ദുബൈ: ദീപാവലി ആഘോഷത്തിനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യൻസമൂഹം. തിങ്കളാഴ്ചയാണ് ദീപാവലിയെങ്കിലും ഒരാഴ്ച മുമ്പുതന്നെ ഇന്ത്യക്കാരുടെ താമസസ്ഥലങ്ങൾ ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരുന്നു. ഷോപ്പിങ് മാളുകളിലും മറ്റും ദീപാവലി മധുരങ്ങൾ നേരത്തെതന്നെ ഇടംപിടിച്ചു. ഉത്തരേന്ത്യക്കാരാണ് പ്രധാനമായും ദീപാവലി ആഘോഷമാക്കുന്നത്.
തിങ്കളാഴ്ചയാണ് ദീപാവലിയെങ്കിലും കൂടുതൽ ആഘോഷങ്ങളും നടക്കുക അവധിദിനമായ ഞായറാഴ്ചയായിരിക്കും. കരിമരുന്ന് പ്രയോഗങ്ങൾക്കുൾപ്പെടെ നിയന്ത്രണമുണ്ട്. സുരക്ഷ മുൻനിർത്തിയാണ് ഇത് ഏർപ്പെടുത്തിയത്. ഈ വർഷത്തെ ദീപാവലി ആഘോഷത്തിന് മാത്രമായി 50 ടൺ മധുരം ഉണ്ടാക്കിയതായി ബിക്കാനർവാല ഫാക്ടറി അധികൃതർ പറയുന്നു. എന്നിട്ടും എല്ലായിടത്തും എത്തിക്കാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം. ദിവസവും 150ലേറെ പേർ ചേർന്നാണ് മധുരങ്ങളുണ്ടാക്കുന്നത്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം 10 ദിവസത്തെ ദീപാവലി ആഘോഷമാണ് സംഘടിപ്പിക്കുന്നത്. 'ദിവാലി ഇൻ ദുബൈ' എന്ന പേരിൽ കഴിഞ്ഞ 14ന് തുടങ്ങിയ ആഘോഷം 24വരെ നീളും. ഞായറാഴ്ച രാത്രി ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് കലാപ്രകടനം അരങ്ങേറും.
ദുബൈയിലെ വിവിധ ഭാഗങ്ങളിൽ കലാപരിപാടികളും കരിമരുന്ന് പ്രയോഗവും അരങ്ങേറും. ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിലെ ജ്വല്ലറികളും വ്യാപാരസ്ഥാപനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവർഷം വരെ വാടക സൗജന്യം ലഭിക്കുന്ന ഫ്ലാറ്റ്, സ്വർണ സമ്മാനങ്ങൾ എന്നിവയെല്ലാം നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നേടാൻ അവസരമുണ്ടാകും.
ഒക്ടോബറിലെ അവസാന 10 ദിവസം ദുബൈ വിമാനത്താവളത്തിൽ 21 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് കണക്ക്. ഇതിൽ നല്ലൊരു ശതമാനവും ദീപാവലി ആഘോഷിക്കാനാണ് എത്തുന്നത്. ഇത് മുൻകൂട്ടിക്കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.