രണ്ട് ഇതിഹാസങ്ങളിൽ ആദ്യത്തേതായ വാല്മീകി രാമായണത്തെ അധ്യാത്മരാമായണ കർത്താവ് ഭക്തിമാർഗത്തിലേക്ക് രൂപാന്തരപ്പെടുത്തി എടുത്തു. സംസ്കൃതത്തിലുള്ള ഈ കൃതിയെ എഴുത്തച്ഛൻ തന്റെ സർഗചേതനകൊണ്ട് മാറ്റിപ്പണിതിരിക്കയാണ്.
എന്നുവെച്ചാൽ, നമുക്കിപ്പോൾ വായിക്കാൻ കിട്ടുന്ന അധ്യാത്മരാമായണം കിളിപ്പാട്ട് വാല്മീകിയുടെ കാവ്യത്തിൽനിന്ന് വളരെ അകലെയാണ്.
ഇതിഹാസങ്ങളെ എങ്ങനെയാണ് വായിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് ഇവിടെ ഇപ്പോഴും ആശയപ്പൊരുത്തമില്ല.
ചരിത്രസംഭവങ്ങളുടെ ആഖ്യാനങ്ങളാണ് ഇവ എന്ന് ശഠിക്കുന്നവരുണ്ട്. പക്ഷേ, ഹനൂമാൻ, കുംഭകർണൻ, രാവണൻ, ബാലി... എന്തിന്, നിലം ഉഴുതപ്പോൾ മണ്ണടർന്നതിൽനിന്ന് കണ്ടുകിട്ടിയ നവജാതശിശുവായ സീത വരെ... ഒരിക്കലും യഥാർഥത്തിൽ ഉണ്ടായിരിക്കാൻ ഇടയില്ലാത്ത കഥാപാത്രങ്ങളുണ്ട് രാമായണത്തിൽ (ഒരേസമയം കഥാകൃത്തും കഥാപാത്രവുമായി ഇരിക്കുന്ന വേദവ്യാസർ ക്ലോൺ ചെയ്ത 101 സ്വപ്ന കഥാപാത്രങ്ങളും സൂര്യനും വായുവിനും മറ്റുമുണ്ടായ മക്കളും മഹാഭാരതത്തിൽ ഉള്ളതുപോലെ തന്നെ).
വേറെ ചിലർ ഇതിഹാസങ്ങളെ അതിമനോഹര കാവ്യങ്ങൾ ആയി വായിച്ച് ആസ്വദിക്കുന്നു. കൊച്ചുകുട്ടികളെ മുതൽ ആകർഷിക്കുന്ന ഒരു കഥ, ധ്വനി സാമ്രാജ്യങ്ങളിലേക്ക് ധാരാളം കൈവഴികൾ തെളിയിക്കുന്ന അന്തർധാരകൾ എന്നിങ്ങനെ എല്ലാ അഭിരുചിക്കാരെയും രസിപ്പിക്കാൻ അതിനു കഴിയുന്നുമുണ്ട്.
ഉപനിഷത്തിലെ അറിവുകളെ അനുഭവങ്ങൾ ആക്കിമാറ്റുന്ന സർഗാത്മക രചനകൾ എന്ന മൂന്നാമതൊരു നിലയിലും ഇതിഹാസങ്ങളെ വായിക്കാം.
കേരളത്തിലാകട്ടെ ഇതിനൊക്കെ പുറമെ മറ്റൊരു മഹത്ത്വം കൂടി ഈ കിളിപ്പാട്ട് രാമായണത്തിനുണ്ട്: അത് നാം ഇന്ന് അറിയുന്ന മലയാള ഭാഷയിലെ ആദ്യത്തെ മഹാകാവ്യവും അതിനു മുമ്പ് ഇല്ലാതിരുന്ന ഒരു ലിപിയിൽ എഴുതപ്പെട്ടതുമാണ്. ലിപിയും കാവ്യവും വിരചിച്ചു കേരളത്തിലുടനീളം കൊണ്ടുനടന്ന് അത് പ്രചരിപ്പിച്ചു, എഴുത്തച്ഛൻ. അന്നാണ് മലയാള ഭാഷ സംസാരിക്കുന്ന പ്രദേശം ഒന്നാണ് എന്നൊരു ധാരണ ആദ്യമായി ഉണ്ടായത്. അതിനാൽ, ഭാഷയുടെ മാത്രമല്ല ഐക്യകേരളത്തിന്റെയും പിതാവ് അദ്ദേഹമാണ്. ഈ കൃതി ൈകയിലെടുക്കുമ്പോൾ അദ്ദേഹത്തെ മൂന്നു വട്ടം നമസ്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.