ഹജ്ജ് രജിസ്​ട്രേഷൻ അവസാനിച്ചു; അപേക്ഷകരുടെ എണ്ണത്തിൽ 2.5 ശതമാനത്തിന്‍റെ വർധനവ്​

മസ്കത്ത്: അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ്​ രജിസ്​ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായി.ആകെ ലഭിച്ചത്​ 34,126 അപേക്ഷകളാണെന്ന്​ ​​ അധികൃതർ വ്യക്​തമാക്കി. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഈ വർഷം ഹജ്ജിനുള്ള അപേക്ഷക്ക്​ മികച്ച പ്രതികരണമാണുണ്ടായിരുന്നത്​. ഒക്ടോബർ 22 ന് ആയിരുന്നു രജിസ്​​ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നത്​.

ഈവർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്‍റെ വർധനവാണുണ്ടായിരിക്കുന്നതെന്ന്​ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മുൻ വർഷങ്ങളിലേതുപോലെ, ഏറ്റവും കൂടുതൽ അപേക്ഷകർ (5,373) മസ്കത്തിൽ രേഖപ്പെടുത്തിയപ്പോൾ കുറവ് (172) മുസന്ദത്താണ്​. എല്ലാ ഗവർണറേറ്റുകളിലും അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും, ദോഫാർ, മുസന്ദം, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിൽ കുറവാണുണ്ടായിരിക്കുന്നത്​.

ആകെ ലഭിച്ച അപേക്ഷകരിൽനിന്ന്​ 14000പേരെ ഹജ്ജിനായി തിരഞ്ഞെടുക്കുമെന്ന്​ ഹജ്, ഉംറ ഡിപ്പാർട്ട്​മെന്‍റിലെ അലി അൽ ഗഫ്രി പറഞ്ഞു. ആദ്യ ഹജ്ജ്​ ചെയ്യുന്നവർ, വിട്ടുമാറാത്ത രോഗങ്ങൾ, അർബുദവും ബാധിച്ച ആളുകൾ തുടങ്ങിയവർക്ക്​ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ​ 13,956 (99.7 ശതമാനം) ആളുകളാണ്​ വിശുദ്ധ കർമ്മം നിർവഹിച്ചത്​. ആകെ14,000 പേർക്കായിരുന്നു ഹജ്ജിന്​ അനുമതിയുണ്ടായിരുന്നത്.​ ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്​​. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ്​ ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്‍റെ ആവശ്യ പ്രകാരം 2338 പേർക്ക് കൂടി അവസരം ലഭിക്കുകയായിരുന്നു.

Tags:    
News Summary - Hajj registration is over; An increase of 2.5 percent in the number of applicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.