സാധിക്കും. സഭ വിളിക്കപ്പെട്ടിരിക്കുന്നത് ലോകത്തിന്റെ രൂപാന്തരീകരണത്തിന് ഉൽപ്രേരകമാകാനാണ്.
തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയവും സ്വാർഥതയുടെ യുദ്ധവും അനീതിയും അഴിമതിയും തീവ്രവാദവും കീറിമുറിച്ച സങ്കീർണമായ ഈ ലോകത്ത് തിരുത്തൽശക്തിയായി പ്രവർത്തിക്കാനും ദൈവത്തിന്റെ ദൗത്യത്തോട് വിശ്വസ്തത പുലർത്താനും ദൈവരാജ്യ നിർമിതിയിൽ പങ്കുചേരുവാനുമാണ് സഭ ഭൂമിയിലായിരിക്കുന്നത്. തിരുപ്പിറവിയിലൂടെ ദൈവം ലോകത്തിനു നൽകിയ ഉറപ്പാണ് ഭയപ്പെടേണ്ട, സമാധാനവും സന്തോഷവും അനുഭവിക്കുക എന്നത്.
ഭയം കൂടാതെ സമാധാനത്തോടും ശാന്തിയോടും ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. എന്നാൽ, ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത് നേർവിപരീതമാണ്. ലോകത്ത് പലയിടങ്ങളിലും കത്തിക്കരിഞ്ഞ ആയിരക്കണക്കിന് ജനങ്ങളുടെ ചാരംകൊണ്ട് മണ്ണിന്റെ നിറം കറുത്തു. മാനഭംഗപ്പെട്ട സ്ത്രീകൾ, അനാഥരാക്കപ്പെട്ട കുട്ടികൾ, അപമാനിക്കപ്പെട്ട മൃതദേഹങ്ങൾ... മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിച്ചമർത്തലും വ്യാജവാർത്ത പ്രചാരണവും. ഇതിന്റെയൊക്കെ നടുവിൽ അനേക ലക്ഷങ്ങൾ അഭയാർഥികളാകുന്നു.
പ്രസിദ്ധ എഴുത്തുകാരനായ ജോൺ സ്റ്റീൻബക് പറയുന്നത് എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരുടെ കരച്ചിലും രോദനവും അല്ലാതെ മറ്റൊന്നും യുദ്ധങ്ങൾ നൽകുന്നില്ല എന്നാണ്. ഇരകൾക്കൊപ്പം മനസ്സുകൊണ്ടെങ്കിലും നിൽക്കാൻ നമുക്കു സാധിക്കണം. അവരുടെ വേദനകൾ നമ്മുടെകൂടി വേദനകളാകുമ്പോഴാണ് യുദ്ധം പ്രമേയമാകുന്ന തമാശകളും ട്രോളുകളുംപോലും നമുക്ക് തിരസ്കരിക്കാനാകുന്നത്.പകയുടെ നീറുംകനലുകളിൽ ദൈവം ലോകത്തിന് തീർത്ത പവിത്രമായ സ്നേഹധാരയാണ് ക്രിസ്തു.
വിണ്ണ് മണ്ണിനെ ചുംബിച്ച സുന്ദര ദിനത്തിന്റെ ഓർമപ്പെടുത്തലാണ് ക്രിസ്മസ്. ലോകത്തിൽ യഥാർഥ സമാധാനം കൈവരിക്കാനും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും ക്രിസ്മസ് ആഘോഷിക്കുന്ന നാം പ്രചോദിതരാകണം. മറ്റു മനുഷ്യരുടെയും സമൂഹങ്ങളുടെയും അവകാശങ്ങൾക്കും കടമകൾക്കും അന്തസ്സിനും അർഥം നൽകാൻ ഈ ക്രിസ്മസ് നമ്മെ ശക്തരാക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.