വിധിനിർണയ രാവ്‌

ഖുർആനിലെ 97ാം അധ്യായം 'അൽഖദ്റി'ന്റെ പ്രമേയം ലൈലത്തുൽ ഖദ്ർ അഥവാ വിധിനിർണയ രാവ് ആണ്. ഖുർആന്റെ അവതരണം നടന്ന, ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള രാത്രിയാണ് ലൈലത്തുൽ ഖദ്ർ എന്ന് ആ അധ്യായം പഠിപ്പിക്കുന്നു. സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ എല്ലാ ഉത്തരവുകളുമായി മാലാഖമാരും ആത്മാവും ഇറങ്ങിവരുന്ന രാത്രിയാണ് അത്. വിശ്വാസിയുടെ ഒരു വർഷത്തേക്കുള്ള വിധിയും വിഹിതവും നിർണയിക്കപ്പെടുന്ന രാത്രി.

പ്രഭാതം വരെ ശാന്തസുന്ദരമാണ് അതെന്ന് ഖുർആൻ ഓർമിപ്പിക്കുന്നു. റമദാനിലെ ഏതു ദിവസമാണ് ആ രാത്രി എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. അവസാനത്തെ പത്ത് ദിനങ്ങളിലെ ഒറ്റയൊറ്റ രാവുകളിൽ പ്രതീക്ഷിക്കാം അതെന്ന് തിരുനബി വിശ്വാസികളെ ഓർമിപ്പിച്ചു. റമദാൻ ഒന്നു മുതൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാം. സംഘർഷവും വിദ്വേഷവും വെറുപ്പും പോർവിളിയും കൊണ്ട് കലുഷമായ മനസ്സുകൾക്ക് ലഭിക്കാതെ പോകുന്നതാണ് ആ രാവിന്റെ മഹാത്മ്യം.

സുകൃതങ്ങൾക്കായുള്ള ശക്തമായ പ്രചോദനമാണ് ലൈലത്തുൽ ഖദ്ർ. ജീവിതാസക്തികളുടെ ദുര മൂത്ത്, ഭൗതികപ്രമത്തതയിൽ കണ്ണഞ്ചിയ മനുഷ്യൻ തഖ്‌വയും ഈമാനും ആർജിക്കേണ്ട മാസമാണല്ലോ റമദാൻ. നല്ല മനുഷ്യനും വിശ്വാസിയും ആകാൻ കാത്തിരിക്കുന്നവർക്ക് അല്ലാഹു നല്കുന്ന വരദാനമാണ് ലൈലത്തുൽ ഖദ്ർ. ഏതാനും മണിക്കൂറുകൾ ഉൾക്കൊള്ളുന്ന ഒരു രാത്രിക്ക് ആയിരം മാസങ്ങളുടെ നന്മ!

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണങ്ങൾകൊണ്ട് മലീമസമായ പുതിയ ലോകത്ത് നന്മകൾകൊണ്ട് പ്രതിരോധം തീർക്കാൻ പഠിപ്പിക്കുകയാണ് റമദാനും ലൈലത്തുൽ ഖദ്റും. ശരീരത്തെ മെരുക്കി ക്ഷമയോടെ നന്മകൾക്കായി അതിനെ പാകപ്പെടുത്തി കാത്തിരിക്കാനുള്ള വലിയൊരു പരിശീലനവേള കൂടിയാണ് ലൈലത്തുൽ ഖദ്റിനായുള്ള കാത്തിരിപ്പ്. ശരീരത്തിന്റെ ആസക്തികൾക്കും താൽപര്യങ്ങൾക്കും അപ്പുറം രക്ഷിതാവിന്റെ കൽപനകൾക്കും നിർദേശങ്ങൾക്കും വിധേയപ്പെടുന്നതിലൂടെ സമർപ്പണമെന്ന ഇസ്ലാമിന്റെ ആശയസമ്പന്നതയോട് അവൻ താദാത്മ്യപ്പെടുകയാണ്.

Tags:    
News Summary - dharmapatha about Judgment night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.