റമദാൻ എന്നു കേൾക്കുമ്പോൾ സ്നേഹത്തിെൻറയും കരുതലിെൻറയും ബാല്യകാല ഓർമകളാണ് മനസ്സിൽ നിറയുക. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കുടുംബസുഹൃത്തായിരുന്ന അബ്ദുസ്സലാം അണ്ണെൻറ കടയിലെ തടിബെഞ്ചിലിരിക്കുന്ന ഞാനും സഹോദരനുമാണ് എന്നും ഗൃഹാതുരത്വമുണർത്തുന്ന നോമ്പോർമ. ആറാംക്ലാസിലെല്ലാം പഠിക്കുമ്പോൾ വൈകീട്ട് സ്കൂൾ വിട്ടു വന്നിരിക്കുക ആ കടയിലാണ്. അധ്യാപകനായ പപ്പ വന്നാൽ കൂടെ പോകാനാണ് ഈ ഇരിപ്പ്. അണ്ണനാണെങ്കിൽ നോമ്പെടുത്താലും കട തുറക്കും.
സാധാരണ അദ്ദേഹം നാരങ്ങാമിഠായിയോ മറ്റോ തന്നാലും ഞങ്ങൾ വാങ്ങാറുണ്ടായിരുന്നില്ല. പപ്പ വന്ന് വാങ്ങിച്ചുതരും വരെ നിൽക്കും. അങ്ങനെയൊരു നോമ്പുകാലത്ത് വ്രതം മുറിക്കുന്ന നേരത്തും പപ്പാ എത്തിയില്ല. വിശന്നുവലഞ്ഞിരിക്കുകയാണ്. അന്നേരം സലാമണ്ണൻ തരിക്കഞ്ഞി തന്നിട്ട് പറഞ്ഞു ''മോള് ധൈര്യമായി കുടിച്ചോ''. രണ്ടും കൽപിച്ച് കുടിച്ചു, കുടിച്ചില്ലായിരുന്നെങ്കിലുണ്ടായ നഷ്ടമോർത്ത് ഇന്നും ഞാൻ വിഷമിച്ചേനെ. റവയും പാലും പഞ്ചസാരയുമെല്ലാം ചേർത്ത ആ തരിക്കഞ്ഞിയുടെ സ്വാദ് ഇന്നും ഉള്ളിലുണ്ട്.
പിന്നീട് 'മാധ്യമം ആഴ്ചപതിപ്പി'ൽ തരിക്കഞ്ഞി എന്ന പേരിൽ എഴുതിയ കവിതയും ആ സ്നേഹ മധുരത്തിെൻറ ഓർമയാണ്. മനുഷ്യെൻറ ബുദ്ധിയും ശരീരവുമെല്ലാം പലവിധ ചിന്തകളാലും ചെയ്തികളാലും ഭക്ഷണത്താലും ഭോഗത്താലുമെല്ലാം ക്ഷീണിതവും രോഗാതുരവുമെല്ലാം ആകാറുണ്ട്. ഓരോ നോമ്പുകാലവും ആന്തരിക വിശുദ്ധിയുടെയും ഒപ്പം ശാരീരിക ശുചീകരണത്തിെൻറയുമെല്ലാം സമയമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്.
പല നോമ്പുകാലത്തും പല ദിവസങ്ങളിലും നോമ്പെടുക്കുകയും നോമ്പ് നൽകുന്ന അനുഭൂതി അറിയുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യമനുഭവിക്കുന്ന സഹജീവികൾക്ക് തങ്ങളാൽ കഴിയുന്നത് നൽകുക, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ മറ്റുള്ളവരോട് ചെയ്തിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുവിച്ച് സ്വയം ശുദ്ധീകരിക്കുക, ദൈവവുമായി കൂടുതൽ അടുക്കുക തുടങ്ങിയ റമദാനിെൻറ നല്ല അംശങ്ങളെ ഏറെ ആദരവോടും ബഹുമാനത്തോടുംകൂടിയാണ് എല്ലാകാലത്തും കാണുന്നത്.
പഴയകാലത്ത് റമദാനിൽ ഇത്രമാത്രം ആർഭാടത്തോടെയുള്ള ഭക്ഷണമൊരുക്കലൊന്നുമുണ്ടായിരുന്നില്ല. ലഘു രീതിയിലെ ഭക്ഷണങ്ങളായിരുന്നു. എന്നാലിപ്പോൾ മാധ്യമങ്ങളുടെ അതിപ്രസരം മൂലം നോമ്പെന്നാൽ നോമ്പുതുറ വിഭവങ്ങളാണെന്ന ഒരു വാണിജ്യചിന്ത ഉയർന്നുവരുന്നതായാണ് തോന്നുന്നത്.
റമദാനെ ഇത്തരത്തിൽ വിഭവങ്ങൾ മാത്രമായി പൊതുമണ്ഡലത്തിൽ അവതരിപ്പിക്കപ്പെടുന്നതിനോടുള്ള വിയോജിപ്പും പ്രകടിപ്പിക്കാനാഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.