അമ്മമാർ കരയുന്നെങ്കിൽ

മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത് എന്ന ചൊല്ലുണ്ടായത് എന്നാണ് എന്ന് അറിയില്ല. രാമായണത്തിനുശേഷമാണ് എന്ന് കരുതാം. കാരണം, ഈ ഭാഷാരീതിതന്നെ അതിനുമുമ്പ് ഉണ്ടായിരുന്നില്ലല്ലോ. മകൻ നാടുവാഴുന്നതു കാണണമെന്ന് ആഗ്രഹിച്ച അച്ഛൻ മകൻ കാടാണ് വാഴാൻ പോകുന്നത് എന്ന് കണ്ട ദുഃഖത്താൽ കടപുഴകിവീണു മരിക്കുന്നു. ത​െൻറകൂടി ഭർത്താവാണെങ്കിലും ആ അച്ഛൻ ഇങ്ങനെ മരിച്ചാലും ത​െൻറ മകൻ രാജാവായാൽ ജീവിതസാഫല്യമായി എന്ന് (ആ മക​െൻറ അല്ലാത്ത) മറ്റൊരു അമ്മ കരുതുന്നു.

സിംഹാസനത്തിലിരിക്കുന്ന ത​െൻറ മകന് ശല്യമാകാതിരിക്കാൻ യഥാർഥ കിരീടാവകാശിയെ പതിനാലു വർഷത്തേക്ക്​ ഈ അമ്മ കാട്ടിൽ അയക്കുന്നു. അയാളാകട്ടെ ഇന്നലെവരെ ഇവർക്ക് വളരെ പ്രിയങ്കരനും ആയിരുന്നു! അച്ഛനമ്മമാർക്ക് സ്വന്തം മക്കളോട് എത്രത്തോളം പ്രിയം ആവാം? ഏതളവു കഴിഞ്ഞാലാണ് ഈ പ്രിയം അനാരോഗ്യകരമാവുക? ഏറെ ഗൗരവമുള്ള ഈ ചോദ്യങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുകയാണ് രാമായണം. മക്കളെ സ്നേഹിക്കണം. അവരെ ശരിയായി വളർത്തണം. സ്വന്തം കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സഹായിക്കണം. ജീവിതം തുടങ്ങിവെക്കാനുള്ള ചുറ്റുപാടുകൾ ഒരുക്കിക്കൊടുക്കുകകൂടി ആവാം. പക്ഷേ, ഇതൊക്കെ ചെയ്യുമ്പോൾ രണ്ടു കാര്യം ശ്രദ്ധിക്കാനുണ്ട്. ഒന്ന്: അവർക്കായി നാം വിഭാവനം ചെയ്യുന്ന സ്ഥാനമാനങ്ങൾക്ക് അവർ അർഹതപ്പെട്ടവരാണോ? രണ്ട്: യഥാർഥത്തിൽ അർഹതയുള്ളവരെ നാം വളഞ്ഞ വഴിയിലൂടെ പോയി പുറംതള്ളുന്നുണ്ടോ? എന്തു മുറയിലൂടെ ആരെയെല്ലാം മറികടന്നായാലും എ​െൻറ കുട്ടിക്ക് ഒന്നാം റാങ്കാണല്ലോ ഞാൻ കാംക്ഷിക്കുന്നത്. ഈ കഴുത്തറുപ്പൻ മത്സരം നാടിനും സമൂഹത്തിനും ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ഇതേസമയം മനുഷ്യജന്മത്തിലെ മറ്റൊരു മഹാസങ്കടത്തിലേക്കുകൂടി രാമായണകാവ്യം ശ്രദ്ധ ക്ഷണിക്കുന്നു. ഒരു അമ്മക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആധി ഒഴിഞ്ഞ നേരമില്ല. 'മക്കളെപ്പെറ്റുള്ളോരമ്മമാർക്കെന്നുമേ ഉൾക്കാമ്പിൽ വേദനയെന്നിയില്ല' എന്ന് ആ കാലത്തെ മറ്റൊരു മഹാകവിയും പാടിയിട്ടുണ്ടല്ലോ. ത​െൻറ മകനായി ജനിച്ചിരിക്കുന്നത് സാക്ഷാൽ ഈശ്വരനാണ് എന്ന് കൗസല്യ അറിയുന്നു. എന്നിട്ടെന്താ, ആ മകനെ ചൊല്ലി കരയാനേ നേരമുള്ളൂ! മകൻ കൊടുങ്കാട്ടിൽ കഴിഞ്ഞ പതിനാലു കൊല്ലവും ആ അമ്മ കരഞ്ഞുകൊണ്ടേയിരിക്കുന്നു. അയോധ്യയിൽ അല്ല ലങ്കയിൽ ആയാലും കഥ ഇതുതന്നെയാണ്.

മണ്ഡോദരി എന്ന അമ്മയെ നോക്കൂ. മകൻ വീരശൂര പരാക്രമി. ദേവേന്ദ്രനെപ്പോലും യുദ്ധത്തിൽ ജയിച്ചവൻ. പക്ഷേ, അവ​െൻറ അച്ഛൻ അവനെ ഉപയോഗിക്കുന്നത്​ ത​െൻറ വേണ്ടാതീനങ്ങൾക്ക് പിൻബലമായാണ്. ആ പോക്ക് എവിടെ ചെന്ന് അവസാനിക്കും എന്ന്‌ ആ അമ്മക്ക്​ അറിയാം. പക്ഷേ, തടയാൻ കഴിയുന്നില്ല. ഒരിടത്ത് ഒരു അമ്മ അച്ഛൻ മരിച്ചാലും മകൻ മഹാരാജാവായി കണ്ടാൽ മതി എന്നു കരുതുന്നു. അച്ഛൻ ദയനീയമായി മരിച്ചു. മകൻ താൻ ഉദ്ദേശിച്ച രാജാവ് ആയോ? ഇല്ലതാനും! ആർ മരിച്ചാലും താൻ യുദ്ധം ജയിച്ചാൽ മതി എന്ന് ലങ്കയിലെ അച്ഛൻ കരുതുന്നു. മക്കളൊക്കെ മരിക്കുന്നു. അയാൾ യുദ്ധം ജയിച്ചുവോ? ജയിച്ചില്ല എന്നല്ല മരിച്ചും പോയി! അവസാനം കരയാൻ ആ അമ്മമാത്രം ബാക്കിയായി. ചുരുക്കത്തിൽ, ഒരു നാടി​െൻറ സുസ്ഥിതി അറിയാൻ അവിടെ അമ്മമാർ കരയുന്നുണ്ടോ എന്ന് നോക്കിയാൽ മതി. ഇനി ചുറ്റും നോക്കുക: വിശപ്പ് സഹിക്കാതെ തന്നെ ശല്യം ചെയ്യുന്ന കുട്ടിയെ ശിക്ഷിച്ചിട്ട് അതി​െൻറ പേരിൽകൂടി കരയുന്നവരും, നാഥനില്ലാതായോ താനോ മക്കളോ പീഡിപ്പിക്കപ്പെട്ടോ തല ചായ്ക്കാൻ ഇടമില്ലാഞ്ഞോ കരയുന്നവരുമായ അമ്മമാരുടെ വിളനിലം നമുക്കു ചുറ്റും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.