റമദാൻ അനുകമ്പയുടെയും സഹാനുഭൂതിയുടെയും മാസമാണ്. ജാതി-മത വ്യത്യാസമില്ലാതെ മുഴുവൻ മാനവരാശിയോടും ഉത്തമ പെരുമാറ്റം ഈ മാസത്തിലൂടെ പരിശീലിക്കേണ്ടതാണ്. മുഴുവൻ മനുഷ്യരും ഒരു പിതാവിെൻറയും മാതാവിെൻറയും മക്കളാണ്. അതിനാൽ സർവ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്.
ഒന്നാമതായി വേണ്ടത്, എല്ലാ മനുഷ്യരും നന്നാവുകയും ഇരുലോകത്തും വിജയിക്കുകയും ചെയ്യണമെന്ന നിഷ്കളങ്കമായ ആഗ്രഹവും അതിനു വേണ്ടിയുള്ള പരിശ്രമവുമാണ്. ഇതിനുള്ള ലളിതമാർഗം ഖുർആെൻറയും പ്രവാചക വചനങ്ങളുടെയും സന്ദേശം ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുകയാണ്.
രണ്ടാമതായി, സാമ്പത്തികമായും ശാരീരികമായും മാനസികമായും ദുഃഖ ദുരിതങ്ങൾ അനുഭവിക്കുന്നവരോട് കരുണ പുലർത്തുകയും കഴിയുന്നത്ര സേവിക്കുകയും ചെയ്യണം. അവരുടെ ദുഃഖദുരിതങ്ങൾ ദൂരീകരിക്കണമെന്ന് പടച്ചവനോട് താണുകേണ് പ്രാർഥിക്കുക. സമാശ്വാസത്തിെൻറ വാക്കുകൾ പറയുകയും മോചനവാക്കുകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുക. നല്ല വാചകം പറയുന്നതും ജനങ്ങൾക്ക് മാപ്പുകൊടുക്കുന്നതും ഉത്തമ കാര്യമാണ്. വഴി പറഞ്ഞു കൊടുക്കുന്നതും നന്മ ഉപദേശിക്കുന്നതും തിന്മ തടയുന്നതും ദാനമാണ്. ഇപ്രകാരം ശരീരം കൊണ്ടും സേവനങ്ങൾ ചെയ്യുക. യാത്രക്കാരുടെ സാധനങ്ങൾ എടുത്തുകൊടുക്കുന്നതും വാഹനത്തിൽ കയറാൻ സഹായിക്കുന്നതും ദാനമാണ്.
ആവശ്യക്കാർക്ക് ആഹാര സാധനങ്ങളും ഇതര വസ്തുക്കളും സമ്പത്തും നൽകുന്നത് വളരെ മഹത്തായ സഹാനുഭൂതിയാണ്. റമദാനിൽ നോമ്പുതുറ വിഭവങ്ങൾ തയാറാക്കുമ്പോൾ സാധുക്കളെയും പരിഗണിക്കുക. പെരുന്നാളിന് വസ്ത്രം വാങ്ങുമ്പോൾ പരിസരത്തുള്ള സാധുക്കളുടെ കാര്യവും ഓർക്കുക. കുറഞ്ഞപക്ഷം പാഴാക്കിക്കളയുന്ന ആഹാരവും ഇതര സാധനങ്ങളും മാന്യമായ നിലയിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്താൽ വലിയൊരു സേവനമാകുമായിരുന്നു. സാമ്പത്തിക സഹായങ്ങളും അധികരിപ്പിക്കുക. ഇതിൽ ജാതിമത വ്യത്യാസമില്ലെന്നും ആവശ്യക്കാരും അല്ലാത്തവരുമായ വ്യത്യാസമുണ്ടെന്നും മനസ്സിലാക്കുക.
അനുഗൃഹീത റമദാൻ സഹാനുഭൂതിയുടെ മാസമാണ്. ഈ മാസത്തിൽ സഹാനുഭൂതി പുലർത്തുന്നതിനോടൊപ്പം പരിശീലിക്കുകയും ജീവിതത്തിെൻറ ഭാഗമാക്കി മാറ്റുകയും ചെയ്യുക. ലോകാനുഗ്രഹി മുഹമ്മദ് നബി അരുളി: നിങ്ങളുടെ സഹോദരനോട് പുഞ്ചിരിക്കുന്നത് ദാനമാണ്. നന്മ ഉപദേശിക്കുന്നതും തിന്മ തടയുന്നതും ദാനമാണ്. വഴിതെറ്റുന്ന സ്ഥലത്ത് വഴി പറഞ്ഞുകൊടുക്കുന്നതും ദാനമാണ്. കാഴ്ചയില്ലാത്തവർക്കും കുറഞ്ഞവർക്കും വഴി കാണിച്ചു കൊടുക്കുന്നതും ദാനമാണ്. കല്ല്, മുള്ള്, എല്ല് മുതലായവ വഴിയിൽനിന്ന് എടുത്തുമാറ്റുന്നതും ദാനമാണ്. നിങ്ങളുടെ തൊട്ടിയിൽനിന്നു സഹോദരെൻറ പാത്രത്തിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുന്നതും ദാനമാണ് (തിർമിദി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.