ദോഹ: നാട്ടിലെ പ്രിയപ്പെട്ടവർക്കൊപ്പം വ്രതവിശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിച്ച് പ്രവാസികളും. നാട്ടിലും ഗൾഫിലും പതിവായി രണ്ടുദിവസങ്ങളിലാണ് റമദാനും ഈദും എത്തുന്നതെങ്കിൽ ഇത്തവണ ഒന്നിച്ച് നോമ്പും തുടങ്ങുന്നു എന്ന വിശേഷവുമായാണ് പ്രവാസിലോകം റമദാനെ വരവേൽക്കുന്നത്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികളും നിയന്ത്രണങ്ങളും പൂർണമായി ഒഴിഞ്ഞ്, രാജ്യം സാധാരണ നിലയിലായശേഷം എത്തുന്ന ആദ്യ നോമ്പെന്ന പ്രത്യേകത ഇത്തവണയുണ്ട്.
2020ൽ റമദാനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ആദ്യമായി കോവിഡ് എത്തുന്നത്. ഇതോടെ, കഴിഞ്ഞ മൂന്നുവർഷങ്ങളിലെ റമദാനും നിയന്ത്രണങ്ങളിലായി. ആദ്യ രണ്ടുവർഷം പൂർണമായും കോവിഡ് വിലക്കുകൾക്കിടയിലായിരുന്നു നോമ്പെങ്കിൽ കഴിഞ്ഞ വർഷം ഏറക്കുറെ നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞിരുന്നു.
സമൂഹ നോമ്പുതുറകളും പള്ളികളിലെ തറാവീഹും ഇഅ്തികാഫുമെല്ലാമായി കഴിഞ്ഞ വർഷം നോമ്പുകാലം സജീവമായിരുന്നു. ഇത്തവണ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ റമദാൻ തമ്പുകൾകൂടി തിരിച്ചെത്തുന്നതോടെ കോവിഡ് പൂർവകാല ആഘോഷത്തിൽതന്നെ നോമ്പിനെ വരവേൽക്കാമെന്നായി.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 10 റമദാൻ തമ്പുകളാണ് ഔഖാഫ് സജ്ജമാക്കിയത്. ദിവസവും 10,000 പേർക്ക് നോമ്പുതുറക്കാൻ ഇവിടെ സൗകര്യമുണ്ടാവും. രാത്രികാല നമസ്കാരത്തിനും മറ്റുമായി 2150 പള്ളികൾ തയാറായതായി മതകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്ത്രീകൾക്ക് നമസ്കാര സൗകര്യമുള്ള പള്ളികളും തയാറാണ്. റമദാനിലെ അവസാന പത്തിൽ പ്രാർഥന സജീവമാകുന്ന ഇഅ്തിക്കാഫിനും പള്ളികൾ ഒരുങ്ങിക്കഴിഞ്ഞു.
വിവിധ പരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയുമായി എല്ലായിടങ്ങളും നോമ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലുമാണ്. റമദാനിന്റെ ഭാഗമായി സർക്കാർ ഓഫിസുകൾ, മന്ത്രാലയം എന്നിവിടങ്ങളിലെ പ്രവൃത്തിസമയം അഞ്ചു മണിക്കൂറായി കുറച്ചു. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവൃത്തി സമയം. ചെറുഹോട്ടലുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ ഇഫ്താറുമായും ഒരുങ്ങിക്കഴിഞ്ഞു. നോമ്പുതുറ വിഭവങ്ങളും ഭക്ഷണങ്ങളും ഉൾപ്പെടുന്ന കിറ്റുകൾ മുതൽ ലഭ്യമാക്കുമെന്ന പരസ്യവുമായാണ് വിവിധ സ്ഥാപനങ്ങൾ നോമ്പിനെ വരവേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.