ഒറ്റപ്പാലം: ക്ഷീണിച്ചവശനായിരിക്കുമ്പോൾ പുഴയിലെ തെളിവെള്ളത്തിൽ മുങ്ങിനിവർന്നാൽ ലഭിക്കുന്ന ഉന്മേഷമാണ് ഓരോ റമദാൻ വ്രതവും സമ്മാനിക്കുന്നതെന്നത് എസ്.ആർ.കെ നഗർ നെല്ലുള്ളിയിൽ ജയരാജൻ. കഴിഞ്ഞ 13 വർഷമായി റമദാൻ വ്രതമനുഷ്ഠിക്കുന്ന ജയരാജൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റാണ്.
ഒറ്റപ്പാലം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റായിരിക്കെയാണ് ആദ്യമായി നോമ്പ് അനുഷ്ഠിക്കുന്നത്. ഇതിന് പ്രചോദനമായത് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റായിരുന്ന നന്ദപാലൻ ആണെന്ന് ജയരാജൻ പറയും. റമദാനിൽ കടമ്പഴിപ്പുറത്ത് നടന്ന യൂത്ത് കോൺഗ്രസ് യോഗാനന്തരം നടന്ന ചായ സൽക്കാരത്തിൽനിന്ന് ജില്ല അധ്യക്ഷൻ വിട്ടുനിന്നതിന്‍റെ കാരണം അന്വേഷിച്ചപ്പോഴാണ് വ്രതമെടുക്കുന്ന കാര്യം വെളിപ്പെട്ടത്.
തുടർന്നായിരുന്നു നോമ്പെടുക്കാനുള്ള തീരുമാനം. കുട്ടിക്കാലത്ത് പട്ടിണിയുടെ രുചി അറിഞ്ഞിരുന്നെങ്കിലും ജലപാനം ഒഴിവാക്കിയുള്ള റമദാൻ വ്രതം പുതിയൊരു അനുഭവമായി. പൊതുരംഗത്ത് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ മുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം വ്രതശുദ്ധി കാത്തുസൂക്ഷിക്കുന്നത് അനുഭവിച്ചറിയാനായി. റമദാൻ വ്രതാനുഷ്ഠാനം കുറച്ച് കടുപ്പമേറിയതാണ്. എന്നാൽ, ആരോഗ്യപരമായി ഏറെ ഫലം ലഭിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ആദ്യകാലങ്ങളിൽ കുടുംബങ്ങളിൽനിന്നും അടുത്തറിയുന്നവരിൽനിന്നും എതിർപ്പുകളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്നത് മാറി. അമ്മയാണ് അത്താഴമൊരുക്കി തരുന്നത്- ജയരാജൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.