ശർക്കര ക്ഷാമം: അപ്പം-അരവണ വിൽപനയിൽ നിയന്ത്രണം

ശബരിമല: ശർക്കരക്ഷാമം മൂലം ഉൽപാദനം കുറഞ്ഞതിനെത്തുടർന്ന് ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പം -അരവണ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു തീർഥാടകന് പരമാവധി അഞ്ചുവീതം ബോട്ടിൽ അരവണയും അപ്പവും മാത്രമാണ് നൽകുന്നത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വലിയ അളവിൽ പ്രസാദം വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തീർഥാടകരാണ് നിയന്ത്രണം മൂലം വലയുന്നത്.

നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദ കൗണ്ടറുകൾക്ക് മുന്നിൽ വൻ തിക്കുംതിരക്കുമാണ്. ശർക്കര എത്തിക്കാൻ കരാർ ഏറ്റെടുത്ത കമ്പനി ശർക്കര ശേഖരിക്കുന്നത് മഹാരാഷ്ട്രയിലെ പാടങ്ങളിൽനിന്നാണ്. ഇവിടങ്ങളിൽ കരിമ്പ് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശർക്കര വരവ് രണ്ടാഴ്ചയായി നിലച്ചിരിക്കുകയാണ്. ഇതാണ് പ്രസാദ നിർമാണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. മണ്ഡലപൂജ വരെയുള്ള പ്രസാദ നിർമാണത്തിനുള്ള ശർക്കര സ്റ്റോക്ക് ഉണ്ടെന്നായിരുന്നു ദേവസ്വം ബോർഡിന്‍റെ അവകാശവാദം.

എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ലക്ഷത്തോളം തീർഥാടകരാണ് പ്രതിദിനം ദർശനത്തിനെത്തുന്നത്. ഇത് ബോർഡിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചു എന്നു വേണം അനുമാനിക്കാൻ. കരിമ്പുക്ഷാമം രൂക്ഷമായതോടെ കരാർ തുകയായ കിലോക്ക് 42.90 രൂപക്ക് പകരം 47 രൂപ നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഈ ആവശ്യം തള്ളിയ ദേവസ്വം ബോർഡ് ഓപൺ മാർക്കറ്റിൽനിന്ന് അടക്കം ശർക്കര എത്തിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതും നടപ്പാകാതെ വന്നതോടെയാണ് അപ്പം -അരവണ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

Tags:    
News Summary - Jaggery Storage: Restrictions on Sale of Appam-Aravana in sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.