മലപ്പുറം: റമദാന്‍റെ ഭാഗമായി മോടി കൂട്ടിയ കുറുവ വറ്റലൂരിലെ ഉമറുൽ ഫാറൂഖ് മസ്ജിദിന്‍റെ ചുവരുകളിൽ പതിഞ്ഞ നിറങ്ങൾക്ക് ഇത്തവണ തിളക്കമേറെയായിരുന്നു. മതസൗഹാർദത്തിന്‍റെ വർണക്കൂട്ടുകൾ ചാലിച്ച് തയാറാക്കിയ ചായങ്ങളായിരുന്നു പള്ളിയുടെ ചുവരുകൾക്ക് തിളക്കം കൂട്ടിയത്.
നാട്ടുകാരനും പള്ളിയുടെ പരിസരത്തെ താമസക്കാരനുമായ സൂര്യനാരായണനാണ് ഇത്തവണ പള്ളിക്ക് പെയിന്‍റടിച്ച് നൽകിയത്. 30 വർഷത്തോളമായി ഖത്തറിൽ എൻജിനിയറായ സൂര്യനാരായണൻ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് റമദാൻ അടുത്തിട്ടും പള്ളിയുടെ ചുവരുകൾ പെയന്‍റടിക്കാതിരുന്നത് ശ്രദ്ധിച്ചത്. ഇതോടെ ആ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധനായി പള്ളി കമ്മിറ്റി ഭാരവാഹികളിലൊരാളും അയൽവാസിയുമായ മൻസൂർ പള്ളി പറമ്പനെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ നിറഞ്ഞ മനസ്സോടെ അനുമതി നൽകി.
സൂര്യനാരായണന്‍ തന്നെ ജോലിക്കാരെ ഏര്‍പ്പാടാക്കി നോമ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പേ പണി തീർക്കുകയായിരുന്നു. പെയിന്‍റിങ് തീരുന്നതിന് മുമ്പ് തന്നെ അവധി കഴിഞ്ഞ് അദ്ദേഹം ഖത്തറിലേക്ക് മടങ്ങി. സഹോദരന്‍ അജയകുമാറിന്‍റെ സഹായത്തോടെയാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. റമദാനിൽ പള്ളി മോടി കൂട്ടുന്നത് സാധാരണ നടക്കാറുള്ള കാര്യമാണെന്നും അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അജയകുമാർ പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി ഫെയ്സ്ബുക് പോസ്റ്റിൽ സൂര്യനാരായണന്‍റെ നന്മ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.