ദുബൈ: അൽ അവീർ സെൻട്രൽ ജയിലിലെ ഒരുകൂട്ടം അന്തേവാസികൾ കാർബോർഡിൽ നിർമിച്ച ശൈഖ് സായിദ് മോസ്കിന്റെ ചെറുരൂപം ഗിന്നസ് റെക്കോഡിലേക്ക്. 35,000 കാർബോഡ് ബോക്സുകൾ കൊണ്ടാണ് മോസ്കിന്റെ മിനിയേച്ചർ ഇവർ നിർമിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കാർബോർഡ് നിർമിതി എന്ന നിലയിലായിരിക്കും ഈ കരകൗശലവസ്തു ഗിന്നസ് ബുക്കിൽ ഇടംനേടുക.
അൽ അവീർ സെൻട്രൽ ജയിലിലെ 13 അന്തേവാസികൾ രണ്ടു വർഷം കൊണ്ടാണ് മനോഹരമായ കരകൗശലവസ്തു നിർമിച്ചത്. 11 രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർ ഇതിൽ അംഗങ്ങളായിരുന്നു. 16 മീറ്റർ നീളവും 11.5 മീറ്റർ വീതിയും 6.85 മീറ്റർ ഉയരവുമാണ് കാർഡ് ബോർഡിൽ തീർത്ത മോസ്കിന്റെ വലുപ്പം.
അതായത് ഒരു ചെറു ടെന്നിസ് കോർട്ടിന്റെ അത്രയും വരുമിത്. മോസ്കിന്റെ ചെറുപതിപ്പിൽ 84 താഴികക്കുടങ്ങൾ, നാല് മിനാരങ്ങൾ, 150 ആർച്ചുകൾ എന്നിവ ഉൾപ്പെടുന്നു. മിനാരങ്ങളുടെ ഉയരം 6.85 മീറ്ററാണ്. ജയിൽ വകുപ്പിന്റെ കാർ പാർക്ക് ഏരിയയിലാണ് ഈ നിർമിതി സൂക്ഷിച്ചിരിക്കുന്നത്.
യു.എസിലെ ഫ്ലോറിഡയിലുള്ള ഫുൾ സെയിൽ യൂനിവേഴ്സിറ്റിയിലുള്ള കാർബോർഡ് രൂപത്തിനാണ് നിലവിലെ ഗിന്നസ് വേൾഡ് റെക്കോഡ്. ഇതിനെ മറിക്കുന്നതാണ് ജയിലിലെ അന്തേവാസികളുടെ കാർഡ്ബോർഡ് മിനിയേച്ചർ എന്ന് ഗിന്നസ് പ്രതിനിധികൾ ജയിൽ വകുപ്പ് അധികൃതരെ അറിയിച്ചുകഴിഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.