ഇമാം ബൂസൂരി വിഖ്യാത കൃതിയായ ബുർദയിൽ മനസ്സിന്റെ രണ്ട് ശത്രുക്കളെ പരിചയപ്പെടുത്തുന്നു. ശരീരേച്ഛയും പിശാചുമാണ് അവ. ശരീരേച്ഛ അതിൽ ഏറ്റവും ഗൗരവമേറിയതാണ്. ഇമാം ഇബ്നുൽ ജൗസി 'ദമ്മുൽ ഹവാ' എന്ന ഗ്രസ്ഥത്തിൽ ഇച്ഛയെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്നുണ്ട്. നിസ്സാരതയെന്നർഥം കുറിക്കുന്ന അറബിപദമാണ് ഹവാൻ.
ഹവയും ഹവാനും തമ്മിലുള്ള സ്വരച്ചേർച്ച തന്നെ മതി, ഇച്ഛകൾക്കടിമപ്പെട്ടു ജീവിക്കുന്നതിൽനിന്നും മനുഷ്യനെ പിന്തിരിപ്പിക്കാൻ. ആത്യന്തികമായ ഖേദവും വേദനയും സമ്മാനിക്കുന്ന ഇച്ഛയെ ശരിയായ ബുദ്ധിവേണ്ടെന്നുവെക്കുകയേ ഉള്ളൂ. തെറ്റുകൾ ചിന്തയിൽ മിന്നുമ്പോൾ രണ്ട് വഴികളാണ് മനുഷ്യനു മുന്നിൽ രൂപപ്പെടുന്നത്. കീഴൊതുങ്ങലിന്റെയും അതിജീവനത്തിന്റെയുമാണവ. അതിജീവനത്തിന്റെ മഹത്വമെത്ര വലുതാണ്. കീഴൊതുങ്ങലിന്റെ നിസ്സാരതയും തഥൈവ. മനുഷ്യൻ അതിജീവിക്കുന്നവനാകണം. ആത്മസംസ്കരണത്തിന് വലിയ മാർഗമാണ് ചിന്തകൾ.
ചിന്തിച്ചിരുന്നാൽമാത്രം പോരാ, ജീവിതത്തിലേക്കിറങ്ങുകകൂടി വേണം. ഒഴിഞ്ഞിരിക്കുന്ന മനസ്സ് പിശാചിന്റെ പ്രവർത്തനകേന്ദ്രമാണെന്ന ഒരു ആപ്തവാക്യമുണ്ട് ആംഗലേയത്തിൽ. മനുഷ്യന് ചിന്തിക്കാൻ പ്രചോദനമേകുന്ന ഒട്ടനവധി ഖുർആൻ, ഹദീസ് വാക്യങ്ങൾ കാണാനാകും. ചിന്തിച്ചു തുടങ്ങേണ്ടത് സ്വന്തം ശരീരത്തിൽനിന്നു തന്നെയാണ്. സ്വത്വത്തെക്കുറിച്ചറിയാതെ മറ്റുള്ളവയെക്കുറിച്ചുള്ള വിവരങ്ങൾ ഭണ്ഡാരമാക്കി വെച്ചിട്ടെന്ത്? ചിന്തകൾ എങ്ങനെയാകണമെന്ന വഴി പണ്ഡിതർ പഠിപ്പിച്ചിട്ടുണ്ട്.
അതിൻ പ്രകാരം ചിന്തിക്കണം. ഇല്ലെങ്കിൽ വഴി തെറ്റും, ഇരുളിൽ തപ്പും. ചിന്തകൾ എങ്ങനെയാകണമെന്ന് ദീർഘമായി ഉപന്യസിക്കുന്നുണ്ട് ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമിദ്ദീൻ എന്ന ഗ്രന്ഥത്തിൽ. ചിന്തകൾകൊണ്ട് അകം പ്രകാശിക്കട്ടെ. ദേഹേച്ഛകളെ നിയന്ത്രിക്കുന്നതിനുള്ള പരിശീലന കാലമാണ് റമദാൻ. അല്ലാഹുവിന്റെ കൽപനക്കു മുമ്പിൽ ആഗ്രഹങ്ങളെ വലിച്ചെറിഞ്ഞ ആ അടിമത്തം തുടർന്നുള്ള ജീവിതത്തിലും പാലിക്കാനാകുമ്പോഴാണ് നാം വിജയികളാകുന്നത് . ഈ റമദാൻ അതിന് നിമിത്തമാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.