റിയാദ്: പ്രവാചകൻ മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് നടത്തിയ ഐതിഹാസികയാത്രയുടെ ചരിത്രപഥങ്ങൾ പുനരാവിഷ്കരിച്ച് പ്രദർശനം. യാത്രയുടെ തുടക്കം മുതൽ ഒടുക്കംവരെയുള്ള ചരിത്രം പറയുകയാണ് റിയാദ് നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ച ‘ഹിജ്റ എക്സിബിഷൻ’. റിയാദിലെ ബത്ഹ നഗരത്തോട് ചേർന്നുള്ള മ്യൂസിയത്തിലെ വിശാലമായ ഹാളിലാണ് മാസങ്ങൾ നീളുന്ന പ്രദർശനം. ‘പ്രവാചകന്റെ കാൽപാടുകളിൽ’ എന്ന ശീർഷകത്തിലുള്ള പ്രദർശനത്തിലേക്ക് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽനിന്ന് ചരിത്രവിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളുമായി നിരവധി സന്ദർശകരെത്തുന്നുണ്ട്.
രാജ്യത്തിന് പുറത്തുനിന്ന് സൗദിയുടെ ചരിത്രം തേടിയെത്തുന്ന സഞ്ചാരികൾക്കും പ്രദർശനം പുതിയ അനുഭവം നൽകുന്നുണ്ട്. 14ാം നൂറ്റാണ്ട് മുമ്പത്തെ പ്രവാചകജീവിതത്തിലെ ഐതിഹാസിക സംഭവത്തിന്റെ ചരിത്രം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രദർശനമേളയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചരിത്രം, പുരാവസ്തുക്കൾ, ആർട്ട് വർക്കുകൾ, ഡോക്യുമെൻററികൾ എന്നിവയാൽ സമ്പന്നമാണ് മേള.
ശത്രുക്കളിൽനിന്ന് പ്രവാചകൻ അഭയം തേടിയ സൗർ ഗുഹയും പ്രവാചകന് സുരക്ഷയൊരുക്കിയ ചിലന്തിവലയും ഉൾപ്പെടെ ചരിത്രം രേഖപ്പെടുത്തിയ സംഭവങ്ങളെല്ലാം കലാരൂപങ്ങളാൽ ഒരുക്കി ആകർഷകമായരീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് യാത്രചെയ്ത ഒട്ടകങ്ങളും മരുഭൂവഴികളും കലാരൂപങ്ങളാൽ ആവിഷ്കരിച്ചിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ ഹിജ്റയുടെ ചരിത്രം അറിയാത്തവർക്ക് ഹ്രസ്വവും ഹൃദ്യവുമായി ചരിത്രം അറിയാനുള്ള അവസരം കൂടിയാണ് പ്രദർശനം നൽകുന്നത്.
സൗദി അറേബ്യയുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് ഹിജ്റ പ്രദർശനം. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മുതൽ രാത്രി ഒമ്പത് വരെയാണ് സന്ദർശനസമയം. പ്രവേശനം പൂർണമായും സൗജന്യമാണ്. പ്രദർശന നഗരിയിൽ ചരിത്രം കൃത്യമായി വിവരിക്കാൻ ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള ഗൈഡുകളുടെ സേവനം മുഴുവൻ സമയവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.