മദീന: പ്രവാചകൻ മുഹമ്മദ് മദീനയിൽ എത്തുന്നതിന് മുമ്പേ അവിടെയുള്ള ചരിത്ര സ്മാരകങ്ങളാണ് അൽ ഉസ്ബ തോട്ടവും കിണറും പള്ളിയും. മസ്ജിദുൽ ഖുബയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള അൽ ഉസ്ബ ഗ്രാമത്തിലാണ് പഴമയുടെ പെരുമ വിളിച്ചോതുന്ന അൽ ഹജീം കിണറും അൽ ഉസ്ബ തോട്ടവും അതിനുള്ളിലെ പള്ളിയും. മദീനയിലെ ഏറ്റവും പുരാതനമായ പള്ളിയാണത്. മസ്ജിദുന്നബവിയിൽനിന്ന് ഈ പ്രദേശത്തേക്ക് നാലു കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. ഈന്തപ്പനകളും മറ്റു മരങ്ങളും ചെടികളുമാണ് പ്രകൃതിരമണീയമായ ഈ തോട്ടത്തിലുള്ളത്.
പ്രവാചകൻ മുഹമ്മദ് മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് മദീനയിലെ ദൈവവിശ്വാസികൾ ഒരുമിച്ചുകൂടുകയും പ്രാർഥന നടത്തുകയും ചെയ്തിരുന്ന സ്ഥലമാണിത്. പ്രവാചകനോടൊപ്പം മദീനയിൽ ഒന്നിച്ച് പ്രവേശിക്കാമെന്ന് അവർ തീരുമാനിക്കുകയും അതിനായി സമ്മേളിക്കുകയും ചെയ്തിരുന്നത് ഇവിടെയായിരുന്നു. അക്കാലത്ത് ഏറ്റവും നന്നായി ഖുർആൻ പാരായണം ചെയ്തിരുന്ന സാലിം മൗല അബീ ഹുദൈഫ എന്ന പ്രവാചക അനുയായി ആയിരുന്നു ഇവിടെ പ്രാർഥനക്ക് നേതൃത്വം നൽകിയിരുന്നത്. പ്രവാചകൻ മുഹമ്മദ് മദീനയിലെ വിശ്വാസികൾക്ക് ഖുർആൻ പഠിപ്പിച്ചു കൊടുക്കാൻ ആദ്യമായി പറഞ്ഞയച്ച സഹചാരിയായിരുന്ന മുസ്അബ് ബിൻ ഉമറും സംഘവും ദിവസങ്ങളോളം ഇവിടെ വിശ്വാസികൾക്ക് നമസ്കാരത്തിനും ഖുർആൻ പഠനത്തിനും നേതൃത്വം നൽകിയിരുന്നതായും പറയപ്പെടുന്നു.
മുഹമ്മദ് നബിയും അനുചരന്മാരും ഈ പ്രദേശത്ത് നമസ്കരിക്കുകയും ആ പ്രദേശം പിൽക്കാലത്ത് അല്പം ഉയരത്തിൽ അന്നത്തെ വിശ്വാസികൾ പുനഃസ്ഥാപിക്കുകയും ചെയ്തതായും ചരിത്രരേഖകളിൽ കാണാം. പ്രവാചകത്വ കാലത്തിന് മുമ്പുള്ള അൽ ഹജീം കിണർ ഇവിടെ പഴമയുടെ പെരുമയും ജലസമൃദ്ധിയുമായി ഇപ്പോഴുമുണ്ട്. ഇവിടെ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്ന പള്ളി ചരിത്രത്തിൽ മസ്ജിദ് തൗബ, മസ്ജിദുൽ ഉസ്ബ, മസ്ജിദുന്നൂർ, മസ്ജിദ് ബനീ ജുഹ്ജുബ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ചുമരുകളൊന്നുമില്ലാത്ത ഇവിടത്തെ പ്രാർഥനായിടം അതിന്റെ പൗരാണിക രീതിയിൽ തന്നെയാണ് ഇപ്പോഴും ഇവിടെ നിലനിർത്തിയിരിക്കുന്നത്.
പ്രവാചകന്റെ മദീനയിലേക്കുള്ള വരവിന് മുമ്പ് തന്നെ പ്രദേശത്തെ ഖുബ ഗോത്രക്കാർ ഇവിടെ തമ്പടിച്ചിരുന്നതായും ഖുർആൻ പഠിക്കാനുള്ള മുഖ്യ കേന്ദ്രമായും ഇസ്ലാമിക ചരിത്രരേഖകളിൽ കാണാം. ബനീ ജുഹ്ജുബാ എന്ന മദീനയിലെ പ്രമുഖ ഗോത്രക്കാർ ഈ പ്രദേശത്തായിരുന്നു താമസിച്ചിരുന്നതെന്നും അവരായിരുന്നു അൽ ഹജീം എന്ന പേരിലുള്ള കിണർ ഇവിടെ ഉണ്ടാക്കിയതെന്നും ചരിത്രരേഖകളിൽ കാണാം. മദീനയിലെ പ്രമുഖ ഗോത്രക്കാരുടെ തോട്ടങ്ങളുടെയും സംസ്കാരത്തിന്റെയും ശേഷിപ്പുകളും പഴയ കൃഷിരീതികളും പിന്നിട്ട നാഗരികതകളുടെ നേർകാഴ്ചകളും സന്ദർശകരെ ആവോളം ഇവിടെ ആകർഷിക്കുന്നു. പ്രവാചകൻ മുഹമ്മദിന്റെ ചരിത്ര നാൾവഴികൾ പകർത്താനും ഇസ്ലാമിക ചരിത്രസ്മരണകൾ അയവിറക്കാനും പ്രവാചകന്റെ മദീനയിലേക്കുള്ള ഹിജ്റയുടെ മഹിതമായ ഓർമകൾ അയവിറക്കാനും ദിവസവും ധാരാളം സന്ദർശകരാണ് ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.