ഒരു വർഷത്തിലെ ഏറ്റവും വിശുദ്ധമായ രാത്രി ലൈലതുൽ ഖദ്റാണ്. ഖദ്ർ എന്ന വാക്കിന് ചില വ്യാഖ്യാതാക്കൾ 'തഖ് ദീർ' എന്ന് അർത്ഥം നൽകിയിരിക്കുന്നു. വിധി, തീരുമാനം എന്നാണതിന്റെ വിവക്ഷ. അതായത് വിധി തീർപ്പുകൾ നടപ്പിലാക്കുന്നതിന് മലക്കുകൾ ചുമതലപ്പെടുത്തപ്പെടുന്ന രാത്രിയാണ് ലൈലതുൽ ഖദ്ർ. ആ രാവിലാണ് മാനവരാശിക്ക് വർഷാ വർഷമുള്ള വിഹിതം അല്ലാഹു നിർണയിക്കുന്നതെന്ന് പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
മഹത്ത്വം, വിശുദ്ധി എന്നീ അർഥങ്ങളാണ് ഖദ്റിനുള്ളതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഖുർആൻ അവതരിപ്പിക്കപ്പെടുക വഴി ആ രാവ് മഹത്ത്വമാക്കപ്പെട്ടുവെന്നും മലക്കുകളുടെ സാന്നിധ്യം കൊണ്ടും അനുഗ്രഹം, കാരുണ്യം, പാപമോചനം എന്നിവ കൊണ്ടും വിശുദ്ധമാക്കപ്പെട്ടു എന്നും അതനുസരിച്ച് അർഥം കൽപ്പിക്കാം.
ലൈലതുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ മഹത്ത്വമുള്ളതാണ്. ആയിരം മാസങ്ങൾ കൊണ്ട് മനുഷ്യർക്ക് സാധ്യമാവാത്ത സാമൂഹിക മാറ്റങ്ങളാണ് ആ രാവിൽ ഖുർആന്റെ അവതരണത്തിലൂടെ സാധ്യമായത്. അതിനാൽ തന്നെ ആ രാവിലെ ഏതൊരു സുകൃതത്തിനും ആയിരം മാസങ്ങൾ നിർവഹിക്കുന്ന സുകൃതങ്ങളുടെ മഹത്ത്വമുണ്ട്. പ്രവാചകൻ പറഞ്ഞു: "ലൈലതുൽ ഖദ്റിലെ കർമാനുഷ്ഠാനം ആയിരം മാസത്തെ കർമാനുഷ്ഠാനത്തേക്കാൾ ശ്രേഷ്ടമാണ്.
വിശുദ്ധ റമദാനിൽ ഏത് രാത്രിയാണ് ലൈലതുൽ ഖദ്ർ എന്നതിൽ വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു. അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: "നിങ്ങൾ ലൈലത്തുൽ ഖദ്റിനെ അവസാനത്തെ പത്തിൽ അന്വേഷിക്കുക.
അവസാന പത്തിലെ ആദ്യ ദിനങ്ങളിൽ നിങ്ങൾക്ക് ദുർബലത ബാധിച്ചുവെങ്കിൽ അവസാനത്തെ ഏഴ് ദിനങ്ങൾ കൈവിടാതെ നോക്കുക. അബൂദർറ് പറയുന്നു. ഉമർ, ഹുദൈഫ തുടങ്ങിയ പ്രവാചക ശിഷ്യന്മാർ അത് റമദാനിലെ ഇരുപത്തി ഏഴാം രാവിലാണെന്നായിരുന്നു മനസ്സിലാക്കിയിരുന്നത്.
അനുഗൃഹീതമായ ആ രാത്രി ലോകാവസാനം വരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പ്രവാചകൻ ആ രാത്രിയെ പ്രതീക്ഷിച്ചുകൊണ്ട് റമദാനിലെ അവസാന പത്തില്‍ പള്ളിയില്‍ ഭജനമിരിക്കുകയും ആരാധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
പ്രവാചക പത്നി ആയിശ ചോദിച്ചു: പ്രവാചകരേ, ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? പ്രവാചകൻപറഞ്ഞു: നീ (ഇപ്രകാരം) പറയുക: അല്ലാഹുവേ നിശ്ചയമായും നീ വിട്ട് വീഴ്ച ചെയ്യുന്നവനും വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്, എനിക്ക് നീ വിട്ടുവീഴ്ച ചെയ്യണേ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.