ദമ്മാം: ഇസ്ലാമിക ചരിത്രത്തിലെയും പ്രവാചക ജീവിതത്തിലേയും സുപ്രധാന ഏടായ 'ഹിജ്റ'യുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രദർശനം ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യിൽ ജനശ്രദ്ധ ആകർഷിക്കുന്നു. 1400 വർഷം മുമ്പുള്ള ജീവിതയാഥാർഥ്യങ്ങളെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. ജന്മനാടായ മക്കയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള മദീനയിലേക്ക് പ്രവാചകനും അനുചരന്മാരും നടത്തിയ പാലായനമാണ് ഹിജ്റ. എട്ട് ദിവസത്തെ വഴിദൂരം താണ്ടിയ പാലായനത്തിലെ കാഴ്ചകളാണ് പ്രദർശനത്തിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്.
ജുലൈ 30ന് ആരംഭിച്ച പ്രദർശനം കാണാൻ ഈയാഴ്ച പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നുകൊടുക്കും. ഒമ്പത് മാസം ഇത്റയിൽ പ്രദർശന വസ്തുക്കൾ സൂക്ഷിക്കുകയും ശേഷം വിദശേ രാജ്യങ്ങളിൽ പ്രദർശന പര്യടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.
പ്രദർശനത്തിൽ അണിനിരത്തിയ വസ്തുക്കൾ മൂന്നു വർഷം കൊണ്ട് 20 രാജ്യങ്ങളിൽനിന്നുള്ള അക്കാദമിക് വിദഗ്ധരും കലാകാരന്മാരും ചേർന്ന് ഒരുക്കിയ കലാസൃഷ്ടികളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ മുതൽ ആധുനികകാലത്തെ ഡ്രോൺ ഫൂട്ടേജ് വരെ പ്രദർശനത്തിലെ സൃഷ്ടികൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതൊരു ചരിത്രമാണെന്നും ലോക മാനവികതയുടെ മൂല്യമുള്ള ചരിത്രമാണെന്നും ഇത് കാണികൾക്ക് കൈമാറുന്ന സന്ദേശം ചെറുതല്ലെന്നും പ്രശസ്ത സൗദി പണ്ഡിതനായ അബ്ദുല്ല ഹുസൈൻ അൽകാദി പറഞ്ഞു. കുടിയേറ്റക്കാരോട് സഹിഷ്ണുത പുലർത്താൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ഹിജ്റയുടെ ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയേറ്റക്കാരോട് തദ്ദേശീയർ സഹിഷ്ണുത പുലർത്തണം. അവരുടെ മതമോ, വംശമോ, ലിംഗമോ പരിഗണിക്കാതെ അവരെ ചേർത്തുപിടിക്കണം. അല്ലെങ്കിൽ തദ്ദേശീയർക്കൊരിക്കലും സമാധാനമുള്ള ജീവിതം നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്ല ഹുസൈൻ അൽകാദിയുടെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രദർശനം ഒരുക്കിയത്. അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ഒവിഡിയോ സലാസറിന്റെ ഹ്രസ്വചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഖുറൈഷി ഗോത്രത്തലവന്മാർ മുഹമ്മദ് നബിയെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതും പാലായനത്തിന് ഇടയാക്കുന്നതുമാണ് ഹിജ്റയുടെ പുരാവൃത്തം. ഇതും പ്രവാചകനെ കൊന്നോ ജീവനോടെയോ തിരികെ കൊണ്ടുവരുന്നവർക്ക് ഖുറൈഷി ഗോത്രത്തലവന്മാർ 100 ഒട്ടകങ്ങൾ ഇനാമായി പ്രഖ്യാപിക്കുന്നതും പ്രദർശനത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. വാഗ്ദാനത്തിൽ മോഹിതനായി സുറാഖ എന്നയാൾ പിന്തുടരുന്നതും പ്രവാചകന്‍റെ മുന്നിലെത്തുമ്പോൾ അയാൾ വിറച്ച് തോറ്റുമടങ്ങുന്നതും പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
പ്രവാചകന്റെ പ്രിയപ്പെട്ട ഒട്ടകമായ ഖസ്‌വ, മക്കയിൽനിന്ന് മദീനയിലേക്ക് പ്രവാചകൻ നടത്തിയ ഹിജ്‌റ വഴികളുടെ പുതിയകാലത്തെ ചിത്രങ്ങൾ, മദീനയിലെ പ്രവാചകന്റെ പള്ളിയിൽ നിന്നുള്ള തുണിത്തരങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്.
സൗദി ആർട്ടിസ്റ്റ് സഹ്‌റ അൽ-ഗാംദിയുടെ ചിത്രങ്ങളും പ്രദർശനത്തിൽ ചരിത്രം പറയുന്നു. സൗദിയിലെ പ്രശസ്ത ചിത്രകാരിയായ ഇവരുടെ ചിത്രങ്ങൾ മുമ്പ് വെനീസ് ബിനാലെയിലും ബ്രിട്ടീഷ് മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഹിജ്റ പ്രദർശനത്തിൽ അവതരിപ്പിക്കാനുള്ള ചരിത്ര വസ്തുക്കൾ ഒരുക്കാൻ അൽ-ഗംദി അഞ്ച് മാസത്തോളം തുണിക്കഷണങ്ങൾ ചെളിയിലും കളിമണ്ണിലും മുക്കിവെച്ചും പിന്നീടെടുത്ത് കൂട്ടിയിണക്കിയുമാണ് പഴമ സൃഷ്ടിച്ചത്. മദീന നിവാസികളും മുഹമ്മദ് നബിയും അനുയായികളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന സൂചകങ്ങളും പ്രദർശനത്തിലുണ്ട്. ജീവിതത്തിന് അർഥം നൽകുന്ന ഈ സാഹോദര്യ സങ്കൽപ്പത്തെ പുനരുജ്ജീവിപ്പിക്കാനും ജീവസുറ്റതാക്കാനും താൻ ശ്രമിച്ചിട്ടുണ്ടെന്ന് സഹ്‌റ അൽ-ഗാംദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.