സാമൂഹിക ജീവിയാണെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത. അപ്പോൾ സമസൃഷ്ടികളോടൊത്തു വേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ. പരസ്പര വിട്ടുവീഴ്ച എന്ന വലിയ ഒരു കൈമുതൽ ഇക്കാര്യത്തിൽ പരമപ്രധാനമാണ്. സുഹൃദ്ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ, അയൽ ബന്ധങ്ങൾ എന്നു വേണ്ട മനുഷ്യൻ ഇടപെടുന്ന മേഖലകളിലെല്ലാം വിട്ടുവീഴ്ചാ മനോഭാവം അത്യന്താപേക്ഷിതമാണ്. ബന്ധങ്ങൾ ശിഥിലകൂടാരങ്ങളായി മാറരുതല്ലോ!
പ്രവാചകൻ മുഹമ്മദ് നബി ജീവിതംകൊണ്ടും വാക്കുകൾ കൊണ്ടും ‘പരസ്പര വിട്ടുവീഴ്ച’യെന്തെന്ന് പഠിപ്പിച്ചുതന്നിരിക്കുന്നു. മദീന കേന്ദ്രീകരിച്ച് പുതിയ സമൂഹം കെട്ടിപ്പടുക്കാൻ വേണ്ടി ആദ്യം അവിടന്ന് ചെയ്തത് തദ്ദേശീയരായ ഔസ്- ഖസ് റജ് എന്നീ ഗോത്രങ്ങൾക്കിടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കലഹം അവസാനിപ്പിക്കലായിരുന്നു.
വിട്ടുവീഴ്ചയെ സംബന്ധിച്ച ദൈവവചനങ്ങളും ധാരാളം. ദേഷ്യം കടിച്ചൊതുക്കുകയും ആളുകളോടു വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവർ കൂടിയാണ് സ്വർഗലോകത്തിലേക്ക് മുന്നേറുന്ന ഭക്തരെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു( 02:134). നാം മറ്റുള്ളവരോടു വിട്ടുവീഴ്ച കാണിക്കുമ്പോഴാണ് അല്ലാഹു നമ്മുടെ പാപങ്ങളിലും ക്ഷമിക്കുകയെന്ന് ഖുർ ആൻ നാലാം അധ്യായത്തിലും കാണാം.
പ്രവാചകൻ ഒരിക്കൽ പറഞ്ഞതിങ്ങനെ: "ദാനം ചെയ്തതുകൊണ്ട് പണം കുറയില്ല. വിട്ടുവീഴ്ച ചെയ്താൽ അന്തസ്സ് കൂടുകയേ ഉള്ളൂ". ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ: ഒരിക്കൽ ഒരാൾ വന്ന് പ്രവാചകനോട് "ഞങ്ങളുടെ പരിചാരകരോട് ഞങ്ങൾ എത്രവട്ടം ക്ഷമിക്കണം?! " എന്നുചോദിച്ചു.
നബി ഒന്നും മിണ്ടിയില്ല. ചോദ്യം ആവർത്തിക്കപ്പെട്ടു. മൗനം തന്നെ മറുപടി. മൂന്നാമതും ചോദ്യമുയർന്നപ്പോൾ "ഒരു ദിവസം തന്നെ എഴുപതുവട്ടം ക്ഷമിച്ചാലെന്താ?"എന്നായിരുന്നു പ്രതികരണം.വിട്ടുവീഴ്ച മനോഭാവം ഒരു വിശ്വാസിക്ക് എത്ര പ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.